പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി; സ്പ്രിങ്ക്ളര്‍ കരാറില്‍ സ്‌റ്റേയില്ല, കരാറുമായി സര്‍ക്കാരിന് മുന്നോട്ടു പോകാം

0
302

കൊവിഡ് 19ന്റെ വിവരവിശകലനത്തിന് സ്പ്രിങ്ക്ളര്‍ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തി കൊണ്ടുള്ള സര്‍ക്കാര്‍ കരാര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല. കരാറുമായി സര്‍ക്കാരിന് മുന്നോട്ടു പോകാം.

സ്പ്രിങ്ക്ളര്‍ ശേഖരിക്കുന്ന വിവരങ്ങളുടെ രഹസ്യാത്മകതയ്ക്ക് വിള്ളലുണ്ടാകരുത് എന്നതിലാണ് കോടതിയുടെ ശ്രദ്ധ. വിഷയത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും ഇടപെട്ടാല്‍ അത് കൊവിഡ് പ്രതിരോധത്തിനായുള്ള പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തലായി വ്യാഖ്യാനിക്കപ്പെടുമെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ്. ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ടിആര്‍ രവി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിയ്ക്കും.

 

കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ചൊവ്വാഴ്ച കോടതിയില്‍ പരിഗണനയില്‍ വന്നത്. അന്ന് സര്‍ക്കാരിന്റെ മറുപടിയ്ക്കായി കേസ് മാറ്റിയിരുന്നു. അതീവ അടിയന്തിര സാഹചര്യത്തിലാണ് കരാര്‍ ഉണ്ടാക്കിയതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു.

വെള്ളിയാഴ്ച സൈബര്‍ നിയമ വിദഗ്ധയായ അഡ്വ.എന്‍ എസ് നാപ്പിനായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുംബൈയില്‍ നിന്ന് വാദത്തില്‍ പങ്കുചേര്‍ന്നു. കോടതി അവരോടു ചില വിശദീകരണങ്ങള്‍ തേടി. ആറുമാസത്തേക്കാണ് കമ്പനിയുമായി സര്‍ക്കാരിന്റെ കരാറെന്നും അതിനുശേഷം കമ്പനി വിവരങ്ങള്‍ സൂക്ഷിച്ചു വയ്‌ക്കേണ്ടതില്ല. ഡാറ്റ ഉള്ളത് സര്‍ക്കാര്‍ അംഗീകൃത സംഭരണ സംവിധാനത്തിലാണ്. ഇക്കാര്യത്തില്‍ ഒരു ആശങ്കയും വേണ്ടെന്ന് അവര്‍ വ്യക്തമാക്കി.

കേസ് വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here