പി റ്റി ചാക്കോയ്ക്കും, എ കെ ആൻ്റണിക്കും ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വി ഡി സതീശൻ

0
921

പി റ്റി ചാക്കോ നാൽപ്പത്തി രണ്ടാം വയസിൽ പ്രതിപക്ഷ നേതാവായപ്പോൾ ,ആൻ്റണി 55-ാം വയസിലും ആ സ്ഥാനത്ത് എത്തി.

അമ്പത്തിയാറുകാരനായ വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുമ്പോൾ കേരളത്തിലെ കോൺഗ്രസും പുതിയൊരു ചുവടുവെയ്പ് നടത്തുകയാണ്. തുടർച്ചയായി രണ്ടു തിരഞ്ഞെടുപ്പിൽ തോറ്റമ്പിയ കോൺഗ്രസിന്റെ തിരിച്ചുവരവിലേക്കുള്ള ആദ്യ ചുവട് ആവും.

വിദ്യാഭ്യാസകാലം തൊട്ടേ രാഷ്ട്രീയത്തിൽ സജീവമായിരുന്ന സതീശൻ മഹാത്മ ഗാന്ധി യൂണിവേഴ്സ്റ്റി യൂണിയൻ ചെയർമാൻ, എൻ.എസ്.യു. സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്.

മികച്ച സംഘാടകനും വാഗ്മിയുമായ അദ്ദേഹം രണ്ടാം തവണ ‘ മത്സരിക്കുമ്പോഴാണ് ആദ്യമായി നിയമസഭയിലെത്തിയത്.

ഇടതുകോട്ടയായിരുന്ന പറവൂരിൽ തുടർച്ചയായി രണ്ടു വട്ടം ജയിച്ച സി.പി.ഐയുടെ പി.രാജുവിനോട് 1996-ലെ തിരഞ്ഞെടുപ്പിൽ 1116 വോട്ടുകൾക്ക് തോറ്റ വി.ഡി. സതീശൻ 2001-ൽ അദ്ദേഹത്തെ 7434 വോട്ടുകൾക്ക് തോൽപിക്കുകയായിരുന്നു.

പിന്നീടൊരിക്കലും പറവൂർ വി.ഡിയെയും വി.ഡി പറവൂരിനെയും കൈവിട്ടിട്ടില്ല. 2006-ൽ കെ.എം. ദിനകരനെ 7792 വോട്ടുകൾക്കും 2011-ൽ പന്ന്യൻ രവീന്ദ്രനെ 11349 വോട്ടുകൾക്കും തോൽപ്പിച്ച സതീശൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശാരദ മോഹനെതിരെ ലീഡ് 20,634 ആക്കി കുത്തനെ ഉയർത്തി. ഇത്തവണ എം.ടി. നിക്സണെതിരെയും വി.ഡി. പതിവ് തെറ്റിച്ചില്ല. വലുതല്ലെങ്കിലും ലീഡിൽ നേരിയ വർധന -20,968 വോട്ടുകൾ.

2010-ലെ ലോട്ടറി വിവാദത്തിൽ നടത്തിയ ഇടപെടലോടെയാണ് വി.ഡി. സതീശൻ സംസ്ഥാനതലത്തിൽ ശ്രദ്ധ നേടുന്നത്. ഇടത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സംഭവത്തിൽ ധനമന്ത്രി തോമസ് ഐസക്കുമായി വി.ഡി. നേർക്കു നേർ കൊമ്പു കോർത്തു. സാന്റിയാഗോ മാർട്ടിനെന്ന ഇതര സംസ്ഥാന ലോട്ടറി മാഫിയ തലവനെ സംരക്ഷിക്കുന്നത് സി.പി.എമ്മാണെന്ന് ആരോപിച്ച് അദ്ദേഹം ഭരണകക്ഷിയ്ക്കെതിരേ ആഞ്ഞടിച്ചു.

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ സി.ബി.ഐ. അന്വേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതിലും പാർട്ടി സെക്രട്ടറി പിണറായി വിജയന്റെ പക്ഷത്തുള്ള തോമസ് ഐസക് ഉൾപ്പെടെയുള്ള പ്രബല വിഭാഗം ഇതിനെ എതിർക്കുന്നതിലും വരെയെത്തി കാര്യങ്ങൾ. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തും മസാല ബോണ്ട്, കിഫ്ബി വിഷയങ്ങളിൽ തോമസ് ഐസക്കുമായി ഏറ്റുമുട്ടിയത് സതീശൻ തന്നെയാണ്.

2011-ൽ യു.ഡി.എഫ്. അധികാരത്തിൽ വന്നു. ഉമ്മൻ ചാണ്ടി സർക്കാരിൽ ഐ ഗ്രൂപ്പിൽ നിന്നുള്ള ഒരു മന്ത്രി വി.ഡി. ആയിരിക്കുമെന്ന് ഏതാണ്ടുറപ്പായി. എന്നാൽ, എൻ.എസ്.എസ്. നോമിനിയായി വി.എസ്. ശിവകുമാർ വന്നതോടെ സതീശന് മന്ത്രിസഭയിൽ അവസരം ലഭിച്ചില്ല. പകരം കോൺഗ്രസ് വിപ്പ് സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്. 2014-ൽ രാഹുൽ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലിൽ കെ.പി.സി.സി. വൈസ് പ്രസിഡന്റായി. ഡിസിസി ഭാരവാഹിത്വം മുതൽ കെ.പി.സി.സി.വൈസ് പ്രസിഡന്റ് പദവി വരെ വഹിച്ച സതീശന്റെ ജനകീയത വി.ഡിയെ ഗ്രൂപ്പുകൾക്കതീതനായ നേതാവാക്കി. ഗ്രൂപ്പുകൾക്കപ്പുറം കോൺഗ്രസിനെ ഒറ്റ ദിശയിൽ മുന്നോട്ടുകൊണ്ടുപോകാനുള്ള ദൗത്യമാണ് ഇപ്പോൾ പാർട്ടി അദ്ദേഹത്തിന് നൽകിയിരിക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here