ഞാൻ ഋതുഗാമി, ഫ്രം ടീം കാസറഗോഡ്… കേരളത്തിന്‍റെ ഒരറ്റത്ത് നിന്ന് അങ്ങേ അറ്റത്തേക്ക് യുദ്ധം ചെയ്യാന്‍ എത്തിയ ആരോഗ്യസേനാംഗത്തിന്‍റെ അനുഭവം

0
1205

തിരുവനന്തപുരം: കേരളത്തില്‍ ആദ്യം കൊറോണ കൂടുതല്‍ പടര്‍ന്നു പിടിച്ചത് കാസറഗോഡ് ജില്ലയില്‍, അതോടൊപ്പം മഹാവ്യാധികളുടെ നടുവിലും പാരസ്പര്യത്തിന്‍റെ, മാനവികതയുടെ മേന്മ മറന്ന് വഴികള്‍ കൊട്ടിയടക്കപ്പെട്ടതും കാസറഗോഡ് ജില്ലയിലെ മനുഷ്യരുടെ മുന്നിലായിരുന്നു…
മറ്റെവിടെയാണെങ്കിലും ഒറ്റപ്പെട്ടു പോകേണ്ടിയിരുന്ന ഒരു മനുഷ്യ സമൂഹത്തിന്‍റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയത് കേരള സര്‍ക്കാരിന്‍റെ ഒരു തീരുമാനമായിരുന്നു. അതാണ്‌ “കാസറഗോഡ് ലേക്ക് 26 അംഗ മെഡിക്കല്‍ ടീം തിരുവനന്തപുരത്ത് നിന്ന്, അതില്‍ ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുള്ളവര്‍ ഉണ്ടാകും, അവര്‍ കാസറഗോഡ് മെഡിക്കല്‍കോളേജ് കോവിഡ് ആശുപത്രിയാക്കും.”

അതൊരു സേനയായിരുന്നു, സ്വന്തം ജനതയെ രക്ഷിക്കാന്‍ രണ്ടും കല്പിച്ച് ഇറങ്ങിയ, സ്വന്തം വീട്ടുകാരെ ദൂരെ നിന്ന് കണ്ട് യുദ്ധഭൂമിയിലേക്ക് യാത്രപറഞ്ഞു പോയ, മൂന്നരക്കോടി മനുഷ്യരുടെ പ്രാര്‍ത്ഥനകളില്‍ ഇടംപിടിച്ച, വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല എന്ന് പറഞ്ഞു പുഞ്ചിരിയോടെ ബസ്സില്‍ കയറി മഹാവ്യാധി വന്നിറങ്ങിയ നാട്ടിലേക്ക് പോയ 26 പേരുടെ ആരോഗ്യസേന…

കേരളത്തിന്‍റെ ക്യാപ്റ്റനും ആരോഗ്യ മന്ത്രിയും പൊതുജനങ്ങളും അര്‍പ്പിച്ച വിശ്വാസത്തെ കാത്ത് സൂക്ഷിച്ചു വിജയികളായി തിരിച്ചെത്തിയ അവര്‍ അച്ചടക്കത്തോടെ ഇന്നും അവര്‍ക്ക് ക്വാറന്‍റെയിനായി അനുവദിച്ചിടത്ത് തുടരുന്നു, സ്വന്തം വീടുകളിലേക്ക് പോലും പോകാന്‍ കഴിയാതെ.. ആ സേനയിലംഗമായ തിരുവനന്തപുരം സ്വദേശി ഋതുഗാമി സത്യാനന്ദൻ പങ്കുവെച്ച അനുഭവങ്ങള്‍.

“ഞാൻ ഋതുഗാമി സത്യാനന്ദൻ”
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രെജിസ്റ്റഡ് നേഴ്സ് ആയി ജോലി നോക്കുന്നു..
കൊറോണ വാർഡിൽ ഡ്യൂട്ടി നോക്കി വരികയായിരുന്നു. ഒരു ദിവസം ഡ്യൂട്ടിക്കിടയിൽ ഒരു കാൾ വന്നു. പക്ഷെ, ഞാൻ PPE ധരിച്ചിരുന്നതിനാൽ ഫോൺ എടുത്തില്ല. ഉടനെ തന്നെ എന്‍റെ വാർഡിലുണ്ടായിരുന്ന ഹെഡ് സിസ്റ്ററിന്‍റെ ഫോണിൽ വിളി വന്നു. നഴ്സിംഗ് സൂപ്രണ്ട് ഓഫീസിൽ നിന്നായിരുന്നു, എന്നോട് സംസാരിക്കണം… അപ്പോൾ തന്നെ ഹെഡ് സിസ്റ്റർ എന്‍റെ അടുത്തേക്കെത്തി, ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു..
ഹലോ ഋതു, ഇന്ന് നീ ഡ്യൂട്ടി എടുത്തില്ലേ, നാളെ ഓഫ്‌ എടുക്കുക… എന്നിട്ട് മറ്റന്നാൾ ഞായർ രാവിലെ കാസർഗോഡിന് പോകണം, ബസ് അറേഞ്ച് ചെയ്തിട്ടുണ്ട്, ബാക്കി വിവരങ്ങൾ വഴിയേ അറിയിക്കാം…
ശരി മാഡംഎന്ന് ഞാനും.
ഇത് നടക്കുന്നതിനു 5 ദിവസം മുന്നേ ഓഫീസിൽ നിന്നും എന്നോട് കാസർഗോഡ് പോകുന്ന കാര്യത്തെ പറ്റി സൂചിപ്പിച്ചിരുന്നു, പൊന്നമ്മ മാഡം. അന്ന് എന്നെ ടീമിൽ ചേർക്കുന്നു എന്നും മാഡം പറഞ്ഞു. സന്തോഷത്തോടെ ശരി പറഞ്ഞു ഞാനിറങ്ങി…

എന്നാൽ എന്‍റെ മനസ്സിൽ അപ്പോൾ തിരുവനന്തപുരത്ത് ഇങ്ങനെ Covid സാഹചര്യം നിലനിൽക്കുമ്പോൾ കാസർഗോഡ് പോകേണ്ടി വരില്ല എന്ന് കരുതി. ഫോൺ കാൾ വന്നപ്പോൾ ഉറപ്പായി.
പിന്നീട് ഉള്ള ചിന്ത വീട്ടിൽ ഒന്ന് പോയി വീട്ടുകാരെ കണ്ടിട്ട് പോകാം എന്നുള്ളതായി, എന്തെന്നാൽ കഴിഞ്ഞ കുറെ ദിവസങ്ങളായി covid ഡ്യൂട്ടി ആയതിനാൽ ബാഗുമായി വീട്ടിൽ നിന്നിറങ്ങി മെഡിക്കൽ കോളേജ് മെന്‍സ് ഹോസ്റ്റലിൽ റൂം നമ്പർ 4 ൽ ആയിരുന്നു താമസം.
പിറ്റേന്ന് രാവിലെ കുളിക്കഴിഞ്ഞു വീട്ടിലേക്കു പോയി, വീട്ടുകാരെ അല്പം ദൂരത്തു നിന്നു കണ്ട് യാത്ര പറഞ്ഞു തിരികെ ഹോസ്റ്റലിൽ വന്നു.

ഒരുപാട് സുഹൃത്തുക്കൾ എന്നെ വിളിച്ചു പറഞ്ഞു. “നീ എന്തിനാണ് പോകുന്നത് നീ ഇവിടെ ഇപ്പോൾ ഡ്യൂട്ടി എടുത്തതല്ലേ” എന്ന്. അവർ എന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാണ്, പക്ഷെ ഞാൻ പോകാമെന്നു വാക്ക് പറഞ്ഞു എന്ന് മറുപടി എല്ലാപേരോടും പറഞ്ഞു.
അന്നുതന്നെ പോകാനുള്ളവരുടെ പേരുവിവരങ്ങൾ മെസ്സേജ് വന്നു, സന്തോഷമായി.

എനിക്ക് നല്ലപോലെ അറിയാവുന്ന 9 മെയില്‍ നഴ്സുമാർ. പരിചയ സമ്പന്നനായ ഡോക്ടർ സന്തോഷ്‌ സർന്‍റെ ക്യാപ്റ്റൻസിയും. .
ആവേശത്തോടെ പോയിവരാം എന്നായി. കൂട്ടുകാരെ പരസ്പരം രാത്രി വിളിച്ചു ആശയങ്ങൾ പങ്കുവച്ചു. പിറ്റേന്ന് രാവിലെ 8 മണിക്ക് വണ്ടി പുറപ്പെടും എന്ന അറിയിപ്പ് കിട്ടി.

ഞായർ രാവിലെ ഒപി ബ്ലോക്കിന് മുന്നിൽ നമ്മൾ സഞ്ചരിക്കാൻ പോകുന്ന KL 15 A 911 എന്ന ലോഫ്‌ളോർ ബസ് കിടക്കുന്നു. മാധ്യമ പ്രവർത്തകരുടെ വല്യ തിരക്ക്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ശർമ്മദ് സർ ഉൾപ്പടെ ഹോസ്പിറ്റലിലെ പ്രമുഖ വ്യക്തികളെല്ലാം ഉണ്ട്.
ബസ്സിൽ കയറി. കൂട്ടുകാരൊത്തു ഇരിപ്പിടം പിടിച്ചു.
ആന്നേരമറിഞ്ഞു യാത്ര തുടങ്ങുന്നത് ഷൈലജ ടീച്ചറിന്‍റെ അടുത്ത് നിന്നാണെന്ന്. അവിടെനിന്നും ബസ് സെക്രട്ടറിയേറ്റിലോട്ട് പോയി.
ടീച്ചറെ കണ്ടു, എല്ലാവരോടും ടീച്ചർ സംസാരിച്ചു.
അതുവരെ ഉണ്ടായിരുന്ന നമ്മുടെ യാത്രയുടെ ഒരു സ്വഭാവം മാറി.
സത്യത്തിൽ അപ്പോളാണ് ഞങ്ങൾ ഓരോരുത്തരും ടീം കാസറഗോഡ് എന്ന ആശയത്തിന്‍റെ പ്രസക്തി മനസിലാക്കുന്നത്.

യാത്ര തുടങ്ങി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ.

ഹരിപ്പാട് എത്തിയപ്പോൾ KSRTC ബസ് സ്റ്റേഷനിൽ ഞങ്ങൾ ഫ്രഷ് ആകാനിറങ്ങി.
ലോക്ക് ഡൌൺ ആയതിനു ശേഷം ബസ്സുകൾ ഒന്നും ഓടുന്നില്ലലോ അക്കാരണത്താൽ ആയിരിക്കും നമ്മുടെ ബസ്സിന്‍റെ ബാറ്ററി ഡൌൺ. സ്റ്റാർട്ടാകുന്നില്ല. ബസ് സ്റ്റാൻഡിലെ KSRTC മെക്കാനിക് ഉടനെ അവിടെത്തി മറ്റൊരു ബാറ്ററി മാറ്റിവച്ചു തന്നു. അന്നേരം കൊണ്ട് ഞങ്ങൾ കുറെ ചിത്രങ്ങൾ എടുത്തു, മറ്റു ടീമംഗങ്ങളെ പരിചയപ്പെട്ടു.
വീണ്ടും യാത്ര തുടർന്നു.

എറണാകുളത്തു നമുക്ക് ഉച്ചഭക്ഷണം ഒരുക്കി പോലീസുകാരും തനിമ സംഘടനയും സന്നദ്ധ പ്രവർത്തകരും, സോഷ്യൽ ഡിസ്റ്റൻസിൽ ഇലയിട്ടൊരു ഊണ്.
ഊണ് കഴിഞ്ഞ് യാത്ര തുടർന്നു.
വഴിയിൽ തൃശ്ശൂർ പോലീസിന്‍റെ ഹൃദയംഗമായ ആദരവ് ഏറ്റുവാങ്ങി, വൈകുന്നേരം കുറ്റിപ്പുറത്ത് “ഇല” എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ, സ്നേഹം ഒരിക്കലും കൊട്ടി അടയ്ക്കപെടാതിരിക്കുവാൻ വാതിലുകളില്ലാതെ പണിഞ്ഞ ആ വലിയ കെട്ടിടത്തിൽ നജീബ് കുറ്റിപ്പുറം എന്ന വലിയ മനുഷ്യന്‍റെ സ്നേഹത്തിൽ ഒരു ചായകുടി,
വീണ്ടും യാത്ര തുടങ്ങി..
8 മണിയോടുകൂടി കോഴിക്കോട് ഡിന്നർ കഴിച്ചു, പറയാതിരിക്കാൻ വയ്യ, അസാധ്യമായ രുചിയിൽ അത്താഴവും കഴിച്ചു വീണ്ടും യാത്ര തുടർന്നു.

രാത്രി 12 മണിയോടെ കാസര്കോഡിന്‍റെ അതിർത്തി പ്രവേശിച്ചപ്പോൾ തന്നെ ക്ഷമയോടെ ഉറക്കമിളച്ചു സ്നേഹത്തിന്‍റെ മധുരം ചാലിച്ച കട്ടനുമായി നമ്മളെ കാത്തു നിന്ന നാട്ടുകാരോടും കുറച്ചു സന്നദ്ധ പ്രവർത്തകരോടും, ഏറെ ക്ഷീണിതരായിരുന്നെങ്കിലും അവരുടെ സ്നേഹം സ്വീകരിച്ച്കൊണ്ട്, നന്ദി പറഞ്ഞുകൊണ്ട് നമ്മുടെ താമസ സ്ഥാലമായ ഹോട്ടൽ ഹൈവേ കാസ്റ്റിലെത്തി.

ആ യാത്രയിൽ നമുക്കേവർക്കും ഭക്ഷണവും ആശംസകളും ആത്മവിശ്വാസവുമേകിയ എല്ലാ നല്ല മനസുകൾക്കും ഉള്ള ഹൃദ്യമായ നന്ദി ഈ അവസരത്തിൽ പറഞ്ഞുകൊള്ളട്ടെ.

റൂമിലെത്തി ഫ്രഷ് ആയി കിടന്നുറങ്ങി രണ്ട് പേരടങ്ങുന്ന ടീം ആയിരുന്നു ഓരോ റൂമിലും. കാസർഗോഡ് മെഡിക്കൽ കോളേജിൽ നിന്നും മുപ്പതോളം കിലോമീറ്റർ അകലെ ആയിരുന്നു താമസസ്ഥലം

പിറ്റേന്ന് രാവിലെ തന്നെ മെഡിക്കൽ കോളേജിലോട്ട് പുറപ്പെട്ടു. അവിടെത്തിയപ്പോള്‍ കണ്ടത് പണി തീർന്നു കിടക്കുന്ന ഒരു വലിയ അക്കാഡമിക് ബ്ലോക്കും ധൃതഗതിയിൽ പണി നടന്നു കൊണ്ടിരിക്കുന്ന ഹോസ്പിറ്റൽ ബ്ലോക്കും. അക്കാഡമിക് ബ്ലോക്കിൽ ഹോസ്പിറ്റൽ ക്രമീകരിക്കാൻ തിരക്കിട്ടു പ്രവർത്തിക്കുന്ന ജില്ലാ ഭരണകൂടവും സന്നദ്ധ പ്രവർത്തകരും. കെട്ടിടം ഞങ്ങൾ ചുറ്റി കണ്ടു. പിന്നെ ഒരു ടീം മീറ്റിംഗ്. എല്ലാപേരുടെയും അഭിപ്രായങ്ങൾ മാനിച്ചുകൊണ്ടുള്ള സുതാര്യമായൊരു തീരുമാനത്തിലെത്തി. കാസർഗോഡ് മറ്റു ആശുപത്രികൾ രോഗികളാൽ നിറഞ്ഞതുകൊണ്ട് ഇന്നുതന്നെ മെഡിക്കൽ കോളേജിലെ വാർഡുകൾ സജ്ജമാക്കണം എന്ന്.

എല്ലാപേരും പണികൾ ആരംഭിച്ചു. ഞങ്ങളെ അകമഴിഞ്ഞ് സഹായിക്കാനായി കാസർഗോഡ് ഹെൽത്ത്‌ ഡിപ്പാർട്മെന്റിലെ സ്റ്റാഫുമുണ്ടായിരുന്നു. ഹെഡ് നഴ്‌സായ ശ്രീമതി. ജലജ, നഴ്സുമാരായ ലിജി സിസ്റ്റർ, രജനി സിസ്റ്റർ, ലാബ് ടെക്‌നീഷ്യന്മാരായ സൗമ്യ റഫ്നാ, ഫർമസി ചാർജുള്ള ഷാജി ചേട്ടൻ, ഫിലോമിന ചേച്ചി, PRO സാന്ദ്ര, സെക്യൂരിറ്റി സുനിൽ ചേട്ടൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുനിലേട്ടൻ പിന്നെ ക്രിസ്തു രാജ് ചേട്ടൻ, നാരായണേട്ടൻ ഒരുപാട് സന്നദ്ധ പ്രവർത്തകർ അങ്ങനെ അങ്ങനെ ഒരുപാടുപേർ…

ഒപ്പം സരിത ചേച്ചിയെ പറ്റി പറയണം, പുള്ളിക്കാരി കാസറഗോഡ് മെഡിക്കൽ കോളേജിൽ വോളണ്ടറി ജോലി നോക്കാൻ പാർട്ടി തലത്തിൽ വന്ന സ്റ്റാഫ്‌ നഴ്‌സായിരുന്നു.

നമ്മുടെ ടീം അംഗങ്ങൾ മുഴുവനും അപ്പോഴേക്കും പരസ്പരം നല്ല കൂട്ടായി കഴിഞ്ഞിരുന്നു. മികച്ച 13 ഡോക്ടർമാർ, നഴ്സിംഗ് ടീമാകട്ടെ ഒരേ വെലോസിറ്റി ഉള്ള പരിചയസമ്പന്നരായ 10 പേർ, 4 നഴ്സിംഗ് അസിസ്റ്റന്റ് ചേട്ടായിമാർ, അങ്ങനെ എല്ലാപേരുടെയും ഒത്തൊരുമയിൽ ഞങ്ങൾ ഒന്നാം ദിവസം Covid വാർഡ് 1 യാഥാർഥ്യമാക്കി…
ഉച്ചക്ക് ശേഷം ലളിതമായ ശൈലിയിലുള്ള ഒരു ക്ലാസ്സ്‌, എല്ലാ സ്റ്റാഫിനെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തുകയുണ്ടായി. നമ്മൾ ഈ ആശുപത്രിയിൽ നിന്നും പോകുന്നതുവരെ അല്ലേൽ പോയതിനു ശേഷവും ഞങ്ങളിലൊരാൾക്കു പോലും അസുഖം ബാധിക്കാതിരിക്കാൻ മുൻകൈ എടുക്കേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങളുടെ ഒരു ചർച്ചധിഷ്ടിതമായ ക്ലാസ്സ്‌..

“വൈകുന്നേരം അറിയിപ്പെത്തി, ഇന്ന് 6 Covid +ve രോഗികൾ ഈ ആശുപത്രിയിൽ അഡ്മിറ്റാകും”

അങ്ങനെ രാത്രി 7 മണിയോടെ 6 രോഗികളെ അഡ്മിറ്റ് ചെയ്തുകൊണ്ട് കാസർഗോഡിന്‍റെ സ്വപ്നമായ ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ് പ്രവർത്തനമാരംഭിച്ചു. രണ്ടാം ദിവസവും കടന്നുപോയി. മൂന്നാമത്തെ ദിവസം വാർഡ് 2 തുറയ്ക്കേണ്ട സാഹചര്യം വന്നു. കാരണം ഓരോ ദിവസം കൂടുമ്പോൾ രോഗികളുടെ എണ്ണം കൂടുന്നു 7.. 8.. 9… 10.. അങ്ങനെ.. അങ്ങനെ…
ഞങ്ങളൊരുക്കിയത് വാർഡുകളായതിനാൽ രോഗികൾക്ക് ഒറ്റപ്പെടലിന്‍റെ ബുദ്ധിമുട്ട് ഇല്ലായിരുന്നു. അവർ പരസ്പരം സംസാരിച്ചും കളികൾ പറഞ്ഞും കൂടി.

രണ്ടാമത്തെ വാർഡ് തയ്യാറാക്കാൻ നമുക്ക് ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നു. അവിടുണ്ടായിരുന്ന ഇൻഫ്രാ സ്ട്രക്ചര്‍ വച്ച് വോളെന്റിയർസ്, ഹെൽത്ത്‌ വർക്കേഴ്സിന്‍റെയും HI യുടെയും സഹായത്താൽ കട്ടിലുകൾ പിടിച്ചു കുത്തനെ നിർത്തി വഴികൾ നമുക്ക് വേണ്ടും വിധം രൂപകൽപ്പന ചെയ്ത്, Donning/ Doffing, റൂമുകൾ ഒരുക്കി നമ്മുടേതായ ശൈലിയിൽ വാർഡ് 2 തയ്യാറായി . അവിടെ കൂടുതൽ സൗകര്യങ്ങൾ ഉണ്ടായിരുന്നു ബാത്റൂമുകളും നിസ്കാരമുറിയും ഡൈനിംഗ് ഹാളുമൊക്കെ ഒരുക്കി.

നാട്ടിൽ നിന്നും പോകുമ്പോൾ മനസ്സിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകളായിരുന്നു. രോഗികൾ ആരോഗ്യപ്രവർത്തകർ പറയുന്നത് അനുസരിക്കുന്നില്ല, ജനാല വഴി പുറത്തേക്കു തുപ്പുന്നു എന്നൊക്കെ… എന്നാൽ അത്തരത്തിലുള്ള എല്ലാ ധാരണകളും മാറ്റിമറിച്ച് രോഗികൾ നമ്മളോട് പെരുമാറി. പറയുന്നതെല്ലാം അനുസരിച്ചു.
വാർഡിൽ വച്ച് ഒരു രോഗി പറഞ്ഞത്…
“കൊറോണ വന്നതിൽ എനിക്ക് വിഷമമൊന്നുമില്ല, മറിച്ച് നമ്മളൊക്കെ ഒരുപാട് സമരങ്ങൾ ചെയ്ത് നേടിയെടുത്ത നമ്മുടെ സ്വന്തം മെഡിക്കൽ കോളേജിലെ ആദ്യത്തെ രോഗി ആകാൻ കഴിഞ്ഞതിന്‍റെ അതിയായ ചാരിതാർഥ്യം മാത്രം….”
പലപ്പോളായി രോഗികളുടെ സംശയങ്ങളും ആശങ്കകളും ഞങ്ങൾ സൗമ്യമായി പരിഹരിച്ചുകൊണ്ടിരുന്നു. രോഗികളുടെ കൂട്ടത്തിൽ നമുക്ക് 3 കുട്ടികൾ ഉണ്ടായിരുന്നു . അതിൽ ഒരു 8 വയസുകാരി പെൺകുട്ടി. ഞങ്ങൾ തിരിച്ചു പോരുന്നതിന്റെ അവസാന ദിവസം കുട്ടികൾ അവരുടെ ഫോണിൽ നമ്മളുമൊത്ത് സെല്ഫി എടുത്ത് അയച്ചു തന്നു… യാത്ര പറഞ്ഞു.

15 രോഗികളെ നമ്മൾ അഡ്മിറ്റ്‌ ചെയ്തു, എന്നാൽ നമ്മളിൽ ആരുടെയും മുഖം അവർ കണ്ടിട്ടില്ല. അവർക്ക് ആകെ പരിചയമുള്ളത് നമ്മുടെ ശബ്ദങ്ങൾ ആണ്. നമ്മളുമൊത്ത് സംസാരിക്കുമ്പോൾ പോലും രോഗികൾക്ക് ഒരു കരുതൽ ഉണ്ടായിരുന്നു. നമ്മൾക്കാർക്കും രോഗം വരാതിരിക്കാൻ വേണ്ടി അവരും പരിശ്രമിച്ചു, ഒരു നിശ്ചിത അകലം പാലിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു.

ഡ്യൂട്ടി അവസാനിച്ചു പോരുന്ന ദിവസം 5 പേരെ നമുക്ക് രോഗവിമുക്തരാക്കുവാൻ സാധിച്ചു. അവരെ വീട്ടിലേക്ക് യാത്രയയച്ചിട്ടാണ് നമ്മൾ തിരിച്ചത്.

നമ്മുടെ ടീമിനെ റിലീവ് ചെയ്യുവാനെത്തിയ പ്രിയപ്പെട്ട സുഹൃത്തുക്കളടങ്ങിയ ടീം കോട്ടയത്തിനു നമ്മുടെ ടീം പ്ലാൻ നന്നായി പറഞ്ഞു പരിചയപ്പെടുത്തിയ ശേഷം അവർക്ക് ഭാവുകങ്ങളും നൽകി ഞങ്ങൾ ഇറങ്ങി .

അത്രയും ദിവസം ഞങ്ങൾക്ക് ആഹാരവും മറ്റു സൗകര്യങ്ങളും ഒരുക്കിയ സുഹൃത്ത് ശ്രീ. സുധീഷിനും ജില്ലാ ഭരണകൂടത്തിനും നന്ദി രേഖപ്പെടുത്തി, നമ്മുടെ സാരഥിയായ കൃഷ്ണേട്ടനോടും യാത്ര ചോദിച്ചു ഞങ്ങൾ യാത്ര തിരിച്ചു.
കേരളത്തിന്‍റെ ഭൂപടത്തിൽ നിന്ന് അല്ലാതെ ആദ്യമായി കാസറഗോഡിനെ നേരിട്ട് അറിഞ്ഞ സന്തോഷത്തിൽ ഞങ്ങൾ ബസ്സിൽ കയറി താമസസ്ഥലതെത്തി.

രാത്രി ടീം മീറ്റിംഗ്, അംഗങ്ങൾ പരസ്പരം അനുഭവങ്ങൾ പങ്കുവച്ച് പാട്ടും കളിയും ഒക്കെ ആയി കിടന്നുറങ്ങി..

പിറ്റേന്ന് രാവിലെ കാസർഗോഡിനു യാത്ര പറഞ്ഞു KSRTC ഗരുഡ് സ്‌കാനിയ ബസ്സിൽ യാത്ര തിരിച്ചു. തിരുവനന്തപുരത്തേക്ക്. ഇനി 14 ദിവസം ഞങ്ങൾക്ക് വീട്ടിൽ പോകാൻ കഴിയില്ല, ക്വാറന്റൈൻ സമയമാണ്.
തിരുവനന്തപുരം മൺവിളയിൽ നമുക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്, ഭക്ഷണം കുടുംബശ്രീ വക… ഓർമ്മകൾ അയവറുത്തും വീട്ടിൽ പോകാനുള്ള കാത്തിരിപ്പുമായി ഇനി പതിനാലു ദിനങ്ങൾ..

ഋതുഗാമി സത്യാനന്ദൻ, സ്റ്റാഫ്‌ നേഴ്സ്,
തിരുവനന്തപുരം മെഡിക്കൽ കോളേജ്.

ഇനിയും മരുന്ന് കണ്ടുപിടിക്കാത്ത മഹാമാരിക്ക് മുന്നില്‍ ലോകം പകച്ചു നില്‍ക്കുമ്പോഴും കേരളം തലയുയര്‍ത്തി നില്‍ക്കുന്നത് ഋതുഗാമിയുള്‍പ്പടെയുള്ള നൂറുകണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെയും മറ്റുദ്യോഗസ്തരുടെയും കരളുറപ്പോടെ അവരെ മുന്നില്‍ നിന്ന് നയിക്കുന്ന സര്‍ക്കാരിന്‍റെയും ത്യഗോജ്ജലമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തന്നെയാണെന്ന് ഇന്ന് കേരളം തിരിച്ചറിയുന്നു,
അന്നുവരെ കണ്ടിട്ടില്ലാത്ത, ഇനിയൊരിക്കലും കാണാന്‍ പോലും സാധ്യതയില്ലാത്ത നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും കയ്യില്‍ പിടിച്ച് ഇവര്‍ നടത്തുന്ന പോരാട്ടമാണ് ഒരു ജനതയുടെ ജീവന്‍ ബാക്കിവെക്കുന്നത്. 
കേരളം, അഭിമാനിക്കുന്നു നിങ്ങളോടൊപ്പം ജനിച്ചതില്‍… ജീവിച്ചതില്‍…

 

LEAVE A REPLY

Please enter your comment!
Please enter your name here