മഹാമാരിയായ കോവിഡ്‌ 19 അനിതരസാധാരണമായ മികവോടെ നേരിടുന്ന സംസ്ഥാന സര്‍ക്കാരിനെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയേറ്റ്‌ അഭിനന്ദിച്ചു.

0
257

രോഗവ്യാപനവും മരണനിരക്കും നിയന്ത്രിക്കുന്നതില്‍ ലോകത്തിനു മാതൃകയായി കേരളം മാറി. പൊതുആരോഗ്യ പരിപാലനത്തിന്‌ സവിശേഷ പ്രാധാന്യം കൊടുക്കുന്ന കേരള മാതൃകയുടെ നേട്ടങ്ങളേയും സമൂഹത്തിന്റെ ജനാധിപത്യ ബോധത്തേയും കൂട്ടിയോജിപ്പിച്ച്‌ പരിമിതികള്‍ക്കും പ്രതിസന്ധികള്‍ക്കു മിടയില്‍ നേതൃമികവോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ്‌ പ്രധാനം രാജ്യത്ത്‌ ആദ്യമായി സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിക്കുന്നതിനും ഒരാള്‍ പോലും പട്ടിണി കിടക്കുന്നില്ലെന്ന്‌ ഉറപ്പു വരുത്തുന്നതിനും സര്‍ക്കാരിനു കഴിഞ്ഞു. പകര്‍ച്ചവ്യാധികളെ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച്‌ രാജ്യത്ത്‌ ആദ്യമായി നിയമനിര്‍മ്മാണം നടത്തിയതും കേരളമാണ്‌. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക്‌ ആത്മവിശ്വാസം നല്‍കി. സവിശേഷമായ കേരളത്തിന്റെ മികവിന്‌ ലോക വ്യാപകമായി അംഗീകാരം ലഭിച്ചു. കക്ഷി-രഷ്ട്രീയത്തിനപ്പുറത്ത്‌ കേരള ജനത ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പം അണിനിരന്ന്‌ ഈ മഹാമാരിയെ നേരിടുകയാണ്‌.

ഈ വിശാലമായ യോജിപ്പിനെ ദുര്‍ബലപ്പെടുത്തുന്നതിനും സര്‍ക്കാരിനു ലഭിച്ച വ്യാപകമായ അംഗീകാരത്തെ തകര്‍ക്കുന്നതിനുമുള്ള വൃഥാ ശ്രമമാണ്‌ പ്രതിപക്ഷം ഉയര്‍ത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍. മാധ്യമങ്ങളില്‍ ഒരു വിഭാഗം ഉത്തരവാദിത്തബോധം മറന്ന്‌ ഇത്തരമൊരു സാഹചര്യത്തിലും നുണപ്രചാരവേല നടത്തുന്നത്‌ അപലപനീയമാണ്‌.                                                       അസാധാരണമായ ഈ സാഹചര്യത്തില്‍ മനുഷ്യ ജീവന്‍ രക്ഷിക്കുന്നതിനായി ഏത്‌ അസാധാരണ നടപടിയും സ്വീകരിക്കുന്നതിന്‌ സര്‍ക്കാരിന്‌ ഉത്തരവാദിത്തമുണ്ട്‌. നിലവിലുള്ള നിയമങ്ങള്‍ സര്‍ക്കാരുകള്‍ക്ക്‌ അതിനുള്ള അധികാരവും നല്‍കുന്നു. വ്യക്തിയുടെ സ്വകാര്യതയേക്കാള്‍ ഈ ഘട്ടത്തില്‍ അതീവ പ്രാധാന്യം മനുഷ്യരുടെ ജീവനും സമൂഹത്തിന്റെ നിലനില്‍പ്പിനുമാണ്‌. വ്യക്തികളുടെ വിവരങ്ങള്‍ അറിയേണ്ടത്‌ അതിനെ അടിസ്ഥാനമാക്കി മുന്‍കരുതലുകള്‍ എടുക്കാനും രോഗവ്യാപനം തടയാനും അത്യാവശ്യമാണ്‌ അതേ സമയം വ്യക്തിഗത വിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നില്ലെന്ന്‌ ഉറപ്പു വരുത്തുകയും വേണം. ഈ ആവശ്യത്തിനായി ഉടന്‍ ലഭ്യമായ സംവിധാനമെന്ന നിലയിലാണ്‌ സര്‍ക്കാര്‍ സ്‌പ്രിംഗ്‌ളിനെ ചുമതലപ്പെടുത്തുന്നത്‌. ചില ആശങ്കള്‍ ഉയര്‍ന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ഇടപെട്ട്‌ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്‌.

വിവര സുരക്ഷയ്‌ക്കായി പ്രത്യേക നിയമം ഇല്ലാത്ത രാജ്യമാണ്‌ ഇന്ത്യ. ഐ.ടി നിയമത്തില്‍ കൂട്ടി ചേര്‍ത്ത വകുപ്പുകളും അതിന്റെ ഭാഗമായ ചട്ടങ്ങളുമാണ്‌ ഇന്നുള്ളത്‌. ഈ നിയമങ്ങള്‍ക്ക്‌ അനുസൃതമായാണ്‌ ഇപ്പോഴുണ്ടാക്കിയ കരാറെന്ന്‌ സര്‍ക്കാര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്‌. അസാധാരണ സാഹചര്യങ്ങളില്‍ സ്വീകരിക്കുന്ന അസാധാരണ നടപടികള്‍ ആ ഘട്ടത്തിനുമാത്രമുള്ളതായിരിക്കും. സഞ്ചാരസ്വാതന്ത്യം, ഭരണഘടനാപരമായ മൗലീകാവകാശമായ രാജ്യത്ത്‌ അത്‌ നിരോധിക്കുന്നതും നിയന്ത്രിക്കുന്നതും ഈ സവിശേഷ സാഹ്യചര്യത്തിന്റെ ഭാഗമാണ്‌. ആളുകളെ നിരീക്ഷിക്കുന്നതില്‍ സ്വകാര്യതയെ ലംഘിക്കേണ്ടിവരുന്നതും വ്യാപനം തടയേണ്ട മുന്‍ഉപാധിയെന്ന നിലയിലാണ്‌. വിവര സാങ്കേതികവിദ്യയുടെ വിപുലമായ വിനിയോഗത്തിനും വിവരസംരക്ഷണത്തിനും ആവശ്യമായ നയം രൂപീകരിക്കു ന്നതിന്‌ ഈ അനുഭവം സഹായകരമായിരിക്കും.

കോവിഡ്‌ ഭീതി തുടരുന്ന സന്ദര്‍ഭത്തില്‍ നിലവിലുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്‌ നവീനമായ രീതികള്‍ ആവിഷ്‌കരിക്കുകയും വേണ്ടിവരും. അതിനായി സാങ്കേതിക വിദഗ്‌ദ്ധരുടേയും, പ്രൊഫഷണലുകളുടേയും മറ്റും സേവനം കൂടുതല്‍ സ്വീകരിക്കണം.

കോവിഡ്‌ ഭീഷണി നേരിടുന്നതിന്‌ സാങ്കേതിക വിദ്യ സ്വീകരിച്ചതുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നടപടികള്‍ക്കും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പിന്തുണ പ്രഖ്യാപിച്ചു. അത്തരം നടപടികളാണ്‌ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളത്തെ മുന്നോട്ടു കൊണ്ടുപോയത്‌.
സാധാരണ നില പുനഃസ്ഥാപിച്ചു കഴിഞ്ഞാല്‍ ഈ ഘട്ടത്തില്‍ സ്വീകരിച്ച എല്ലാ നടപടികളും വിശദമായി പരിശോധിച്ച്‌ അനുഭവങ്ങള്‍ സ്വാംശീകരിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക്‌ പാഠം ഉള്‍ക്കൊള്ളുകയും ചെയ്യും.

എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷത്തിലൊരു വിഭാഗം സ്വീകരിച്ചിട്ടുള്ള വിനാശകരവും, നിഷേധാത്മകവും, മനുഷ്യത്യരഹിതവുമായ സമീപനം കേരള ജനത തിരിച്ചറിഞ്ഞിട്ടുണ്ട്‌. ജാഗ്രതയുടേയും ആശങ്കയുടേയും നാളുകള്‍ അവസാനിച്ചിട്ടില്ലെന്നാണ്‌ സിംഗപ്പൂരിന്റേയും ജപ്പാന്റേയും അനുഭവം പറയുന്നത്‌. എത്ര കാലം നീണ്ടു നില്‍ക്കുമെന്ന്‌ ആര്‍ക്കും ഉറപ്പിച്ചു പറയാന്‍ കഴിയാത്ത ഈ മഹാമാരിയുടെ സന്ദര്‍ഭത്തില്‍ വിവാദം സൃഷ്ടിച്ച്‌ സര്‍ക്കാരിന്റേയും ജനങ്ങളുടെയും ശ്രദ്ധ തിരിച്ചു വിടാനുള്ള നിക്ഷിപ്‌ത താല്‍പര്യക്കാരുടെ ശ്രമത്തെ അവഗണിച്ച്‌ തള്ളിക്കളയണം. നാട്‌ ഒറ്റക്കെട്ടായി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനൊപ്പം നിലവിലുള്ളതുപോലെ നിലക്കൊള്ളണം. മഹാമാരിയുടെ ഘട്ടത്തിലും സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിനായി മനുഷ്യ ജീവന്‍ വെച്ച്‌ കളിക്കുന്നവരെ തിരിച്ചറിയണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here