കഴക്കൂട്ടം ഫ്‌ളൈഓവർ നിർമാണം കോവിഡ് പ്രതിസന്ധിക്കിടയിലും അതിവേഗം പുരോഗമിക്കുകയാണ്.

0
431

കഴക്കൂട്ടം ഫ്‌ളൈഓവർ നിർമാണം കോവിഡ് പ്രതിസന്ധിക്കിടയിലും അതിവേഗം പുരോഗമിക്കുകയാണ്. പില്ലർ വർക്കുകളിൽ ഇനി രണ്ടെണ്ണം മാത്രമാണ് ശേഷിക്കുന്നത്. റോഡ് നിർമാണത്തോടൊപ്പം അപ്രതീക്ഷിതമായി എത്തിയ മഴ കഴക്കൂട്ടം വഴിയുള്ള യാത്ര ദുസഹമാക്കിയിട്ടുണ്ട്. നിലവിലെ പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരം കാണുവാൻ ഇന്ന് NHAI ഉദ്യോഗസ്ഥരുമായും കരാറുകരുമായും പോലീസ് അസിസ്റ്റന്റ് കമ്മീഷണറുമായും ചർച്ച നടത്തി.

കഴക്കൂട്ടം ഫ്ളൈഓവർ നിർമാണം നടത്താൻ ആദ്യം തീരുമാനിച്ചിരുന്നത് കഴക്കൂട്ടം റോഡ് പൂർണമായും അടച്ചിട്ടു കൊണ്ടാണ്. ഇതിനാവശ്യമായ ഉത്തരവും ഇറക്കിയിരുന്നു. എന്നാൽ ഇത് തങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് കഴക്കൂട്ടത്തെ വ്യാപാരികളും പ്രദേശവാസികളും പരാതി പറഞ്ഞതിനെ തുടർന്നാണ് വാഹനങ്ങൾ കടത്തി വിടുവാൻ തീരുമാനിക്കുന്നത്. ഫ്ളൈഓവർ നിർമാണത്തോടൊപ്പം തന്നെ സർവീസ് റോഡ് നിർമാണവും വേഗത്തിൽ പൂർത്തിയാക്കുവാൻ ആയിരുന്നു പദ്ധതിയിട്ടത്.

പക്ഷെ കെട്ടിടങ്ങൾ ഒഴിഞ്ഞു തരാൻ പലരും വിമുഖത കാട്ടുന്നതിനെ തുടർന്ന് സർവ്വീസ് റോഡ് നിർമാണം നീളുകയാണ്. ഇനിയും 22 കെട്ടിടങ്ങൾ ഡീമോളിഷ് ചെയ്യേണ്ടതുണ്ട്. ഇതിൽ തന്നെ ചിലർ നഷ്ടപരിഹാര തുക പോലും കൈപ്പറ്റുവാൻ തയ്യാറായിട്ടില്ല. എന്തായാലും ഇവർക്ക് വേണ്ടി ഇനി സമയം പാഴാക്കേണ്ടതില്ല എന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ദേശീയപാത അതോറിറ്റി കെട്ടിടങ്ങൾ പൊളിച്ചു മാറ്റും. ഇതിനാവശ്യമായ സംരക്ഷണം പോലീസ് നൽകും.

നിലവിൽ എല്ലാ ദിവസവും രാത്രി കരാറുകാർ റോഡിൽ ഉണ്ടാകുന്ന കുഴികൾ മെറ്റൽ ഇട്ട് നികത്തുന്നുണ്ട് എങ്കിലും മഴയോടൊപ്പം വിഴിഞ്ഞം തുറമുഖത്തിലേക്ക് വലിയ പാറകളുമായി പോകുന്ന ടിപ്പറുകൾ കൂടുതൽ മോശം അവസ്ഥ ഉണ്ടാക്കുകയാണ്. ഈ സാഹചര്യം ഒഴിവാക്കാൻ ട്രാൻസ്‌പോർട്ട് ബസ് ഒഴികെയുള്ള ഹെവി വാഹനങ്ങൾ വെട്ടുറോഡ് നിന്നും കാട്ടായിക്കോണം വഴിയും കാണിയാപുരത്ത് നിന്നും തീരദേശ റോഡ് വഴിയും വഴിതിരിച്ചു വിടുന്നതാണ്. കാർ ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങൾക്ക് കഴക്കൂട്ടം വഴി തന്നെ പോകാം.

ഫ്ളൈഓവർ നിർമാണത്തിനായി പൈലിങ് നടത്തിയ മണ്ണ് മഴയത്ത് ഒലിച്ചിറങ്ങിയാണ് അവിടെ തൊളിക്കെട്ട് രൂപപ്പെട്ടിട്ടുള്ളത്. ഈ ചെളിയും മണ്ണും ഉടൻതന്നെ നീക്കം ചെയ്യുവാൻ കരാറുകാർക്ക് നിർദേശം നൽകി.

കഴക്കൂട്ടം ജംഗ്ഷനിൽ ഒരു താത്കാലിക ബസ് സ്റ്റാൻഡ് സ്ഥാപിക്കുവാൻ കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

യൂട്ടിലിറ്റി ഡക്ട്, 1.5 മീറ്റർ വീതിയിൽ ഡ്രെയിനേജ്, 7.5 മീറ്റർ വീതിയിൽ റോഡ് എന്നിവ അടങ്ങിയതാണ് സർവീസ് റോഡ്. കൂടാതെ 7 ട്രാൻസ്‌ഫോർമറുകളും മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. മഴ മാറിയാൽ ഉടൻ തന്നെ സർവീസ് റോഡ് നിർമാണം ആരംഭിക്കുന്നതാണ്. നഗരത്തിലേക്കുള്ള റോഡ് പൂർണമായും നിയന്ത്രിച്ച് രാപകൽ പണി ചെയ്തു രണ്ട് മാസത്തിനുള്ളിൽ ഡ്രെയിനേജ് സൗകര്യം അടക്കം സർവീസ് റോഡ് നിർമാണം പൂർത്തീകരിക്കുന്നതാണ്. അതുവരെ നാട്ടുകാരുടെയും യാത്രക്കാരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

കടകംപള്ളി സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here