ശബരിമലയിൽ വിഷുക്കണിയൊരുക്കി….. വിഷുപ്പുലരിയിൽ വിഷുക്കണി ദർശനവും കൈനീട്ട വിതരണവും നടന്നു..

0
256

മേടം ഒന്ന് ,വിഷുപുലരിയിൽ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട പുലർച്ചെ 5 മണിക്കാണ് തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ശ്രീകോവിൽ നട തുറന്നു. ശേഷം കലിയുഗവരദൻ്റെ മുന്നിൽ വിളക്കുകൾ തെളിച്ച് ഭഗവാനെ വിഷുക്കണി കാണിച്ചു. തുടർന്ന് വിഷുക്കണി ദർശനപുണ്യം നേടി തൊഴുകൈകളോടെ നിന്നവർക്കെല്ലാം ആദ്യം തന്ത്രിയും പിന്നേട് മേൽശാന്തിയും നാണയത്തുട്ടുകൾ കൈ നീട്ടമായി നൽകി. വിഷുക്കണി ദർശനത്തിന് ആയി കാത്തു നിന്ന ദേവസ്വം ബോർഡ് ജീവനക്കാർക്കും ക്ഷേത്ര’ ജീവനക്കാർക്കും ഡ്യൂട്ടിക്കെത്തിയ പൊലീസുകാർക്കുമായി അര മണിക്കൂർ നേരം കണിവിഭവങ്ങൾ ശ്രീകോവിലിനുള്ളിൽ തന്നെ വച്ചിരുന്നു. മണ്ഡപത്തിൽ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതിഹോമവും പ്രസാദ വിതരണവും നടന്നു. ഇത് പൂർത്തിയായതിനു പിന്നാലെ തന്ത്രിയും മേൽശാന്തിയും ശ്രീകോവിലിനുള്ളിൽ പ്രവേശിച്ച് കണിവസ്തുക്കൾ നീക്കം ചെയ്ത ശേഷം അയ്യപ്പന് ഭസ്മം, ജലം,പാൽ, തേൻ, പഞ്ചാമൃതം .ഇളനീർ എന്നിവ കൊണ്ടുള്ള പതിവ് അഭിഷേകവും നടത്തി. പിന്നേട് സ്വർണ്ണ കുടത്തിൽ കൊണ്ടു വന്ന നെയ്യും ഹരിഹരപുത്രൻ്റെ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു. 7.30 ന് ഉഷപൂജ നടന്നു.9.15 ന് 25 കലശാഭിഷേകം നടന്നു. 9.30 ന് ഉച്ചപൂജയും നടത്തി പത്തു മണിക്ക് നട അടച്ചു.വൈകുന്നേരം 5 മണിക്ക് തുറക്കുന്ന തിരുനട രാത്രി 7.30 ന് ഹരിവരാസനം പാടി അടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here