കേരളത്തിന്‍റെ അഭിമാനം വാനോളമുയര്‍ത്തി സത്യപ്രതിജ്ഞ വേളയിലെ വിര്‍ച്വല്‍ കേരള ഗീതാഞ്ജലി

0
390

കേരളത്തിന്‍റെ പ്രതീക്ഷകളെയും ജനങ്ങളുടെ അഭിമാനത്തെയും വീണ്ടും ഉയര്‍ത്തിപ്പിടിച്ച് പിണറായി സര്‍ക്കാര്‍ രണ്ടാമൂഴത്തിലേക്ക് ചുവട് വെച്ചപ്പോള്‍ മുഴുവന്‍ ജനങ്ങളെയും ആവേശത്തിന്‍റെ കൊടുമുടിയില്‍ എത്തിച്ച് സത്യപ്രതിജ്ഞ വേളയിലെ കേരള ഗീതാഞ്ജലി.

ഉള്ളടക്കത്തിലെ ഓരോ വരിയും വാക്കും കേരളത്തിന്‍റെ ചരിത്രമായിരുന്നു, കേരളം നടന്നു കയറിയ നന്മകള്‍ ആയിരുന്നു. മതനിരപേക്ഷതയും അഖണ്ഡതയും കാത്ത് സൂക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല എന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ച ഒരു സര്‍ക്കാരിന് അതിലും മികച്ച വിജയവുമായി രണ്ടാമൂഴം നല്‍കിയ ജനതക്ക് കണ്ണും മനവും നിറച്ച ഉപഹാരമായി കേരള ഗീതാഞ്ജലി.

മഹാന്മാരും പ്രശസ്തരുമായ 54 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ വെര്‍ച്വലായി ആയിരുന്നു അവതരണം. മഹാനടന്‍ മമ്മൂട്ടിയുടെ അവതാരികയോടെ മലയാളിയുടെ ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിന്‍റെ മാന്ത്രിക ശബ്ദത്തിലായിരുന്നു സംഗീത വിരുന്നിന്‍റെ ആരംഭം.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി അത്യപൂര്‍വ്വ സംഗീതാവിഷ്‌കാരത്തില്‍ ഡോ. കെ.ജെ. യേശുദാസ്, എ.ആര്‍. റഹ്മാന്‍, ഹരിഹരന്‍, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാര്‍, ശങ്കർ മഹാദേവൻ, അംജത് അലിഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, മോഹന്‍ലാല്‍, ജയറാം, കരുണാമൂര്‍ത്തി, സ്റ്റീഫന്‍ ദേവസ്യ, ഉണ്ണിമേനോന്‍, ശ്രീനിവാസ്, ഉണ്ണികൃഷ്ണന്‍, വിജയ് യേശുദാസ്, മധുബാലകൃഷ്ണന്‍, ശ്വേതാമോഹന്‍, ഔസേപ്പച്ചന്‍, എം. ജയചന്ദ്രന്‍, ശരത്, ബിജിബാല്‍, രമ്യാനമ്പീശന്‍, മഞ്ജരി, സുധീപ്കുമാര്‍, നജിം അര്‍ഷാദ്, ഹരിചരന്‍, മധുശ്രീ, രാജശ്രീ, കല്ലറ ഗോപന്‍, അപര്‍ണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണൻ, രഞ്ജിനി ജോസ് ,പി കെ മേദിനി ,മുരുകൻ കാട്ടാക്കട എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടര്‍ഭരണത്തിന് സംഗീതത്തിലൂടെ ആശംസകളേകിയത്.

പ്രസിദ്ധ ചലച്ചിത്ര സംവിധായകന്‍ ടി.കെ. രാജീവ്കുമാറാണ് ആശയാവിഷ്‌കാരം നിര്‍വഹിച്ചത്. രമേശ് നാരായണന്‍ സംഗീതം ചിട്ടപ്പെടുത്തി. ആർ എസ് ബാബു ആണ് പ്രോജക്ട് കോഡിനേറ്റർ. മണ്‍മറഞ്ഞ കവികളുടേതിന് പുറമെ പ്രഭാവര്‍മ്മ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികളും ഉപയോഗിച്ചു.

ഇ.എം.എസ് മുതല്‍ പിണറായിവരെയുള്ളവര്‍ നയിച്ച സര്‍ക്കാരുകള്‍ എങ്ങനെ കേരളത്തെ മാറ്റുകയും വളര്‍ത്തുകയും ചെയ്തു എന്ന് വിളംബരം ചെയ്യുന്നതാണ് ഈ സംഗീത ആല്‍ബം. ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീത ആല്‍ബം മലയാളത്തില്‍ ആദ്യത്തേതാണ്.

ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള മീഡിയ അക്കാദമിയുമാണ്.

മഹാമാരിയുടെ കാലത്ത് അവരവരുടെ വീടുകളില്‍ ഇരുന്നു സത്യപ്രതിജ്ഞ കാണുക എന്ന ഉത്തരവാദിത്വം നന്നായി നിറവേറ്റിയ ജനങ്ങള്‍ക്ക് ലഭിച്ച അപ്രതീക്ഷിത സമ്മാനമായി ഗീതാഞ്ജലി.



LEAVE A REPLY

Please enter your comment!
Please enter your name here