നീതി തേടി ഉത്തര

0
468

ആസ്വാദനം -മോഹനൻ കെ പി

നോവൽ   – “ഉത്തര”

അനിത ദാസ്‌

ഇന്ത്യയിലെ ദേവദാസി സമ്പ്രദായത്തെ മുൻനിർത്തി രചിക്കപ്പെട്ട നോവലാണ് ‘ഉത്തര’. ഉച്ചുംഗിമലയിലെ ശ്രീ ദുർഗ്ഗാദാസിയാവാൻ ഒരുങ്ങുന്നതു മുതൽ തന്റെ ജീവനായ കാമുകന്റെ കൈകളിൽ വീണൊടുങ്ങുന്നതു വരെയുള്ള ഉത്തരയുടെ ജീവിതമാണ് ഈ പുസ്തകം.

അനിതദാസിന്റെ ഉത്തര എന്ന നോവൽ ഒറ്റയിരിപ്പിലാണ് ഞാൻ വായിച്ചുതീർത്തത്. ദേവദാസി സമ്പ്രദായത്തിന്റെ എരിതീയിൽ വെന്തെരിയുന്നവരുടെ പ്രതീകമാണ് ഉത്തര. ഈ ആചാരത്തിന്റെ ക്രൂര മുഖങ്ങൾ നോവൽ വെളിവാക്കുന്നു. ഉത്തര കർണ്ണാടകയിലെ ഉച്ചുംഗി മലയുടെ താഴ്വരയിൽ വിശാലമായി പരന്നു കിടക്കുന്ന ദുർഗ്ഗാക്ഷേത്രത്തിലെ ദേവദാസികളുടെ പച്ചയായ ജീവിതമാണ് ഈ കൃതി. സീതാരാമർ കേശവപ്പെരുമാൾ എന്ന നാട്ടുപ്രമാണിയുടെ അടിമകളായി ദാസിപ്പുരയിൽ വസിക്കാൻ നിർബന്ധിതരായ ദേവദാസികളുടെ കരളലിയിക്കുന്ന കഥയാണ് അനിതാ ദാസ് അഭ്രപാളികളിലെന്നപോൽ ഉത്തരയിലൂടെ വരച്ചുകാട്ടുന്നതു്. ആചാരങ്ങളുടെ മതിൽ കെട്ടിൽ തളച്ചിടപ്പെട്ട സമകാലീന സമൂഹത്തിൽ പ്രതിഷേധത്തിന്റെ തീജ്വാലകളുയർത്തുന്ന സ്ത്രീ വിമോചന പോരാട്ടത്തിന്റെ കഥ പറയുകയാണ് ഉത്തര എന്ന വൃദ്ധ. നോവലിന്റെ അവസാന ഭാഗം ഇങ്ങിനെ. ” പാവപ്പെട്ട കുരുന്നു പെൺകുട്ടികളുടെ നിർമ്മല ജീവിതം തച്ചുടക്കുന്ന അനാചാരമായ ദേവദാസി സമ്പ്രദായത്തിനെതിരെ അവിടുത്തെ ജനത ഒന്നടങ്കം എതിർപ്പു പ്രകടിപ്പിക്കുകയായിരുന്നു. ഇനിയും ഒരു ദേവദാസിയും ജനിക്കരുത് എന്നുള്ളത് അവരുടെ ആവശ്യമായി ആ ജനതക്കു തോന്നി. ”

ചുക്കിച്ചുളിഞ്ഞ, എന്നാൽ ഐശ്വര്യം തുടിക്കുന്ന മുഖവുമായി വൃദ്ധയായ ഉത്തരയെയാണ് നോവൽ ആരംഭിക്കുമ്പോൾ നാം കാണുന്നത്. അവളുടെ ഓർമ്മകളിലൂടെ നോവൽ ഒഴുകുന്നു, ഒരു നദി പോലെ. ദരിദ്രരായ ശാലു ക്യന്റെയും ശകുന്തളയുടേയും മകളാണ് ഉത്തര . അവൾ ദേവദാസിയായി പെരുമാളിന്റെ ദാസിപ്പുരയിലെത്തുന്നതോടെ ആ കുടുംബം രക്ഷപ്പെടുന്നു . പെരുമാളിന്റെ കാര്യസ്ഥനായ കൗശികനാണ് ഉത്തരയെ ദേവദാസിപ്പുരയിലെത്തിക്കാൻ നിയോഗിക്കപ്പെട്ടത്. എല്ലാറ്റിനും കൂട്ടുനിൽക്കേണ്ടി വരുമ്പോഴും ഉത്തരയിൽ തന്റെ മകളെ കാണുന്ന കൗശികൻ നിസ്സഹായനായ മനുഷ്യന്റെ ദൈന്യ മുഖമായി നമുക്കു മുന്നിൽ നിൽക്കുന്നു. ദേവദാസിപ്പുരയുടെ നടത്തിപ്പു ചുമതലക്കാരിയാണ് മായ. അമ്മ മനസ്സിന്റെ സ്നേഹവും നിസ്സഹായതയും ഈ കഥാപാത്രത്തിൽ നിറഞ്ഞു നിൽക്കുന്നു . പെരുമാൾ ഉത്തരയെ പ്രാപിക്കുന്ന രംഗവും അവളുടെ നിസ്സഹായാവസ്ഥയും മായയുടെ ദുഃഖഭാരവും എല്ലാം സരളമായി ചിത്രീകരിച്ചിരിക്കുകയാണ് കഥാകാരി . പെരുമാളിന്റെ മകൻ സുദേവനും ഉത്തരയും തമ്മിലുള്ള നിശബ്ദ പ്രണയം വായനയിൽവരികളിലൂടെ കടന്നുപോകുന്നതു കാണാം. പെരുമാളിന്റെ നീചകൃത്യങ്ങൾക്ക് കൂട്ടു നിൽക്കുന്ന വിശ്വസ്ഥവിധേയനായ സുരുചി നെഗറ്റീവ് ക്യാരക്റ്ററിൽ ആണെങ്കിൽ പോലും ഏറേ തിളങ്ങി നിൽക്കുന്നു . സുദേവനും ഉത്തരയും തമ്മിലുള്ള ബന്ധം സുരുചിയിലൂടെ അറിയുന്ന പെരുമാൾ ഉത്തരയെ തന്റെ സുഹൃത്തുക്കളായ പ്രമാണിമാർക്ക് ഭോഗിക്കാൻ ഇട്ടു കൊടുക്കുന്നു . എന്നാൽ ഒരു അമാവാസി ദിനത്തിൽ സുദേവനും ഉത്തരയും ഒളിച്ചോടുന്നു. വഴിയിൽ അവർ പിടിക്കപ്പെടുന്ന അവസ്ഥയിൽ രക്ഷപ്പെട്ട് ഓടുകയും തുടർന്ന് വേർപിരിയുകയും ചെയ്യുന്നു. ശക്തമായ കഥാതന്തുവിൽ മെനഞ്ഞെടുത്ത കെട്ടുറപ്പുള്ള കഥയായി ഉത്തര ആസ്വാദക മനസ്സുകളിൽ നിറഞ്ഞു നിൽക്കുക തന്നെ ചെയ്യും. കഥയിൽ ഇടക്കിടക്കു പ്രത്യക്ഷപ്പെടുന്ന കാളവണ്ടി ആ പഴയ കാലഘട്ടത്തെ ഓർമ്മപ്പെടുത്തുകയും വണ്ടി വലിക്കാൻ വിധിക്കപ്പെട്ട കാളകളുടെ അടിമ ജീവിതം ദൃശ്യമാക്കി ദേവദാസികളടക്കമുള്ള അടിമ വർഗ്ഗത്തിന്റെ ദൈന്യതയും നോവലിൽ പറയാതെ പറഞ്ഞു വക്കുന്നു. അവസാനത്തിൽ അനാചാരത്തിനും അടിമത്വത്തിനും എതിരെ ഉയർത്തെഴുന്നേൽക്കുന്നൊരു ജനതയെ വരച്ചുകാട്ടുന്നതിലൂടെ, എല്ലാത്തരം അനീതികൾക്കും അധർമ്മത്തിനുമെതിരെ, പ്രതീക്ഷയുടെ ഒരുനാൾ ഉണ്ടെന്ന് എഴുത്തുകാരി നമ്മോടു പറയുന്നു.

മുഖം നഷ്ടമായ ദേവദാസികളുടെ മനസ്സും ശരീരവും അനുഭവിച്ച തീഷ്ണമായ നൊമ്പരങ്ങളുടെ അനുഭവസാക്ഷ്യമാണ് ഈ ചെറുനോവൽ.

ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ച ഈ കൃതി അധികാരത്തിന്റെ ഉന്നത കേന്ദ്രങ്ങൾ ആചാരങ്ങളും അനുഷ്ഠാനങ്ങളും പണവും മുൻനിർത്തി നൂറ്റാണ്ടുകളായി സ്ത്രീകളെ എങ്ങിനെ ചൂഷണം ചെയ്യുന്നു എന്ന് ഒരു കണ്ണാടിയിലെന്ന പോലെ കാട്ടിത്തരുന്നു.

അനുവാചകനിൽ പൊള്ളുന്ന ഒരു നൊമ്പരം കോറിയിടാൻ ഈ നോവലിലൂടെ കഥാകാരിക്ക് കഴിഞ്ഞിരിക്കുന്നു.

ചിന്ത പബ്ളിഷേഴ്സ്

വില – 110

LEAVE A REPLY

Please enter your comment!
Please enter your name here