മെഡിക്കല്‍ കോളേജ്: മന്ത്രി വീണാ ജോര്‍ജ് അടിയന്തര റിപ്പോര്‍ട്ട് തേടി

0
183

മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കാന്‍ ബദല്‍ മാര്‍ഗം

മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലോക്ഡൗണ്‍ കാലത്ത് താത്ക്കാലിക നിയമനത്തിന് ഇന്റര്‍വ്യൂ നടത്തിയത് തെറ്റായ നടപടിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ ഉണ്ടായ വീഴ്ച ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജിന്റെ അടിയന്തര യോഗത്തിലാണ് മന്ത്രി ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

മരുന്നുകളുടേയും ഗ്ലൗസ് ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടേയും മെഡിക്കല്‍ കോളേജിലെ ലഭ്യത സംബന്ധിച്ച് മന്ത്രി വിശദീകരണം തേടി. മെഡിക്കല്‍ കോളേജില്‍ തുടര്‍ന്നുപോന്ന രീതിയില്‍ നിന്നും മാറി കോവിഡ് കാലത്ത് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്ത് ഗ്ലൗസ് ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ വാങ്ങണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.

അവശ്യ മരുന്നുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ പലതും തെറ്റിദ്ധാരണ പരത്തുന്നതാണ്. മരുന്നുകളുടേയും ഗ്ലൗസ് ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടേയും ലഭ്യത ഉറപ്പാക്കാന്‍ അടിയന്തരമായി ഇടപെടാന്‍ കെ.എം.എസ്.സി.എല്‍.നോട് മന്ത്രി ആവശ്യപ്പെട്ടു. ബദല്‍ മാര്‍ഗത്തിലൂടെ ഇവ അടിയന്തരമായെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. നാളെ മുതല്‍ ആവശ്യമായ ഗ്ലൗസുകള്‍ എത്തിക്കുമെന്ന് കെ.എം.എസ്.സി.എല്‍. ഉറപ്പ് നല്‍കി. കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ മരുന്ന് കമ്പനികളില്‍ നിന്നും കിട്ടാന്‍ വൈകിയാല്‍ കാരുണ്യാ ഫാര്‍മസി വഴി ശേഖരിച്ച് നല്‍കേണ്ടതാണ്. ദിവസവും അവലോകന യോഗം നടത്തി മരുന്നിന്റേയും ഉപകരണങ്ങളുടേയും ലഭ്യത ഉറപ്പ് വരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് കോവിഡ് ചികിത്സ സൗജന്യമാണ്. അതിനാല്‍ തന്നെ എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ ചികിത്സ ഉറപ്പാക്കണം. നിശ്ചിത മരുന്ന് ആശുപത്രിയില്‍ ലഭ്യമല്ലെങ്കില്‍ ബദല്‍ മാര്‍ഗം ലഭ്യമാക്കണം. ലോക്കല്‍ പര്‍ച്ചേസ് ചെയ്‌തെങ്കിലും മരുന്ന് ലഭ്യമാക്കേണ്ടതാണ്.

മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരാണ്. എങ്കിലും ചെറിയ വീഴ്ച പോലും ഉണ്ടാകരുത്. അതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം. ഇതിന്റെ വെളിച്ചത്തില്‍ കോവിഡിന്റെ മൂന്നാം തരംഗം മുന്‍കൂട്ടികണ്ട് മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. ദിലീപ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. സൂസന്‍ ഉതുപ്പ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here