കാര്‍ഷിക വെല്ലുവിളി ഏറ്റെടുത്ത് കെഎസ്ടിഎ

0
383

 

തിരുവനന്തപുരം: തരിശുരഹിത കേരളം സൃഷ്ടിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനപ്രകാരം കാര്‍ഷിക വെല്ലുവിളി ഏറ്റെടുത്ത് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെഎസ്ടിഎ) ജില്ലാകമ്മിറ്റി. രണ്ടായിരത്തോളം അധ്യാപകരാണ് കാര്‍ഷിക ചലഞ്ച് ഏറ്റെടുത്തത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യാപകരുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എന്‍ ടി ശിവരാജന്‍, സംസ്ഥാന നേതാക്കളായ പി വി രാജേഷ്, എ നജീബ്, എസ് എല്‍ ശശികല, ജില്ലാസെക്രട്ടറി വി അജയകുമാര്‍, ജില്ലാപ്രസിഡന്റ് സിജോവ് സത്യന്‍, സബ്ജില്ലാ സെക്രട്ടറി സുനില്‍, സിപിഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സാംബശിവന്‍ തുടങ്ങിയവര്‍ പങ്കാളികളായി. അന്തരിച്ച സിപിഐ എം നേതാവ് തോപ്പില്‍ ധര്‍മരാജന്റെ കഴക്കൂട്ടം കുളത്തൂര്‍ മുക്കോലയ്ക്കലിലെ വീട്ടുപറമ്പില്‍ ചേന, മരച്ചീനി, ചെറുകിഴങ്ങ് തുടങ്ങിയവ നട്ടുകൊണ്ടാണ് കൃഷിക്ക് ജില്ലാതലത്തില്‍ തുടക്കം കുറിച്ചത്.

വീടിനോട് ചേര്‍ന്ന് തരിശായി കിടന്ന പറമ്പുകളിലും പാട്ടത്തിനെടുത്ത ഭൂമിയിലുമാണ് അധ്യാപകര്‍ കൃഷി ചെയ്യുന്നത്. നെല്ല്, പച്ചക്കറി, മരച്ചീനി, ചേമ്പ്, ചേന, വാഴ തുടങ്ങി വിവിധയിനം കൃഷികളാണ് കെഎസ്ടിഎ ഏറ്റെടുത്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ 1000 ഏക്കറിലെ കൃഷിയാണ് കെഎസ്ടിഎ ലക്ഷ്യമിടുന്നത്. ഇതിനകം 300 ഏക്കറില്‍ കൃഷി ആരംഭിച്ചു. അധ്യാപകര്‍ക്കായി ഓണ്‍ലൈന്‍ കാര്‍ഷിക ക്ലാസ്സുകളും സംഘടന ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യസ്വയംപര്യാപ്തതയിലേക്കുള്ള കേരള സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് ‘കാര്‍ഷിക ട്രെന്‍ഡ്’ സൃഷ്ടിക്കാനാണ് കെഎസ്ടിഎയുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here