ഭരതൻ ഇല്ലാത്ത 22 വർഷങ്ങൾ

0
405

ഭരതൻ ഇല്ലാത്ത 22 വർഷങ്ങൾ

മലയാളസിനിമയിലെ      പകരം  വയ്ക്കാനില്ലാത്ത സവിധായകനായ  ഭരതന്‍    നമ്മേ  വിട്ടു പിരിഞ്ഞിട്ട്  ഇന്ന്  22   വര്‍ഷം   പിന്നിടുകയാണ്.   പെണ്ണിന്‍റെ ചൂടിനും    ചൂരിനും  സ്വപ്നങ്ങള്‍ക്കും  സംഗീതമുണ്ടായിരുന്നു  എന്ന്  നമ്മെ  പഠിപ്പിച്ച   കലാകാരന്‍. വള്ളുവനാടിനെയും   നിളയേയും  ജീവന്  തുല്യം  സ്നേഹിച്ച   ഭരതന്‍   അഭ്രപാളിയില്‍ കൊത്തിവച്ച  ചലചിത്രശില്‍പ്പങ്ങള്‍ക്കെല്ലാം ഒരു   ചിത്രകാരന്‍റെ   കൈയൊതുക്കം   കൂടിയുണ്ടായിരുന്നു. ഭരതന്‍റെ  മനസ്സ്  നിറയെ  കടുത്ത   ചായകൂട്ടുകളില്‍   വരച്ച് വച്ച   കഥകളായിരുന്നു. ഒരു  ചിത്രകഥയിലെന്നപോലെ  നമ്മെ  മറ്റൊരു  മാസ്മര  ലോകത്തെത്തിക്കുന്ന  കഥകള്‍.  പ്രകൃതിയുടെ   സൌന്ദര്യവും   പെണ്ണിന്‍റെ  താരുണ്യവും   ലയിച്ചു  ചേരുന്ന   എത്രയോ   സിനിമകള്‍. അടുത്തിടെ   അന്തരിച്ച പ്രശസ്ത  ഛായാഗ്രാഹകന്‍   രാമചന്ദ്ര  ബാബു   ‘സെല്ലുലോയിഡ്  സ്വപ്നാടകന്‍’    എന്ന   തന്‍റെ  പുസ്തകത്തില്‍   ഭരതനുമൊത്തു    വെങ്കലം  എന്ന   ചിത്രത്തില്‍   പ്രവര്‍ത്തിച്ച  അനുഭവം    വിശദമായി  തന്നെ  വിവരിക്കുന്നുണ്ട്.

” 1982 ല്‍ ഭരതനുമൊത്ത് മര്‍മ്മരം ചെയ്തതിന് ശേഷം10 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിച്ചേരല്‍ വ്യത്യസ്തതയുടെ മാറ്റുരയ്ക്കല്‍ ആകണമെന്ന് ഭരതനും രാമചന്ദ്രബാബുവും തീരുമാനിച്ചിരുന്നു. ഓരോ ഫ്രെയിമുകളും വ്യകതമായ പ്ളാനിങ്ങില്‍ മുന്നോട്ട് പോയി.മൂശാരിയുടെ വീടും പണിപ്പുരയും പരമ്പരാഗതമായ രീതിയില്‍ തന്നെ ഭാരതപ്പുഴയുടെ തീരത്ത് ഉണ്ടാക്കിയെടുത്തു.ആലയില്‍ ഉരുകുന്ന വെങ്കലത്തിന്റെ രൂക്ഷമായ ചൂട് കാമറയിലേക്ക് പകര്‍ന്നെടുത്തു. ലോഹത്തിന്റെ അതിതീഷ്ണമായ ചൂട് ചിത്രീകരണത്തിന് തടസ്സമായി നിന്നിട്ടുണ്ട്.കാമറ ആലയ്ക്ക് പുറത്ത് വെച്ചാണ് പലപ്പോഴും ഷൂട്ട് ചെയ്യേണ്ടി വന്നത്.കാമറയില്‍ റെക്കോഡ് ചെയ്യുമ്പോള്‍ മാത്രമേ കവചമായി വെച്ച കട്ടറുകള്‍ മാറ്റാറുള്ളൂ.വെന്തുരുകുന്ന ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ മുരളിയും മനോജും വെള്ളമെടുത്ത് മുഖത്തും ശരീരത്തിലും വെപ്രാളത്തോടെ തളിക്കും.ഇത് ചിത്രത്തിലെ കഥാപാത്രങ്ങള്‍ ചെയ്യുന്നതായി ഷൂട്ട് ചെയ്തു.ലൈറ്റ് മീറ്റര്‍ വെച്ച് റീഡിങ്ങ് എടുക്കാന്‍ പ്രയാസമായതിനാല്‍ ഏകദേശ ധാരണയില്‍ കാമറയില്‍ ലൈറ്റ് സെറ്റ് ചെയ്തിരുന്നു. വീടിന്റെയും ആലയുടെയും പരിസരം എപ്പോഴും പുകഞ്ഞുകൊണ്ടിരിക്കും.കഥാപാത്രങ്ങളുടെ ബാക് ഗ്രൗണ്ടില്‍ ഈ പുക ഒരലങ്കാരമായി മനപ്പൂര്‍വ്വം സ്രഷ്ടിച്ചെടുത്തു. വളരെ നീളമുള്ള ഷോട്ടുകളാണ് ഈ ചിത്രത്തില്‍ ഉപയോഗിച്ചത്.അതിന് മുഷിപ്പില്ലാതെ പ്രത്യേക ചാരുത നല്‍കുന്നുണ്ട്. കഥാപാത്രങ്ങളെയും കഥാപരിസരങ്ങളെയും പ്രേക്ഷകരിലേക്ക് വൈകാരികമായി സന്നിവേശിപ്പിക്കണമെങ്കില്‍ ഇടയ്ക്ക് വെച്ച് മുറിക്കാതെ നീളമുള്ള ഷോട്ടുകള്‍ ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഭരതന്‍ പറയും.

ഇത്തരം  ദൈര്‍ഘ്യമേറിയ ഷോട്ടുകളില്‍ അഭിനയിക്കുകയായിരുന്ന എം എസ് തൃപ്പൂണിത്തുറ പുലിവാലു പിടിച്ചു.നീണ്ട ഡയലോഗുകള്‍ എം എസിനെ വല്ലാതെ കുഴക്കി.തുടക്കത്തില്‍ അദ്ദേഹം വളരെ അസ്വസ്ഥനായി എങ്കിലും സ്വതസിദ്ധമായ രീതിയില്‍ അദ്ദേഹം പിന്നീടത് കൈകാര്യം ചെയ്തു. വേനലിന്റെ കൊടും ചൂടിലാണ് ആലയിലെ ചിത്രീകരണം.സൂര്യന്‍ ചുട്ടുപൊള്ളുന്നു.ആലയുടെ ഓലയെല്ലാം കരിഞ്ഞുണങ്ങിത്തുടങ്ങിയിരുന്നു. പെട്ടന്നാണ് തീ പടര്‍ന്നത്.ആല കത്തിച്ചാമ്പലാകാന്‍ പോകുന്നു.ലൊക്കേഷനിലെ ആളുകള്‍ മുഴുവന്‍ നാലുപാടും വെള്ളത്തിനായി ഓടി. പക്ഷെ എവിടെയും വെള്ളം കിട്ടിയില്ല.ഏതാണ്ട് ഒരുച്ചസമയമായിരുന്നു അത് തീ കെടുത്താന്‍ ഒന്നും കിട്ടാത്തതിനാല്‍ വിളറി പൂണ്ട ചിലര്‍ ഭക്ഷണ പാത്രത്തില്‍ കൈ വെച്ചു.നോക്കിയപ്പോള്‍ വലിയ പാത്രങ്ങള്‍ നിറയെ രസം,മോര്,സാമ്പാര്‍ എന്നിവ.ഒന്നും ആലോചിച്ചില്ല.കത്തിപ്പടരുന്ന തീയ്യിലേക്ക് എടുത്തൊഴിച്ചു.രസത്തിന്റെയും മോരിന്റെയും സാമ്പാറിന്റെയും രസം പിടിച്ചാണോ എന്തോ അപ്പോഴേക്കും തീ അണഞ്ഞു.അന്ന് ലൊക്കേഷനില്‍ എല്ലാവരും പട്ടിണിയിലായി ഷൂട്ടിങ്ങിനിടയിലെ മറ്റൊരു ദിവസം ലൊക്കേഷനിലേക്ക് പോലീസ് വന്നെത്തി.ഉടന്‍ ഷൂട്ടിങ്ങ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു.ഡാം പൊട്ടിയിരിക്കുന്നു.ഭാരതപ്പുഴയില്‍ വെള്ളം നിറഞ്ഞുകൊണ്ടിരിക്കുകയാണ്.ഇനി ഈ തീരത്ത് ഷൂട്ട് തുടര്‍ന്നാല്‍ അപകടമാണെന്ന്മുന്നറിയിപ്പ് തന്നു.

നേരത്തേ വെറും ചെറിയ ചാലുകളായി ഒഴുകിക്കൊണ്ടിരുന്ന ഭാരതപ്പുഴ പത്ത് അടിയോളം പൊക്കത്തില്‍ വെള്ളം ഉയര്‍ന്നിരിക്കുന്നു.പുഴയിലൂടെ വന്‍ മരങ്ങളൊക്കെ ഒലിച്ചുവരാന്‍ തുടങ്ങി.മാത്രമല്ല ഒരു ആനക്കുട്ടിയും പുഴയിലേക്ക് ഒലിച്ചു പോയതായി വിവരം കിട്ടി.സെറ്റിലെ എല്ലാവരും സ്ഥലം വിടാന്‍ തുടങ്ങി.രാമചന്ദ്രബാബുവും ഭരതനും പുഴയുടെയും ഒഴുക്കിന്റെയും പല ഷോട്ടുകളും കാമറയില്‍ പകര്‍ത്തി.പല നല്ല ഷോട്ടുകളും അതില്‍ ഉണ്ടായിരുന്നു.പക്ഷെ അതൊന്നും പിന്നീട് സിനിമയില്‍ ഉപയോഗിക്കാന്‍ പറ്റിയില്ല.സിനിമയിലെ കഥയുമായി ചേരാത്തതിനാല്‍ അതൊക്കെ ഒഴിവാക്കേണ്ടി വന്നു. വിഗ്രഹനിര്‍മ്മാണത്തിനായി അക്കരെ ദേശത്ത് നിന്ന് ക്ഷേത്രഭാരവാഹികള്‍ പ്രായം  ചെന്ന, പരിചയസമ്പന്നരായ മൂശാരി ഗോപാലനെയും മൂശാരി ഉണ്ണികൃഷ്ണനെയും അന്വേഷിച്ചെത്തുന്നു.പക്ഷെ അവര്‍ കണ്ടത് ചെറുപ്പവും പ്രസരിപ്പുള്ളതുമായ രണ്ട് ചെറുപ്പക്കാരെയാണ്.അവരില്‍ സംപ്രീതരായ ക്ഷേത്രഭാരവാഹികള്‍ വിഗ്രഹമെന്ന വലിയ ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നു.ഈ ദൗത്യത്തിനിടയിലാണ്ഗോപാലന്റെ കുടുംബത്തില്‍ താളപ്പിഴകള്‍ ഉണ്ടാകുന്നത്.

അനുജനെയും ഭാര്യയെയും സംശയത്തിന്റെ നിഴലിലാക്കി സ്വയം ഭ്രമാത്മകമായ ലോകത്തെത്തുന്ന ഗോപാലന്‍ കുലത്തൊഴില്‍ പോലും തന്നില്‍ നിന്നും അകന്നുപോയിത്തുടങ്ങി എന്നറിയുമ്പോള്‍ പകയോടെ വീണ്ടും വിഗ്രഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെടുകയാണ്.അതിന്റെ പൂര്‍ത്തീകരണത്തിന് ശേഷം കരു പൊട്ടിക്കുന്ന രാത്രിയില്‍ അയാള്‍ രണ്ട് ജനനങ്ങളുടെ ഇടയില്‍ വിജ്രംഭിതനായി നില്‍ക്കുന്നു. രണ്ട് ദേവിമാര്‍ ഭൂമിയില്‍ ഉദയം ചെയ്യുന്നതായി അയാള്‍ക്ക് അനുഭവവേദ്യമാകുന്നു.ഒന്നു ദൈവത്തിന്റെ പ്രതീകമായും മറ്റൊന്ന് തന്റെ രക്തത്തില്‍ പിറക്കുന്ന പുതിയൊരു നാമ്പായും.ചിത്രത്തിലെ നിര്‍ണ്ണായകമായ രംഗമാണത്.കരു പൊട്ടിച്ച് ദേവിയുടെ വിഗ്രഹം പുറത്തെടുക്കുന്ന ദ്രശ്യം ഭംഗിയുള്ളതാവണം.അതിന് വേണ്ടി വിഗ്രഹത്തിന് പുറത്ത് ഉണ്ടാക്കിയ മോള്‍ഡിനകത്ത് ചെറിയ ബള്‍ബ് ഫിറ്റ് ചെയ്തു.അകത്തും ബാക് ഗ്രൗണ്ടിലും പുകയുടെ സാന്നിദ്ധ്യം ഉണ്ടാക്കി.ഗോപാലന്‍ കരു പൊട്ടിച്ച് വിഗ്രഹം പുറത്തെടുക്കുമ്പോള്‍ വര്‍ണ്ണപ്രഭവിതറുന്നതായിട്ടാണ്ചിത്രീകരിച്ചത്.ഈ ദ്രിശ്യങ്ങള്‍ ചിത്രത്തില്‍ ഏറെ മികച്ചു നിന്നു. ‘ഒത്തിരി ഒത്തിരി മോഹങ്ങള്‍ കതിരിട്ട’ എന്നു തുടങ്ങുന്ന ഗാനം നാടകത്തിലെ പാട്ട് സീന്‍ ആണ്.മനോജ് കെ ജയനാണ് രംഗത്ത്.ചെറുതുരുത്തിയില്‍ ആണ് ഷൂട്ട്. ഗ്രൗണ്ടില്‍ സ്റ്റേജ് സെറ്റ് ചെയ്ത് നാടകം കാണുന്ന ജനാവലിയെ ഉള്‍പ്പെടുത്തിയും അതില്ലാതെയും ഭാഗങ്ങള്‍ ചിത്രീകരിച്ചു.

പി ഭാസ്‌കരന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ ചിത്രത്തിന്റെ കഥയ്ക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് എഴുതിയത്.നാടിന്റെ ആചാരാനുഷ്ഠാനങ്ങളെയുംഓരോ നാട്ടുപേരുകളെയും ഉള്‍പ്പെടുത്തിദേശത്തിന്റെ സ്വത്വത്തെ ആവാഹിച്ചെഴുതാന്‍ ഭാസ്‌കരന്‍ മാസ്റ്റര്‍ക്കല്ലാതെ മറ്റാര്‍ക്ക് പറ്റും? മാനത്ത് രാത്രിയില്‍ പുളളി പുലിക്കളി മായന്നൂര്‍ കാവില്‍ പാവക്കൂത്ത് വില്ല്വാദ്രി നാഥനും,കല്ലടിക്കോട്ട് നിന്നുള്ള കല്ല്യാണവും കൂടിച്ചേര്‍ന്ന് നാട്ടുചേരുവകളുമായി പാട്ടിന്റെ പാലാഴി തന്നെ തീര്‍ത്തു. ആദ്യമാണ് ടെക്നീഷ്യന്മാരെ ഉള്‍പ്പെടുത്തി മലയാളത്തില്‍ കാസറ്റ് വെങ്കലം സിനിമയ്ക്കായി ഇറക്കിയത്. ചിത്രത്തോടൊപ്പം കാസറ്റും പാട്ടുകളും ഏറെ പ്രശംസ പിടിച്ചുപറ്റി.

സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജീവിതങ്ങളുടെ കഥകള്‍ പറഞ്ഞ ഭരതന്റെ ചാട്ടയും ആരവവും ചമയവുംഅമരവും. അടിച്ചമര്‍ത്തപ്പെട്ടവരുടെ വൈകാരിക തലങ്ങള്‍ ദ്രശ്യബിംബങ്ങളായിപെയ്തിറക്കാന്‍ ഭരതനുള്ള കഴിവിന് മാറ്റേറ്റി വെങ്കലവും മലയാളിപ്രേക്ഷകരുടെ ഹൃദയത്തില്‍ വെങ്കലശില്‍പമായി”

LEAVE A REPLY

Please enter your comment!
Please enter your name here