വി.മുരളീധരൻ കൊറോണയേക്കാൾ വലിയ വൈറസ്സ്:- എഐവൈഎഫ്.

0
255

തിരുവനന്തപുരം: കേരളത്തിനർഹതപ്പെട്ട കേന്ദ്ര സഹായം വാങ്ങി കൊടുക്കുവാനോ വിദേശത്തുള്ള പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്നതിന് ഇടപെടുകയോ ചെയ്യാത്ത കേന്ദ്ര മന്ത്രി വി.മുരളീധരൻ കേരള സർക്കാരിന് ജാഗ്രതക്കുറവുണ്ടായി എന്ന് വിമർശിക്കുന്നത് ജനങ്ങൾക്കിടയിൽ കുത്തി തിരിപ്പുണ്ടാക്കാനാണെന്ന് എഐവൈഎഫ്.

കോട്ടയത്തും ഇടുക്കിയിലും വീണ്ടും രോഗവ്യാപനമുണ്ടായത് സർക്കാരിന്റെ കയ്യിലിരിപ്പുകൊണ്ടാണെന്നും അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രത കുറവാണ് ഇതിന് കാരണമെന്നും കേരളത്തിന് വീഴ്ച പറ്റിയെന്നും വി.മുരളീധരൻ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരുന്നു. രാഷ്ട്രീയ മുതലെടുപ്പിനുള്ള സുവർണ്ണാവസരമായി കണ്ട് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ മുരളീധരനെ പോലെ ഒരാൾ ഇറങ്ങിപുറപ്പെട്ടത് വഹിക്കുന്ന പദവിക്ക് യോജിച്ചതല്ല. കൊറോണയെക്കാൾ വലിയ വൈറസാണ് താനെന്ന് ഇതിലൂടെ മുരളീധരൻ തെളിയിച്ചിരിക്കുകയാണ്.

കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ ലോകത്തിനും രാജ്യത്തിനും മാതൃകയായി പ്രവർത്തിക്കുകയാണ് കേരളം. രോഗമുക്തരാകുന്നവരുടെ നിരക്ക് കൂടുതലുള്ളതും മരണനിരക്ക് ഏറ്റവും കുറവുള്ളതും കേരളത്തിലാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണ്ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ദിനംപ്രതി രോഗബാധിതരുടെ എണ്ണവും മരണനിരക്കും വർദ്ധിക്കുകയാണ്.

കേരളത്തിന് സഹായകരമായതൊന്നും ചെയ്യാതെ കലക്കവെള്ളത്തിൽ മീൻ പിടിക്കാമെന്ന വ്യാമോഹത്തോടെ കേന്ദ്ര മന്ത്രി സ്ഥാനത്തിരുന്ന് കുപ്രചരണങ്ങൾ നടത്തുന്ന വി.മുരളീധരന്റെ ജല്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ കേരളത്തിലെ ജനങ്ങൾ തള്ളികളയണമെന്ന്
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആർ.സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here