ഓസ്ക്കാറും  ഇന്ത്യന്‍  സിനിമയും- ഭാഗം-2 

0
260

ഓസ്ക്കാറും  ഇന്ത്യന്‍  സിനിമയും- ഭാഗം-2      പി.ജി.എസ്   സൂരജ്

ലോകത്തിലെ  ഏറ്റവും   പ്രൗഢമായ  ചലച്ചിത്ര  പുരസ്കാരമായി   കണക്കാക്കുന്ന   ഒന്നാണ്  ഓസ്കാര്‍  അവാര്‍ഡ്. ഏതൊരു  ചലച്ചിത്ര  പ്രവര്‍ത്തകന്‍റെയും  ഏറ്റവും  വലിയ   സ്വപ്നങ്ങളില്‍ ഒന്നായിരിക്കും    ഓസ്കാര്‍  അവാര്‍ഡ്   നേടുക  എന്നുള്ളത്.  വളരെ  കുറച്ചു   ഇന്ത്യക്കാര്‍ക്ക്   മാത്രമേ  ആ  വിശിഷ്ട  പുരസ്കാരം  ലഭിക്കാനുള്ള    ഭാഗ്യം  ഉണ്ടായിട്ടിള്ളൂ. ഇതുവരെ  52 ഇന്ത്യന്‍    സിനിമകള്‍  ഓസ്കാര്‍  അവാര്‍ഡിന്  ഇന്ത്യയില്‍ നിന്നും  നാമനിര്‍ദേശം  ചെയ്തിട്ടുണ്ട്. അതില്‍  വെറും  മൂന്ന്   ചിത്രങ്ങള്‍ക്ക്  മാത്രമാണ് നോമിനേഷന്‍ ലഭിച്ചത്. മദര്‍  ഇന്ത്യ, സലാം ബോംബെ, ലഗാന്‍  എന്നീ  ചിത്രങ്ങളാണ്   അവസാന  റൗണ്ട്  വരെ  എത്തിയ  ഇന്ത്യന്‍  ചിത്രങ്ങള്‍.   ഇന്ത്യയില്‍  നിന്നും  ഓസ്കാര്‍  അവാര്‍ഡിന്   നാമനിര്‍ദേശം   ചെയ്യപെട്ട   ചിത്രങ്ങളെക്കുറിച്ചുള്ള   പ്രത്യേക  ലേഖന പരമ്പരയാണിത്.

സലാം ബോംബെ (1988)
1988 ൽ മീരാ നായർ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് സലാം ബോംബെ. ബോംബേ നഗരത്തിലെ തെരുവുകളില്‍ ജീവിക്കുന്ന കുട്ടികളുടെ നരകതുല്യമായ ജീവിതമായിരുന്നു സിനിമയുടെ പ്രമേയം. മോട്ടോർ വർക്ക്ഷോപ്പിൽ ജോലിചെയ്യുന്ന ചേട്ടൻ കൊണ്ടുവന്ന ബൈക്ക് അരിശത്തിനു കത്തിച്ചതിനാൽ അതിനു വേണ്ട പണമായ അഞ്ഞൂറു രൂപ ഉണ്ടാക്കാൻ അമ്മ സർക്കസ്സിൽ കൊണ്ടാക്കിയ ഗ്രാമീണനായ കൃഷ്ണ എന്ന കുട്ടി അവിടെനിന്നും മഹാനഗരമായ ബോംബെയിലും പിന്നീട് പോക്കറ്റടിക്കാർക്കും കാമാട്ടിപുരയിലെ ലൈംഗികതൊഴിലാളികൾക്കും മയക്കുമരുന്നുകാർക്കും ഒപ്പം ജീവിക്കുന്നു.ഒടുവില്‍ ബോംബേ പോലൊരു നഗത്തില്‍ അഞ്ഞൂറ് രൂപ സമ്പാദിക്കുക എന്നത് തന്നെപ്പോലൊരു കുട്ടിയ്ക്ക് അസാദ്ധ്യമെന്ന് തിരിച്ചറിയുന്ന ക്യഷ്ണ അതിനായി തന്‍റെ  സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു പാര്‍സിയുടെ വീട് പട്ടാപ്പകല്‍ കൊള്ളയടിക്കുകയും വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ പോലീസിന്‍റെ  കയ്യിലകപ്പെടുകയും ചെയ്യുന്നു.  ബോംബെയിലെ ചേരികളിൽ താമസിക്കുന്ന കുട്ടികളുടെ ദൈനംദിന ജീവിതത്തെ ഈ ചിത്രം വിവരിക്കുന്നു. ഇന്നും   വലിയ  മാറ്റമൊന്നും  വരാത്ത  ഇന്ത്യന്‍  സാമൂഹ്യ വ്യവസ്ഥയുടെ   നേർചിത്രമാണ് ഈ   ചിത്രത്തിലൂടെ  മീര നായര്‍   വരച്ച്  കാട്ടുന്നത്.    മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യയിലെ രണ്ടാമത്തെ ചലച്ചിത്രമായിരുന്നു സലാം ബോംബെ. പക്ഷെ ആ വർഷത്തെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കാർ ഡാനിഷ് ചിത്രമായ പെല്ലെ ദി കോൺക്വററിനായിരുന്നു ലഭിച്ചത്. അടുത്തിടെ  അന്തരിച്ച   പ്രശസ്ത   ബോളിവുഡ്  നടന്‍  ഇര്‍ഫാന്‍  ഖാന്‍    ആദ്യമായി   അഭിനയിച്ച   ചിത്രമായിരുന്നു  സലാം  ബോബെ. കാന്‍ ഫിലിം ഫെസ്റ്റിവലിലെ ഗോള്‍ഡന്‍ ക്യാമറ അവാര്‍ഡ് അടക്കം ഒട്ടേറെ ബഹുമതികള്‍ ഈ സിനിമയെ തേടിയെത്തിയിട്ടുണ്ട്.   നിരവധി   അന്താരാഷ്‌ട്ര  പുരസ്കാരങ്ങള്‍  നേടിയിട്ടുള്ള   ചിത്രങ്ങളാണ്   മീര  നായരുടെ  ഭൂരിഭാഗം  ചിത്രങ്ങളും. 1996  ല്‍  പുറത്തിറങ്ങിയ   കാമസൂത്ര : എ ടെയില്‍  ഓഫ്  ലവ്, 2001 ല്‍  പുറത്തിറങ്ങിയ   മണ്‍സൂണ്‍   വെഡിങ്   ആണ്   മീരാനായരുടെ   ഏറ്റവും   ശ്രദ്ധേയമായ   ചിത്രങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here