നവംബർ 7-ആദ്യത്തെ മലയാള ചലച്ചിത്രം ‘വിഗതകുമാരൻ’ പുറത്തിറങ്ങിയ ദിനമാണിന്ന്

0
102

ആദ്യത്തെ മലയാള ചലച്ചിത്രം ‘വിഗതകുമാരൻ’ പുറത്തിറങ്ങിയ ദിനമാണിന്ന്. 1928-ൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം 1930 നവംബർ 7-ന് റിലീസായി. ചിത്രത്തിന്റെ നിർമ്മാണം, രചന, സംവിധാനം ഛായാഗ്രഹണം, ചിത്രസംയോജനം
എന്നിവ നിർവ്വഹിച്ച് നായക വേഷത്തിലെത്തിയ ജെ.സി.ഡാനിയേലും, നായികയായി അഭിനയിച്ച പി.കെ.റോസിയും ഇതോടെ ചരിത്രത്തിൽ ഇടംതേടി.
സിനിമാമോഹം ഉള്ളിലുദിച്ച ഡാനിയേൽ തന്റെ പഠനശേഷം ചലച്ചിത്ര സാങ്കേതികവിദ്യ പഠിക്കാൻ മദ്രാസിലേക്ക് പോയെങ്കിലും അവിടുത്തെ സ്റ്റുഡിയോകളിൽ പ്രവേശിക്കാൻ പോലും അക്കാലത്ത് അദ്ദേഹത്തിന് അനുമതി ലഭിച്ചില്ല. തുടർന്ന് മുംബൈയിൽ എത്തിയ അദ്ദേഹം അവിടെ താമസിച്ച് ചലച്ചിത്രസംവിധാനം പഠിച്ചു. പിന്നീട് തിരുവനന്തപുരത്ത് എത്തിയ ഡാനിയേൽ വിഗതകുമാരന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു. നെയ്യാറ്റിൻകരയ്ക്കു സമീപം പനച്ചമൂട് എന്ന സ്ഥലത്തെ 100 ഏക്കർ സ്ഥലം വിറ്റാണ് സിനിമയ്ക്കു വേണ്ടി അദ്ദേഹം പണം സ്വരൂപിച്ചത്. തുടർന്ന് കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. അക്കാലത്ത് നാലുലക്ഷത്തോളം രൂപ ചെലവിട്ടാണ് വിഗതകുമാരനെന്ന ചിത്രം പൂർത്തിയാക്കിയത്. രണ്ടുതവണ സിലോണിൽ (ശ്രീലങ്കയിൽ) പോയി ചിത്രീകരണം നടത്തി. 1930 നവംബർ 7-ന് വൈകുന്നേരം 5.30-ന് അക്കാലത്ത് ഏറെ പ്രസിദ്ധനായിരുന്ന അഭിഭാഷകൻ മള്ളൂർ ഗോവിന്ദപ്പിള്ള തിരുവനന്തപുരത്തെ ക്യാപ്പിറ്റോൾ തിയേറ്ററിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്തു. നാഗർകോവിലിലെ (ഇപ്പോൾ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ) പയനിയർ തിയേറ്ററിലും ആലപ്പുഴയിലെ പൂപ്പള്ളി സ്റ്റാർ തിയേറ്ററിലും ചിത്രം പ്രദർശിപ്പിച്ചു.
സവർണമേധാവിത്വം കൊടികുത്തിവാണിരുന്ന അക്കാലത്ത് അവർണ സ്ത്രീ നായികയായി അഭിനയിക്കുന്നതു കണ്ട് യഥാസ്ഥിതികരായ സവർണ്ണ പ്രേക്ഷകർ രോഷാകുലരായി. വിഗതകുമാരന്റെ പ്രദർശനം അവർ തടഞ്ഞു. അങ്ങനെ വിഗതകുമാരൻ എന്നെന്നേയ്ക്കുമായി പെട്ടിയിലായി. ഡാനിയേലിന്റെ ഇളയമകൻ ഹാരിസ് തന്റെ ആറാം വയസ്സിൽ കളിക്കിടയിൽ ഫി ലിംതീയിട്ടു നശിപ്പിച്ചതിനാൽ ചിത്രത്തിന്റെ പ്രിന്റും ഇപ്പോൾ ലഭ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here