എൽഡിഎഫ് സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വൻ വിജയത്തിലേക്ക്.

0
424

അൺ എയ്ഡഡ് സ്‌കൂളുകളിൽ നിന്നും സർക്കാർ സ്‌കൂളുകളിലേക്ക് മാറ്റം
തേടിയത് ലക്ഷങ്ങൾ.

സംസ്‌ഥാനത്ത്‌ പുതിയ അധ്യയന വർഷം ആരംഭിച്ചിട്ട് ഒരു മാസമാവുകയാണ്.
“ഫസ്റ്റ് ബെൽ” പരിപാടി വിജയകരമായി നടന്നുവരുന്നു. ഓൺലൈൻ വിദ്യാഭ്യാസ
പരിപാടി വഴി മഹാമാരിയുടെ കാലത്തും
നമ്മുടെ കുഞ്ഞുങ്ങൾ വീട്ടിലിരുന്ന് പഠിക്കുകയാണ്. ഇതിനിടെ കേരളത്തിലെ സ്വകാര്യ സ്‌കൂളുകളിൽ നിന്നും സർക്കാർ സ്‌കൂളുകളിലേക്ക് വിദ്യാർത്ഥികളുടെ പ്രവാഹമാണെന്ന കണക്കുകളാണ് പുറത്തുവരുന്നത്. 10, 355 വിദ്യാർത്ഥികളാണ് ഈ അധ്യയന വർഷം എറണാകുളം ജില്ലയിൽ മാത്രം സ്വകാര്യ സ്‌കൂളുകളിൽ നിന്നും മാറ്റം തേടി സർക്കാർ സ്‌കൂളുകളിൽ അഡ്മിഷൻ എടുത്തത്. കണ്ണൂർ ജില്ലയിൽ പതിനായിരത്തോളം കുട്ടികളാണ് സ്വകാര്യ സ്കൂളുകൾ വിട്ട് സർക്കാർ സ്‌കൂളുകളിലേക്ക് മാറിയത്. ഇങ്ങനെ ആകെ ഒരു ലക്ഷത്തോളം കുട്ടികളാണ് സംസ്‌ഥാനവ്യാപകമായി സ്വകാര്യ സിബിഎസ്ഇ സ്കൂളുകളിൽ നിന്നുൾപ്പെടെ കൊഴിഞ്ഞു പോയി പൊതുവിദ്യാലയങ്ങളിലേക്ക് ചേക്കേറിയത്.

കഴിഞ്ഞ നാലുവർഷം കൊണ്ട് ഏതാണ്ട് അഞ്ചുലക്ഷത്തോളം വിദ്യാർത്ഥികളാണ് സംസ്‌ഥാനത്ത് സർക്കാർ സ്‌കൂളുകളിൽ ചേർന്നുപഠിക്കാൻ തീരുമാനിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാർ സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി മാറിയതാണ് ഈ പ്രവണത എല്ലാ അധ്യയന വർഷാരംഭഘട്ടങ്ങളിലും കാണാൻ കഴിയുന്നതിന്റെ കാരണം. ജൂൺ അഞ്ചിന്റെ പുതിയ സർക്കാർ സർക്കുലർ അൺ എയ്ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ നിന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഇല്ലാതെതന്നെ സർക്കാർ-സർക്കാർ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള വിദ്യാർത്ഥികളുടെ മാറ്റം എളുപ്പമാക്കുകയും ചെയ്തു. എൽഡിഎഫ് സർക്കാരിന്റെ ആദ്യ ദിനങ്ങളിൽ പ്രഖ്യാപിച്ച നാല് മിഷനുകളിൽ ഒന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വൻ വിജയത്തെയാണ് സർക്കാർ സ്‌കൂളുകളിലേക്ക് ഇവ്വിധം ഒഴുകിയെത്തുന്ന കുട്ടികളുടെ മേൽപ്പറഞ്ഞ കണക്കുകൾ കുറിക്കുന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് വിവധ ഭാഗങ്ങളുണ്ട്. ഭൗതികമായ മാറ്റങ്ങൾ, അക്കാദമികമായ മാറ്റങ്ങൾ, ഭരണപരമായ മാറ്റങ്ങൾ, സാംസ്കാരികമായ മാറ്റങ്ങൾ എന്നിവയാണവ. ഈ മാറ്റങ്ങൾക്കു വേണ്ടി ബജറ്റിൽ രണ്ടായിരം കോടി രൂപയിലധികം മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ട്. കേരള ചരിത്രത്തിൽ വിദ്യാഭ്യാസത്തിന് ഇത്രയുമധികം തുക മാറ്റിവയ്ക്കുന്നത് ആദ്യമായിട്ടാണ്. ജനകീയ സമിതികളുടെ രൂപീകരണം വഴി പൊതുജനങ്ങളുടെ കൂട്ടായ പിന്തുണയിൽ കൂടിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സാക്ഷാത്കരിക്കപ്പെടുന്നത്.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കുട്ടിയുടെ സമഗ്രവികസനമാണ് എന്നും വിദ്യാഭ്യാസത്തിന്റെ നിർവചനം മനുഷ്യനെ മനുഷ്യനാക്കിമാറ്റുക എന്നതാണെന്നും സമൂഹത്തിനെ മൊത്തം ബോധ്യപ്പെടുത്തിയാണ് എൽഡിഎഫ് സർക്കാരും വിദ്യാഭ്യാസ വകുപ്പും പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താനുള്ള നിരവധി തീരുമാനങ്ങളുമായി മുന്നോട്ടുപോവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here