ലാലി ടീച്ചര്‍ ജീവിക്കും 5 പേരിലൂടെ

0
425

ലോക് ഡൗണില്‍ 5 പേരിലൂടെ പുതുജീവന്‍ നല്‍കിയത് 25 പേര്‍ക്ക്

ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാര്‍ (50) ഇനി 5 പേരിലൂടെ ജീവിക്കും. അന്യൂറിസം ബാധിച്ച് മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. ഹൃദയം, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്. ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും കോര്‍ണിയ ഗവ. കണ്ണാശുപത്രിയ്ക്കുമാണ് നല്‍കിയത്. ഈ ദു:ഖത്തിന്റെ ഘട്ടത്തില്‍ നല്ലൊരു തീരുമാനമെടുത്ത കുടുംബാംഗങ്ങളുടെ നല്ല മനസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി അറിയിച്ചു.

ലാലി ഗോപകുമാറിന്റെ മകള്‍ ദേവിക ഗോപകുമാറിനെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഫോണില്‍ വിളിച്ച് സാന്ത്വനിപ്പിച്ചു. തീവ്രദു:ഖത്തിലും അവയവദാനത്തിന് തയ്യാറായ ലാലി ഗോപകുമാറിന്റെ ബന്ധുക്കളെ ആദരവറിയിച്ചു. അനേകം കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന ടീച്ചറായ ലാലി ഗോപകുമാര്‍ ഇക്കാര്യത്തിലും മാതൃകയായിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

ലോക് ഡൗണ്‍ കാലത്ത് അഞ്ചാമത്തെ അവയവദാന പ്രകൃയയാണ് നടന്നത്. മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് വടശേരിക്കോണം സ്വദേശി ശ്രീകുമാര്‍ (54), തൃശൂര്‍ സ്വദേശി സി.കെ. മജീദ് (56), കൊട്ടാരക്കര സ്വദേശി ശിവപ്രസാദ് (59), കൊല്ലം സ്വദേശി അരുണ്‍ വര്‍ഗീസ് (32) എന്നിവരുടെ അവയവങ്ങളാണ് ദാനം ചെയ്തത്. ഈ 5 അവയവദാന പ്രകൃയയിലൂടെ 25 പേര്‍ക്കാണ് പുതുജീവിതം നല്‍കിയത്. ലോക് ഡൗണ്‍ കാലത്ത് അവയവദാനത്തിന് നേതൃത്വം നല്‍കിയ മൃതസഞ്ജീവനി ടീമിനെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here