ഞാൻ ഈ പ്രായത്തിൽ മേയറായിട്ടുണ്ട് എങ്കിൽ അതനുസരിച്ച് പ്രവ‍ർത്തിക്കാനും അറിയാം അതിനുവേണ്ടിയുള്ള സംവിധാനത്തിലൂടെയാണ് ഞാൻ വളർന്ന് വന്നതെന്ന് അഭിമാനത്തോടെ പറയുന്നു.. മേയ‍ർ ആര്യാരാജേന്ദ്രൻ

0
357

പ്രായക്കുറവിനെ പരിഹസിച്ചതിനെതിരെ കൗണ്‍സില്‍ യോഗത്തില്‍ പൊട്ടിത്തെറിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. എല്‍കെജി കുട്ടിയെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആക്ഷേപിച്ചതോടെയാണ് മേയര്‍ രൂക്ഷ ഭാഷയില്‍ മറുപടി നല്‍കിയത്.

ബിജെപി പ്രവര്‍ത്തകര്‍ തനിക്കെതിരെ നടത്തുന്ന സൈബര്‍ ആക്രമണത്തിനെതിരെയും യോഗത്തില്‍ വെച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് മേയര്‍ മുന്നറിയിപ്പ് നല്‍കി.
ആറ്റുകാല്‍ പൊങ്കാലയക്ക് ലോറി വാടകയ്‌ക്കെടുത്തതിലും ഭക്ഷണം വാങ്ങിയതിലും അഴിമതി നടന്നെന്ന ആരോപണം ചര്‍ച്ച ചെയ്യാനായി വിളിച്ച കൗണ്‍സില്‍ യോഗത്തിലാണ് സംഭവം. മേയര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ പരിചയമില്ലെന്ന വിമര്‍ശനം പലരും ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. മൂന്ന് മണിക്കൂറോളം അത് കേട്ടിരുന്ന മേയര്‍ക്ക് ഒടുവില്‍ ക്ഷമ നശിച്ചു.

മേയറുടെ വാക്കുകൾ……..

‘വ്യക്തമായി പറയാം. ഈ പ്രായത്തില്‍ മേയറായിട്ടുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാനുമറിയാം. അതിനു വേണ്ടിയുള്ള ഒരു സംവിധാനത്തിലൂടെയാണ് ഞാന്‍ വളര്‍ന്നു വന്നതെന്ന് അഭിമാനത്തോടെ എനിക്ക് പറയാന്‍ സാധിക്കും,’ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

ബിജെപി അംഗം കരമന അജിത്ത് ഫേസ്ബുക്കില്‍ എല്‍കെജി കുട്ടിയെന്ന് മേയറെ പരിഹസിച്ചിരുന്നു. ഇതിനും മേയര്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് മറുപടി നല്‍കി.

‘നിങ്ങളുടെ അണികളുണ്ടല്ലോ, ഫേസ്ബുക്കും വാട്‌സ് ആപ്പും ഉപയോഗിക്കുന്ന പുതിയ തലമുറയിലെ ആളുകള്‍, ഫസേബുക്കിലും വാട്‌സ്ആപ്പിലും ഇടുന്ന കമന്റുകള്‍ നിങ്ങളെ കാണിച്ചാല്‍ വീട്ടിലുള്ള അമ്മ പെങ്ങന്മാരെപോലെയാണ് ഈ മേയറെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മ വരും,’ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

ഇതോടെ മേയര്‍ മുതിര്‍ന്ന അംഗങ്ങളെപ്പോലെ ബഹുമാനിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നു. മേയറെ പിന്തുണച്ച് ഭരണ പക്ഷം എഴുന്നേറ്റു. എതിര്‍ത്ത് പ്രതിപക്ഷവും എഴുന്നേറ്റതോടെ കൗണ്‍സില്‍ യോഗം ബഹളമയമായി. എന്നാല്‍ രോഷത്തില്‍ തന്നെ ആരോപണങ്ങള്‍ക്കെല്ലാം മേയര്‍ മറുപടി നല്‍കി.

‘എന്റെ പക്വത തീരുമാനിക്കുന്നത് താങ്കളല്ല. ഈ ആറു മാസലക്കാലയളവിനിടയില്‍ നിങ്ങളോരോരുത്തരും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ എത്രയെത്ര പരാമര്‍ശങ്ങള്‍ നടത്തി. അന്നൊന്നും നിങ്ങളുടെ അമ്മയെയും പെങ്ങളെയും നിങ്ങള്‍ക്ക് ഓര്‍മ്മ വന്നില്ലേ,’ മേയര്‍ ചോദിച്ചു. പൊങ്കാല ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന ബിജെപി ആവശ്യം വോട്ടിനിട്ട് തള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here