ഓസ്കാറും ഇന്ത്യൻ സിനിമയും   ഭാഗം- 1

0
709

ഓസ്കാറും ഇന്ത്യൻ സിനിമയും   ഭാഗം- 1
പി.ജി.എസ് സൂരജ്

ലോകത്തിലെ  ഏറ്റവും പ്രൗഢമായ  ചലച്ചിത്ര പുരസ്കാരമായി   കണക്കാക്കുന്ന ഒന്നാണ് ഓസ്കാര്‍  അവാര്‍ഡ്. ഏതൊരു ചലച്ചിത്ര പ്രവര്‍ത്തകന്‍റെയും  ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നായിരിക്കും ഓസ്കാര്‍  അവാര്‍ഡ് നേടുക എന്നുള്ളത്. വളരെ കുറച്ചു ഇന്ത്യക്കാര്‍ക്ക്   മാത്രമേ ആ വിശിഷ്ട പുരസ്കാരം ലഭിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടിള്ളൂ. ഇതുവരെ  52 ഇന്ത്യന്‍ സിനിമകള്‍ ഓസ്കാര്‍ അവാര്‍ഡിന് ഇന്ത്യയില്‍ നിന്നും നാമനിര്‍ദേശം  ചെയ്തിട്ടുണ്ട്. അതില്‍ വെറും മൂന്ന് ചിത്രങ്ങള്‍ക്ക് മാത്രമാണ് നോമിനേഷന്‍ ലഭിച്ചത്. മദര്‍  ഇന്ത്യ, സലാം ബോംബെ, ലഗാന്‍ എന്നീ ചിത്രങ്ങളാണ് അവസാന റൗണ്ട് വരെ എത്തിയ ഇന്ത്യന്‍ ചിത്രങ്ങള്‍.  മികച്ച വിദേശ ഭാഷ ചിത്രം എന്ന വിഭാഗത്തിലേയ്ക്ക് മാത്രമേ ഓരോ രാജ്യത്തിനും തങ്ങളുടെ സൃഷ്ടികള്‍   ഔദ്യോഗികമായി നാമനിര്‍ദേശം ചെയ്യാന്‍ കഴിയൂ. ഓരോ രാജ്യത്തെയും ഫിലിം ഫെഡറേഷനോ ഉന്നത കൌണ്‍സിലോ ആണ് ഇത്   ചെയ്യേണ്ടത്. പക്ഷേ മറ്റു വിഭാഗങ്ങളിലേക്ക് ഏതു സംവിധായകനും, നിര്‍മ്മാതാവിനും തങ്ങളുടെ ചിത്രങ്ങള്‍ അയക്കാവുന്നതാണ്.മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച നടി തുടങ്ങി 26 ഓളം വിഭാഗങ്ങളിലേക്ക് ഇത്തരത്തില്‍ എന്‍ട്രികള്‍ അയക്കാനാകും. ഏഴു ദിവസം ലോസ് ആഞ്ചല്‍സ് കൗണ്ടിയിലെ ഏതെങ്കിലും തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നതുള്‍പ്പടെയുള്ള ഓസ്‌കര്‍ അവാര്‍ഡ് കമ്മിറ്റിയുടെ ഒരു കൂട്ടം നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ഈ ചലച്ചിത്രങ്ങള്‍ക്ക് ഓസ്‌കറില്‍ മത്സരിക്കാന്‍ യോഗ്യത നേടാം. ചിത്രം ഇംഗ്ലിഷ് ഭാഷയില്‍ അല്ലെങ്കില്‍ ഇംഗ്ലിഷ് സബ്ടൈറ്റിലോടു കൂടി പ്രദര്‍ശിപ്പിക്കണം. ഇതടക്കം വിവിധങ്ങളായ കടമ്പകള്‍ കടന്നു വേണം ഓസ്‌കാര്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്ന ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടാന്‍.

മദർ ഇന്ത്യ (1957)
ഓസ്കാർ അവാർഡിന് നാമനിർദ്ദേശം ലഭിച്ച ആദ്യ ഇന്ത്യൻ സിനിമയായിരുന്നു ‘മദർ ഇന്ത്യ’. മെഹബൂബ് ഖാൻ സംവിധാനം ചെയ്ത 1957 ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണിത്‌.  മെഹബൂബ് ഖാന്‍റെ മുൻ ചിത്രമായ ഔറത്തിന്‍റെ (1940) റീമേക്കായിരുന്നു ഈ സിനിമ. രാധ (നർഗിസ്) എന്ന ദരിദ്ര്യയായ ഗ്രാമീണ സ്ത്രീയുടെ പോരാട്ടത്തിന്‍റെ കഥയാണിത്.  ഭർത്താവിന്‍റെ അഭാവത്തിൽ, തന്‍റെ മക്കളെ വളർത്താനും തന്ത്രപൂർവ്വം പണമിടപാടുകാരില്‍ നിന്ന് അതിജീവിക്കാനും പല കഷ്ടതകൾക്കിടയിലും അവള്‍ പ്രയത്ന്നിക്കുകയാണ്. അക്കാലത്തെ ഏറ്റവും ചെലവേറിയ ഹിന്ദി സിനിമാ നിർമ്മാണങ്ങളിലൊന്നായിരുന്നു  മദര്‍ ഇന്ത്യ. ചിത്രം റിലീസായപ്പോള്‍ അതുവരെ ഉണ്ടായിരുന്ന എല്ലാ കളക്ഷന്‍ റിക്കാഡുകളും തിരുത്തിക്കുറിച്ചു. ഈ സിനിമ മുംബൈയിലെ ഒരു തിയേറ്ററിൽ ഒരു കൊല്ലത്തോളം പ്രദര്‍ശിപ്പിച്ചു. പല അവാർഡുകളും വാരിക്കൂട്ടിയ ഈ സിനിമ 1958 ൽ മികച്ച വിദേശ ഭാഷ ചിത്രം എന്ന വിഭാഗത്തിൽ മറ്റ് നാല് വിദേശ സിനിമകളോടൊപ്പം ഓസ്കാർ അവാർഡിനും നോമിനേറ്റ് ചെയ്യപ്പെട്ടു. മറ്റ് ചിത്രങ്ങളോട് താരതമ്യം ചെയ്യുമ്പോൾ ഈ സിനിമയായിരുന്നു സത്യത്തിൽ എല്ലാവിധത്തിലും ഓസ്കാർ അർഹിക്കുന്നതെന്ന് മെഹബൂബ് ഖാൻ ഉറച്ച് വിശ്വസിച്ചിരുന്നു. ചിത്രം അക്കാദമി അവാർഡ് നേടുന്നതിന് വളരെ അടുത്തെത്തിയാതായിരുന്നു. പക്ഷെ ജൂറികളുടെ ഒരു വോട്ടിന് അവാർഡ് ഇറ്റാലിയൻ സിനിമയായ ‘നൈറ്റ്സ് ഓഫ് കരീബിയക്ക്‌’ പോയി. അങ്ങനെ ഒരു വോട്ടിന്റെ കുറവിൽ മദർ ഇന്ത്യക്ക് ഓസ്കാർ നഷ്ടമാവുകയായിരുന്നു.
(തുടരും)

LEAVE A REPLY

Please enter your comment!
Please enter your name here