പ്രതിസന്ധികളെ വകഞ്ഞു മാറ്റി കൊറോണക്കാലത്തെ ആദ്യ അവയവദാനം യാഥാർത്ഥ്യമായി

0
350

തിരുവനന്തപുരം: പ്രതിസന്ധികളെ വകഞ്ഞു മാറ്റി അതിജീവനത്തിന്റെ പാത തെളിയിച്ച് ഒരു അവയവദാനം കൂടി യാഥാർത്ഥ്യമാകുന്നു. ലോകമൊന്നാകെ സ്തംഭിപ്പിച്ച കൊറോണ ഭീതിയ്ക്കു നടുവിൽ നിന്നാണ് സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നേതൃത്വത്തിൽ ഈ അവയവദാനം നടക്കുന്നത്. കോവിഡ് 19 എന്ന മഹാമാരി കാരണം ബഹുഭൂരിപക്ഷം ആശുപത്രികളും അത്യധികം ജാഗ്രതാ പൂർണമായ പ്രവർത്തനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തിലും അവയവദാനത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്ന ഒരു സുപ്രധാന അവയവദാനമാണ് വെള്ളിയാഴ്ച കിംസ് ആശുപത്രിയിൽ നടന്നത്.
ബൈക്കപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച വർക്കല മുള്ളറംകോട് ശ്രീവിശ്വത്തിൽ കൃഷിപ്പണിക്കാരനായ ശ്രീകുമാറിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതം മൂളിയതോടെ പ്രതിസന്ധികളെ വകഞ്ഞുമാറ്റി ആ പുണ്യ കർമ്മത്തിന് അധികൃതർ വഴിയൊരുക്കുകയായിരുന്നു. മുഖ്യമന്ത്രി, ആരോഗ്യവകുപ്പുമന്ത്രി എന്നിവരിൽ നിന്നു ലഭിച്ച സഹകരണവും പ്രോത്സാഹനവും കൊറോണക്കാലത്തെ ആദ്യ അവയവദാനം എന്ന വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിക്കാൻ ഡി എം ഇ ഡോ റംലാബീവി, മൃതസഞ്ജീവനി കൺവീനറും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ എം കെ അജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസ്, മൃതസഞ്ജീവനിയുടെ കോ-ഓർഡിനേറ്റർമാർ ഉൾപ്പെടെയുള്ള മറ്റ് പ്രവർത്തകർ എന്നിവർക്ക് കരുത്തു പകരുകയായിരുന്നു. കൊറോണക്കാലമായതിനാൽ അവയവദാനത്തിനുള്ള സാങ്കേതിക തടസങ്ങൾ നീക്കാൻ മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിറ്റിയായ ഡി എം ഇ സത്വര നടപടികൾ സ്വീകരിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് എത്രയും വേഗം ശസ്ത്രക്രിയയ്ക്ക് വേണ്ട സാഹചര്യമൊരുക്കി. ഹൃദയം കോട്ടയം മെഡിക്കൽ കോളേജിനും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിനും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും ചികിത്സയിലുള്ള രോഗികൾക്ക് നൽകാനാണ് തീരുമാനം. അവയവങ്ങൾ കൃത്യ സമയത്ത് അതാത് ആശുപത്രികളിലെത്തിക്കാൻ പൊലീസിന്റെയും മറ്റും പൂർണ സഹകരണവും ലഭിച്ചു. കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോ തൊറാസിക് സർജനും ആശുപത്രി സൂപ്രണ്ടുമായ കെ ജയകുമാർ ഹൃദയം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തി. ഏപ്രിൽ ഒൻപത് വ്യാഴാഴ്ചയാണ് ആറ്റിങ്ങൽ കല്ലമ്പലത്തുവച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് ശ്രീകുമാറിന് ഗുരുതരമായി പരിക്കേറ്റത്. ഭാര്യ: ബേബി ബിന്ദു, മകൻ: സ്വാതിൻ

LEAVE A REPLY

Please enter your comment!
Please enter your name here