ബഹു: മന്ത്രി ശിവൻകുട്ടിയെ ട്രോളുന്നവർക്ക് മറുപടിയുമായി കെ ജി സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

0
357

രണ്ടാം പിണറായി മന്ത്രിസഭയിൽ വകുപ്പുകൾ തീരുമാനിച്ചതുമുതൽ സോഷ്യൽ മീഡിയകളിൽ ട്രോളർമാർ എന്ന് പറയാൻ കഴിയില്ല കുരുപൊട്ടി നിൽക്കുന്നവർ ശിവൻകുട്ടി എന്ന മന്ത്രിക്കെതിരെ ബാലിശമായ നടത്തുന്ന പ്രചരണങ്ങൾ ഉച്ചസ്ഥായിയിൽ എത്തുമ്പോൾ അക്ഷരം ഓൺലൈൻ എഡിറ്റർ കെ ജി സൂരജ് ചട്ടമ്പിപട്ടം കെട്ടിയൽപ്പിക്കുന്നവരോട് …. എന്നാ ട്രോളർ മാർക്കുള്ള കുറിക്കുകൊള്ളുന്ന മറുപടി ശ്രദ്ധേയമാകുന്നു.

കെ ജി സൂരജിന്റെ എഫ് ബി  പോസ്റ്റിന് പൂർണ്ണരൂപം
……………………..
ചട്ടമ്പിപ്പട്ടം കെട്ടിയേൽപ്പിക്കുന്നവരോട് …
വിദ്യാഭ്യാസ വകുപ്പ് മന്ത്രി അക്കാദമിക പണ്ഡിതനാകണമെന്ന നിലയിലെ ചിന്താപദ്ധതി അടിച്ചേൽപ്പിക്കുന്നവർ ചാതുർവർണ്യത്തിന്റെ പിന്മുറക്കാരാണ്. അധസ്ഥിതന്റെ കാതിലൂടെ ഒഴുകിയിറങ്ങേണ്ടത് ഈയം തന്നെയെന്ന ‘കുലമഹിമാതത്വമാണ് ‘ഇത്തരക്കാരുടെ (അ)ജ്ഞാനസംഹിത.
വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി സ. വി. ശിവൻകുട്ടിയുടെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നതിലെ പ്രാപ്തിയും അവധാനതയും കൂട്ടിയും കിഴിച്ചും വിചിന്തനം ചെയ്ത് ആത്മരതി കൊള്ളുന്ന ചുരുക്കം ചിലരുണ്ട്. കൈകളിൽ ഒറ്റ വീശിൽ ചൂളം കുത്തുമൊരു വള്ളിച്ചൂരൽ …. നോട്ടങ്ങളിൽ ചെറുകാടിന്റെ ‘മുത്തശ്ശി’യിലെ അധ്യാപകരെ ചൂഷണം ചെയ്ത് തിന്നു ചീർത്ത സ്ക്കൂൾ മാനേജരുടെ കണ്ണുകളിലെ അതേ വഷളൻ ഇളി. തൊഴിലാളി നേതാവ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകുകയോ ! ഛായ് മ്ലേച്ഛം !
മാർക്കിടലുകാർ നിസ്വവർഗ്ഗത്തിന്റെ മുന്നണിപ്പടയായ രണ്ടാം പിണറായി എഡിഷനിൽ നിന്നും മറ്റെന്ത്‌ ‘മഹത്വകാംക്ഷകളാണ്’ പ്രതീക്ഷിച്ചത്. മാനദണ്ഡങ്ങൾ തൊഴിലാളി – കർഷക – അധസ്ഥിത – ബഹുജന – നിസ്വപക്ഷാധിഷ്ഠിതമല്ലാതെ മറ്റെന്താകുമെന്നാണ് കൽപ്പിച്ചു കൂട്ടിയത്. ചെത്തുകാരന്റെ പുത്രൻ മുഖ്യമന്ത്രിയാകുന്നതും, തൊഴിലാളി – കർഷക – അധഃസ്ഥിത – വിദ്യാർത്ഥി – യുവജന – മഹിളാ മുന്നണികളിലേതടക്കം വിവിധ തൊഴിൽ മേഖലകളിലെ സർവ്വ സാധാരണക്കാർ മന്ത്രിമാരാകുന്നതിൽ എങ്ങനെയാണ് ഇങ്ങനെ ത്ഭുതപരതന്ത്രരാകാനാകുക.
വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ സംബന്ധിച്ച നിലയവിദ്വാൻമാരുടെ വാർപ്പു മാതൃകാ പ്രതിഷ്ഠാപനങ്ങളിൽ
സ. വി. ശിവൻകുട്ടിയെപ്പോലൊരു കറ തീർന്ന ജനകീയ തൊഴിലാളി വർഗ്ഗപ്രസ്ഥാനത്തിന്റെ നേതാവിനെ ഉൾക്കൊള്ളാനാകാത്തതിനു പിന്നിൽ പാരമ്പര്യവാദങ്ങളുടേയും ശുദ്ധി
ശാഠ്യങ്ങളുടേതുമായ മുരത്ത തൊഴിലാളിവിരുദ്ധതയുണ്ട്. അത് ജന്മി കുടിയാനോടും, നാടുവാഴി പ്രജകളോടും, ഉടമ അടിമയോടും, മുതലാളി തൊഴിലാളിയോടും ചരിത്രപരമായി പ്രകടിപ്പിച്ചുവരുന്ന അധീശത്വ പ്രവണതകളുടെ ബാക്കി പത്രമല്ലാതെ മറ്റെന്താണ്.
അവർക്ക് സ. വി ശിവൻകുട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ (മാർക്സിസ്റ്റ് ) ന്റെ സംസ്ഥാന സമിതി അംഗമാണെന്നതോ, ഇന്ത്യൻ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ മേൽവിലാസമായ സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസിന്റെ സംസ്ഥാന സെക്രട്ടറിയും സുധീർഘം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമാണെന്നതോ
എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നുവെന്നതോ പതിനെട്ട് വർഷക്കാലം കേരള സര്‍വകലാശാല സെനറ്റ് അംഗമായിരുന്നതോ
പ്രസക്തമാകുകയില്ല. ഉള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം സിറ്റി കോർപ്പറേൻ മേയർ, അഖിലേന്ത്യാ മേയേഴ്സ് കൗൺസിൽ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ തിരഞ്ഞെടുക്കപ്പെട്ടതും തിരസ്‌ക്കരിക്കുന്നതിനോ പരിഹസിക്കുന്നതിനോ മാത്രമുള്ള മാർഗ്ഗങ്ങൾ മാത്രമാകുന്നു !
സഹനങ്ങൾ.. സമരങ്ങൾ
തൊഴിൽ മേഖലകളിലെന്നപോലെ വിദ്യാഭ്യാസ രംഗത്തടക്കം നടന്നുവരുന്ന കോർപ്പറേറ്റ് അനുകൂല വലതുപക്ഷ നയങ്ങൾക്കെതിരായ കരുത്തൻ സമരങ്ങളുടെ ഉശിരൻ നേതൃത്വമായിരുന്നു സ. വി ശിവൻകുട്ടി. സ്വകാര്യ പ്രൈമറി സ്‌കൂളുകൾ പ്രവേശനത്തിന് വന്‍ കോഴ വാങ്ങുന്നതിനെതിരായ സമരം, തലസ്ഥാനത്തെ ഒരു സ്വകാര്യ സ്‌കൂളില്‍ വന്ദന എന്ന വിദ്യാര്‍ത്ഥിനിയെ മനപൂര്‍വം പരാജയപ്പെടുത്തിയതില്‍ മനംനൊന്ത് അമ്മ രമണി മേനോന്‍ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ചു നടന്ന സമരം, റാംഗിഗിനെതിരെ എഞ്ചിനീയറിംഗ് കോളേജുകളില്‍ നടന്ന സമരം, പ്രീഡിഗ്രി ബോര്‍ഡ് സമരം, പ്രീഡിഗ്രി – ഡിഗ്രി ഫലങ്ങളിലെ വന്‍ അപാകതയില്‍ പ്രതിഷേധിച്ച് സർവ്വകലാശാലയ്ക്കു മുന്നില്‍ ദിവസങ്ങൾ നീണ്ടു നിന്ന നിരാഹാര സമരം, വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ നടന്ന വിവിധ സമരങ്ങൾ അങ്ങിനെ പാവപ്പെട്ട വിദ്യാർത്ഥികളുടെ അവകാശ സംരക്ഷപ്പോരാട്ടങ്ങളുടെ നെടുനായകത്വമെന്ന നിലയിൽ പൊലീസ് ലാത്തിചാർജ്ജും വിവിധ ഘട്ടങ്ങളിലായി ജയിൽ വാസവുമനുഷ്ഠിച്ച ത്യാഗസുരഭിലമായ ചരിത്രമാണ് വിദ്യാഭ്യാസ വകുപ്പ് ഭരിക്കാൻ എന്തുയോഗ്യതയെന്ന് കോർപ്പറേറ്റ് അനുകൂലികൾ പരിഹസിക്കുന്ന സ. വി. ശിവൻകുട്ടിക്കുള്ളത്.
ട്രോളിയവർ കേട്ടാട്ട്
സ. വി. ശിവൻകുട്ടി പ്രസിഡന്റായിരിക്കുമ്പോഴാണ് ഉള്ളൂർ പഞ്ചായത്ത് ജില്ലയിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കാലയവിലാണ് ആക്കുളം ടൂറിസ്റ്റ് കേന്ദ്രം ആരംഭിക്കുകയും ഇരുപതോളം പട്ടികജാതി വിഭാഗത്തിലെ യുവതികൾക്ക് തൊഴിൽ ലഭ്യമാകുകയും ചെയ്തത്. വനിതകൾ ഡ്രൈവ് ചെയ്യുന്ന ബോട്ട് സർവ്വീസ് പ്രസ്തുത പദ്ധതിയുടെ ഭാഗമായി പ്രാരംഭം കുറിക്കപ്പെട്ടതാണ്. അദ്ദേഹം
തിരുവനന്തപുരം മേയര്‍ ആയിരുന്ന കാലയളവിലാണ് ഏറെ സവിശേഷമായ നഗരശുചീകരണ ബോധവല്‍ക്കരണത്തിലൂന്നിയ ”ക്ലീന്‍ സിറ്റി – ഗ്രീന്‍ സിറ്റി” ,ഹരിത നഗരം പരിസ്ഥിതി സൗഹൃദ ശുചീകരണ പദ്ധതി, സമ്പൂര്‍ണ്ണ കൊതുക് നിവാരണ പരിപാടിയായ ഗുഡ്‌ബൈ മൊസ്‌ക്വിറ്റോ, 9 കോടി ചെലവഴിച്ച് ബി ഒ ടി വ്യവസ്ഥയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങി വിവിധങ്ങളായ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കപെട്ടത്. കെട്ടിട നിര്‍മ്മാണത്തിനായുള്ള വണ്‍ ഡേ പെര്‍മിറ്റ് നടപ്പിലാക്കിയതും ഇതേ കാലയളവിലാണ്. നഗരസഭയുടെ സ്വത്തുവകകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വ്യക്തി കയ്യേറി കൈവശം വച്ചിരുന്ന ശംഖുംമുഖം തെക്കേ കൊട്ടാരം നഗരസഭയ്ക്കുവേണ്ടി ഒഴിപ്പിച്ചു തിരിച്ചുപിടിച്ചതിനും അനധികൃത നിര്‍മ്മാണങ്ങള്‍, കയ്യേറ്റങ്ങള്‍ എന്നിവകൾക്കെതിരെ മേയർ എന്ന നിലയിൽ ഒത്തുതീർപ്പുകളില്ലാത്ത നിലപാടുകൾ സ്വീകരിച്ചു എന്നതിന്റെ പേരിലും ഗുണ്ടാ ആക്രമണ ഭീഷണി ഉള്‍പ്പെടെയാണ് അദ്ദേഹത്തിന് നേരിടേണ്ടിവന്നത്. 15 എം.എല്‍.ഡി ശുദ്ധജല വിതരണം നടത്തുവാന്‍ ശേഷിയുള്ള തൃക്കണ്ണാപുരം ശുദ്ധജല വിതരണ പദ്ധതി സ്ഥാപിച്ചത്, രാജ്യത്ത് ഒരു നഗരസഭാ മേഖലയില്‍ ആദ്യമായി സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ പാല്‍ വിതരണം നടത്തുന്ന പദ്ധതി നടപ്പിലാക്കിയത്, തലസ്ഥാന നഗരത്തിലെ കോട്ടണ്‍ഹില്‍, എസ്. എം.വി, മണക്കാട്, പട്ടം തുടങ്ങിയ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയത്, തിരുവനന്തപുരം നഗരസഭാ കാര്യാലയത്തോടനുബന്ധിച്ച് കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്റര്‍ സ്ഥാപിച്ചത്, സംസ്ഥാനത്തെ തന്നെ നഗരസഭകളില്‍ ഏറ്റവും ബൃഹത്തായ കമ്പ്യൂട്ടര്‍ പരിശീലന സ്ഥാപനമായി മാറ്റിയത്, സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ആരംഭിച്ച ഫ്രണ്ട്‌സ് ജനസേവനകേന്ദ്രം, ജനകീയാസൂത്രണം, പട്ടികജാതി/മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യഭവനപദ്ധതി ആരംഭിച്ചത്, കാഞ്ഞിരംപാറ, കൊക്കോട് ലാറ്റക്‌സ്, ആറന്നൂര്‍ – പട്ടികജാതി കോളനികളുടെ പുനരുദ്ധാരണം, കരിമഠം കോളനി നിര്‍മ്മാണം
തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കിയത്, മൊബൈല്‍ ഡയബറ്റിക് യൂണിറ്റ്, പേട്ടയില്‍ പാവപ്പെട്ടവര്‍ക്കായുള്ള
മെഡിക്കല്‍ ലബോറട്ടറി എന്നിവ ആരംഭിച്ചത്,
എം.എല്‍.എ എന്ന നിലയില്‍ ഐരാണിമുട്ടം ഗവ. ആശുപത്രി നൂറ്
കിടക്കകള്‍ ഉള്ള ആതുരാലയമായി വികസിപ്പിച്ചത്,
കാലടി വോളിബോള്‍ കോര്‍ട്ട് നിര്‍മ്മിച്ച് അത് ഫ്‌ളഡ് ലിറ്റ് ആക്കിമാറ്റിയത്, 23 വര്‍ഷമായി മുടങ്ങിക്കിടന്ന ജി.വി രാജ ഫുട്‌ബോള്‍ ടൂര്‍ണ മെന്റ പുനരാരംഭിച്ചത്, കരമന റിക്രിയേ ഷന്‍ ക്ലബിന് ഒരു വുഡന്‍ ഷട്ടില്‍ കോര്‍ട്ട് നിര്‍മ്മിച്ചു
നല്‍കിയത്, നെടുങ്കാട് ഗവ. സ്‌കൂളിന് ഒരു സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിച്ചു നല്‍കിയത്, വാഴമുട്ടം, തിരുവല്ലം, കൊഞ്ചിറവിള, നെടുങ്കാട്, മണക്കാട്, കാലടി, അമ്പലത്തറ, പൂജപ്പുര, ബി.എന്‍.വി സ്‌കൂള്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍ക്ക് ബസുകള്‍ വാങ്ങി നല്‍കിത്, പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ പുതിയ പേ-വാര്‍ഡ് ബ്ലോക്ക് കെട്ടിടവും റിസര്‍ച്ച് സെന്ററും സ്ഥാപിച്ചത്, തൈയ്ക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ 12 കോടിയുടെ വിവിധ വികസന
പദ്ധതികള്‍ നടപ്പിലാക്കിത്, ആറ്റുകാല്‍ ടൗണ്‍ഷിപ്പ് പദ്ധതി ആരംഭിച്ചത്, ഭക്തജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന ആറ്റുകാല്‍ പാലം 7കോടി രൂപ ചെലവഴിച്ച് യാഥാര്‍ത്ഥ്യമാക്കിയത്,
സ്വകാര്യ വ്യക്തിയുടെ വന്‍ അനധികൃത കെട്ടിടം പൊളിച്ചുമാറ്റി, പട്ടികജാതിയിലുള്‍പ്പെടെയുള്ള പാവപ്പെട്ട ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജഗതി ബണ്ട് കോളനിയെ വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്നും മുക്തമാക്കിയത്, തലസ്ഥാന നഗരത്തിലെ വെള്ളപ്പൊക്ക നിവാരണ പദ്ധതികള്‍ നടപ്പിലാക്കുന്നത് ഊര്‍ജ്ജിതമാക്കിയത്, കല്ലടി മുഖത്ത് ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനായി 12 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയത്, മേയര്‍ ആയിരുന്ന കാലഘട്ടത്തില്‍ കൂറുമാറ്റ – കാലുമാറ്റ നിയമം ആദ്യമായി തിരുവനന്തപുരം നഗരസഭയിൽ നടപ്പിലാക്കിയത്, കിലെ ചെയര്‍മാനായിരുന്ന കാലയളവിൽ സംസ്ഥാനത്തെ തൊഴിലാളികളുടെ കുട്ടികൾക്കായി
തിരുവനന്തപുരത്ത് ഐ എ എസ് അക്കാഡമി ആരംഭിച്ചത് തുടങ്ങി വിദ്യാഭ്യാസ – തൊഴിൽ മേഖലകളിലൂന്നി സർവ്വസാധാരണക്കാരായ മനുഷ്യരുടെ ജീവിതനിലവാരമുയർത്താൻ സ. വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന വികസന – ക്ഷേമ പ്രവർത്തനങ്ങൾ അപഹസിക്കുന്നവർ അടക്കം ആസ്വദിക്കുന്നവയാണ്.

തിണ്ണമിടുക്ക്.. മസിൽ പവർ !
തൊഴിലാളി നേതാവെന്നാൽ തിണ്ണമിടുക്കും മസിൽ പവർ പ്രകടനവുമാണെന്ന നിലയിലെ പൊതുബോധം വ്യാജമായ് നിർമ്മിച്ചെടുക്കുന്നതിൽ വലതുപക്ഷം കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സോളാർ സമരവുമായി ബന്ധപ്പെട്ട് സഭയ്‌ക്കുള്ളിലും പുറത്തും ഇടതുപക്ഷ ജനാധിപത്യമുന്നണി നടത്തിയ സമരങ്ങളുടെ ഭാഗമായി വി ശിവൻകുട്ടി നടത്തിയ ഇടപെടലുകളെ മുൻനിർത്തി പരിഹാസ ചിത്രങ്ങൾ വീശിയടിക്കുന്നവർ ചരിത്രത്തിലേക്ക് കണ്ണോടിക്കണം.
വിദ്യാഭ്യാസക്കച്ചവടത്തിനും സ്വകാര്യവത്ക്കരണത്തിനുമെതിരായ എണ്ണിയാലൊടുങ്ങാത്ത സമരങ്ങളിലൂടെ സാധാരണക്കാരന്റെ പഠിയ്ക്കുവാനുള്ള ജനാധിപത്യാവകാശത്തെ മുണ്ടുമടക്കി സംരക്ഷിച്ച അനുഭവങ്ങളുടെ തീഷ്ണകാലം തെളിഞ്ഞു വരും.

പൂട്ട്…. പൂട്ടേയ്
ചരിത്രത്തെ അവകാശ സമരപോരാട്ടങ്ങൾക്കായി വ്യാഖ്യാനിയ്ക്കുകയും പ്രയോഗിക്കുകയും ചെയ്ത അതേ മനുഷ്യൻ ഇനി മുതൽ കേരളത്തെ ജ്ഞാനസമൂഹമായും അതിനുതകുന്ന തരത്തിലുള്ള വികസന മാതൃകകള്‍ സഫലമാകുന്ന നാടായും രൂപപ്പെടുത്തുന്നതിനുള്ള സ. പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ വിദ്യാഭ്യാസ നയം വീഴ്ചകളില്ലാതെ നടപ്പിലാക്കാൻ നിയമനിർമ്മാണം നടത്തും. ട്രോളുകൾ പടച്ചുവിടുന്ന വിദ്യാഭ്യാസക്കച്ചവടക്കാരേ … പൊതുവിദ്യാഭ്യാസ വിരുദ്ധരേ … .കേരളത്തിൽ അവശേഷിച്ചിരുന്ന ഒരേ ഒരു ബി ജെ പി അക്കൗണ്ട് പൂട്ടിക്കെട്ടിയതുപോലെ നിങ്ങൾക്കുമേലുമിതാ പൂട്ടൊരെണ്ണം കാത്തിരിക്കുന്നു. ….ജാഗ്രതൈ ..

LEAVE A REPLY

Please enter your comment!
Please enter your name here