തെറ്റുചെയ്‌ത അധ്യാപകരും അവരെ പിന്തുണയ്‌ക്കുന്ന കോൺഗ്രസുമാണ്‌ ജനങ്ങളോട്‌ മാപ്പ്‌ പറയാൻ തയ്യാറാകേണ്ടത്‌–- ആനാവൂർ നാഗപ്പൻ

0
270

മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന കോൺഗ്രസ്‌ ആവശ്യം സർക്കാർ ഉത്തരവ്‌ കത്തിച്ച്‌ ജനങ്ങളെ അപമാനിച്ചതിന്റെ ജാള്യം മറയ്‌ക്കാനും ജനശ്രദ്ധ വഴി തിരിക്കാൻ ലക്ഷ്യമിട്ടാണെന്നും സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രസ്‌താവനയിൽ പറഞ്ഞു.
പോത്തൻകോട്‌ ഗവ. യു പി സ്‌കൂളിൽ കുട്ടികളിൽനിന്ന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തുക ഏറ്റുവാങ്ങിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കോവിഡ്‌ പ്രോട്ടോകോൾ ലംഘിച്ചെന്ന ദുരാരോപണംകൊണ്ട്‌ സർക്കാർ ഉത്തരവ്‌ കത്തിച്ച അധ്യാപകരുടെ ഹീനകൃത്യത്തെ മറയ്‌ക്കാനാവില്ല. കോവിഡ്‌ മാഹാമാരി കാലത്ത്‌ നിത്യവൃത്തിക്കാരും പാവപ്പെട്ടവരുമായ ഉപജീവനവരുമാനം ഇല്ലാതായിപ്പോയ ജനങ്ങളെ സഹായിക്കാൻ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽനിന്ന്‌ ആറ്‌ ദിവസത്തെ തുക പിന്നീട്‌ മടക്കി നൽകുമെന്ന നിബന്ധനയോടെയാണ്‌ സർക്കാർ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്‌. വരുമാനമാർഗങ്ങളെല്ലാം അടഞ്ഞ്‌ കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുമ്പോഴും മഹാമാരിയെ പ്രതിരോധിക്കാൻ ലോകത്തിന്‌ മാതൃകയായ പ്രവർത്തനമാണ്‌ കൊച്ചുകേരളത്തിൽ സർക്കാർ നടത്തുന്നത്‌. ആറുദിവസത്തെ ശമ്പളംപോലും സർക്കാരിന്‌ തൽക്കാലത്തേക്ക്‌ നൽകാൻ തയ്യാറാകാതെ ഉത്തരവ്‌ കത്തിച്ച അധ്യാപകർ ജനകോടികളുടെ രോഷത്തിൽ ഒറ്റപ്പെട്ടിരിക്കുകയാണ്‌. കത്തിക്കാൻ ആഹ്വാനം ചെയ്‌ത കോൺഗ്രസ്‌ അനുകൂല സംഘടനയായ കെപിഎസ്‌ടിഎയുടെ ജനറൽ സെക്രട്ടറി പ്രധാനാധ്യാപകനായ സ്‌കൂളാണ്‌ പോത്തൻകോട്‌ ഗവ. യു പി. ഇവിടുത്തെ പ്രധാനാധ്യാപകന്റെ സമൂഹവിരുദ്ധ പ്രവൃത്തിയിൽ മനം നൊന്താണ്‌ സ്‌കൂളിലെ കുട്ടികൾ വിഷു കൈനീട്ടമായും മറ്റും ലഭിച്ച ചെറു തുകകൾ സ്വരുകൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകാൻ സന്നദ്ധരായത്‌. നാട്‌ ഒറ്റക്കെട്ടായി നിലകൊള്ളേണ്ട ഘട്ടത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഒരുകൂട്ടം അധ്യാപകർ നടത്തിയ ഹൃനകൃത്യത്തിന്‌ ഇളം മനസുകളുടെ മാതൃക പ്രതിഷേധംകൂടിയായിരുന്നു ആ സംഭാവന. സർക്കാരിന്‌ വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആ തുക ഏറ്റുവാങ്ങാൻ ചെന്നതാണ്‌ ജില്ലയിലെ കോൺഗ്രസ്‌ നേതാക്കളെ ചൊടിപ്പിച്ചത്‌. ഒരു ദിവസത്തെ ജീവിത ചെലവിനുപോലും വകയില്ലാത്ത ജനങ്ങൾക്കായി ശമ്പളത്തിന്റെ ചെറുഭാഗം മാറ്റിവയ്‌ക്കാൻ കഴിയാത്ത അധ്യാപകരെയാണ്‌ മന്ത്രി ആർത്തിപണ്ടാരം എന്ന്‌ വിശേഷിപ്പിച്ചത്‌. അതിൽ തെറ്റുകാണാൻ കഴിയില്ല. അങ്ങേയറ്റം വികലമായ മാനസികാവസ്ഥയിലുള്ള ഒരുകൂട്ടം അധ്യാപകർ ചെയ്‌തുകൂട്ടിയ ദുഷ്‌പ്രവർത്തികൾക്ക്‌ മറയിടാൻ മന്ത്രിയെ ആക്ഷേപിക്കുന്നത്‌ അനുവദിക്കാനാവില്ല. മന്ത്രിയല്ല, തെറ്റുചെയ്‌ത അധ്യാപകരും അവരെ പിന്തുണയ്‌ക്കുന്ന കോൺഗ്രസുമാണ്‌ ജനങ്ങളോട്‌ മാപ്പ്‌ പറയാൻ തയ്യാറാകേണ്ടത്‌–- ആനാവൂർ നാഗപ്പൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here