മലയാളത്തിന്റെ പ്രിയപ്പെട്ട കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 112-ാം ജന്മവാർഷികദിനം

0
107

മലയാപ്പുലയനാ മാടത്തിൻമുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു. മനതാരിലാശകൾപോലതിലോരോരോ മരതകക്കൂമ്പു പൊടിച്ചുവന്നു. അരുമാക്കിടാങ്ങളിലോന്നായതിനേയു- മഴകിപ്പുലക്കള്ളിയോമനിച്ചു.

മഴയെല്ലാം പോയപ്പോൾ, മാനം തെളിഞ്ഞപ്പോൾ മലയൻറെ മാടത്ത പാട്ടുപാടി. മരമെല്ലാം പൂത്തപ്പോൾ കുളിർകാറ്റു വന്നപ്പോൾ മലയൻറെ മാടവും പൂക്കൾ ചൂടി. വയലിൽ വിരിപ്പൂ വിതയ്ക്കേണ്ട കാലമായ്‌ വളരെ പ്പണിപ്പാടു വന്നു കൂടി. ഉഴുകുവാൻ രാവിലെ പോകും മലയനു- മഴകിയും-പോരുമ്പോളന്തിയാവും…….

ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ …… ” തന്റെ മറ്റു കൃതികളിൽ നിന്നു വ്യത്യസ്തമായി ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന സാമൂഹ്യ അസമത്വങ്ങളോട് ചങ്ങമ്പുഴ ‘വാഴക്കുല’ എന്ന കവിതയിലൂടെ പ്രതികരിച്ച…. മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാള കവികളില്‍നിന്നു തികച്ചും ഒറ്റപ്പെട്ടു നില്‍ക്കുന്നു മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള.
ഒരു നിർധന കുടുംബത്തിലെ അംഗമായി 1911 ഒക്ടോബർ 10 ന്‌ ജനിച്ചു. എറണാകുളം ജില്ലയിൽ
ഇടപ്പള്ളി ചങ്ങമ്പുഴ തറവാട്ടിലെ പാറുക്കുട്ടിയമ്മയാണ്‌ അമ്മ തെക്കേടത്തു വീട്ടിൽ നാരായണ മേനോൻ അച്ഛൻ. ഇടപ്പള്ളി, ആലുവ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ്‌ ആൽബർട്ട്സ് സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.
എറണാകുളം മഹാരാജാസ്‌ കോളേജിലും തുടർന്ന് തിരുവനന്തപുരം ആർട്ട്സ്‌ കോളേജിലും പഠിച്ച്‌ ഓണേഴ്സ്‌ ബിരുദം നേടി. മഹാരാജാസ്‌ കോളേജിൽ പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ പ്രശസ്തനായ കവിയായിത്തീർന്നിരുന്നു. ആ സമയത്താണ് പ്രസിദ്ധകൃതികളെല്ലാം പുറത്തുവന്നത്. വിദ്യാഭ്യാസ കാലത്തു തന്നെ അദ്ദേഹം ശ്രീദേവി അമ്മയെ വിവാഹം ചെയ്‌തു. പഠനത്തിനുശേഷം സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാൾ അവിടെ തുടർന്നില്ല. രണ്ടുവർഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലോ കോളേജിൽ ചേർന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കുമടങ്ങി.

പിൽക്കാലത്ത്‌ ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ്‌ രചിക്കപ്പെട്ടത്‌. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം ജോലി ചെയ്തു. അനന്തരം അദ്ദേഹം എഴുത്തിൽ മുഴുകി ഇടപ്പള്ളിയിൽ സകുടുംബം താമസിക്കുന്നതിനിടെ വാതം ക്ഷയം മുതലായ രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയെങ്കിലും എന്തും സഹിച്ചും ജീവിതം ആസ്വദിക്കുവാൻ അതീവതാൽപര്യം കാണിച്ചെങ്കിലും
കേരളത്തിലെ സഹൃദയ ലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്‌ 1948 ജൂൺ 17 ന് 37-ാം വയസ്സിൽ
ഈ ലോകത്തോട്‌ യാത്രപറഞ്ഞു. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഇടപ്പള്ളിയില്‍ ചങ്ങമ്പുഴ സാംസ്‌കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, പാര്‍ക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വര്‍ഷം തോറും ചങ്ങമ്പുഴയുടെ ഓര്‍മ്മയ്ക്ക് വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു പോരുന്നു. 2017-ല്‍ കൊച്ചി മെട്രോ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ചങ്ങമ്പുഴ പാര്‍ക്ക് ആസ്ഥാനമായി ഒരു റെയില്‍വേ സ്‌റ്റേഷനും നിലവില്‍ വന്നു.

അതിമനോഹരങ്ങളായ കാവ്യങ്ങൾ കൊണ്ടുതന്നെയാവാം ജോസഫ് മുണ്ടശ്ശേരി അദ്ദേഹത്തെ ‘നക്ഷത്രങ്ങളുടെ പ്രേമഭാജനം’ എന്നു വിശേഷിപ്പിച്ചത്. കവിതാസമാഹാരങ്ങൾ ഖണ്ഡകാവ്യങ്ങൾ പരിഭാഷകൾ നോവലുകൾ ഉൾപ്പെടെ 57 കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്‌. 1936 ലാണ് മലയാളത്തിലെ ആദ്യത്തെ ആരണ്യക നാടകീയ വിലാപ കാവ്യമായ രമണൻ രചിച്ചത്.

കുടിൽ തൊട്ടു കൊട്ടാരം വരെ സാക്ഷരനിലും, നിരക്ഷരനിലും രമണന്റെ സ്വാധീനം ഉണ്ടായി. രമണൻ എന്ന നിർധനനായ ഇടയയുവാവിന്റെയും ചന്ദ്രിക എന്ന ധനികയുവതിയുടെയും പ്രണയം, അവസാനം വഞ്ചിതനാകുന്ന നായകന്റെ ആത്മഹത്യ എന്നിവയാണ് കാവ്യപ്രമേയം. ആർഭാടങ്ങളിൽ നിന്നകന്നു ലളിതമായൊരു ജീവിതത്തെ മധുരഗാനങ്ങൾ കൊണ്ട് നിറച്ചിരുന്ന ഒരു യുവാവുമായി ഉന്നത കുല ജാതിയിലെ കന്യക അനുരാഗത്തിലാകുന്നു. തന്റെ സാമുദായിക പരിഗണന മനസ്സിലാക്കി അവൻ അവളെ ആ സാഹസത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ അവളത് സമ്മതിക്കുന്നില്ല. രമണന്റെ പ്രേമത്തെ അഭിനന്ദിക്കാൻ മദനനും, അവളുടെ പ്രേമത്തെ ബലപ്പെടുത്താൻ ഒരു തോഴിയുമുണ്ട്‌. എന്നാൽ നായികയുടെ പിതാവിന്റെ തീരുമാനം അനുസരിക്കേണ്ടി വരുമ്പോൾ രമണനെ ചന്ദ്രിക തന്റ്റെ ഹൃദയ കോവിലിൽനിന്നും യാതൊരു അല്ലലും കൂടാതെ കുടിയിറക്കുന്നു. ചന്ദ്രികയെ നഷ്ടപ്പെട്ട രമണൻ ആത്മഹത്യ ചെയ്യുന്നു. രമണന്റെ തണുത്തുറഞ്ഞ ശരീരം കണ്ട മദനൻ പറയുന്ന ഏതാനും വരികളിലൂടെ കവിത അവസാനിക്കുന്നു. ‘ഗ്രാമീണ വിലാപകാവ്യം’ എന്നു കവി വിശേഷിപ്പിച്ച ഈ കാവ്യത്തിന്റെ രൂപകല്പനയ്ക്ക് ഇംഗ്ലിഷിലെ ‘പാസ്‌റ്ററൽ എലിജി’ മാതൃകയായിട്ടുണ്ട്. ഗ്രാമീണ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെ രംഗങ്ങൾ സൃഷ്ടിക്കുക, അതിൽ ഗ്രാമീണാനുരാഗകഥയുടെ പുളകം കൊള്ളിക്കുന്ന രംഗങ്ങൾ സന്നിവേശിപ്പിക്കുക, കഥാപാത്രങ്ങളെയും ഭാവങ്ങളെയും ക്ഷതങ്ങൾ പറ്റാതെ ആവിഷ്കരിക്കുക ഇതൊക്കെയാണ് രമണന്റെ പ്രത്യേകതകൾ. ഉറ്റസുഹൃത്തായിരുന്ന ഇടപ്പള്ളി രാഘവൻ പിള്ളയുടെ ആത്മഹത്യ ചങ്ങമ്പുഴയിൽ ഉളവാക്കിയ തീവ്രവ്യഥയാണ് ദുഃഖപര്യവസായിയായ ഈ കൃതിയായി പരിണമിച്ചത്.

“മലരണിക്കാടുകൾ തിങ്ങിവിങ്ങി,
മരതകകാന്തിയിൽ മുങ്ങിമുങ്ങി,
കരളും മിഴിയും കവർന്നുമിന്നി
കറയറ്റൊരാലസൽ ഗ്രാമഭംഗി
പുളകം‌പോൽ കുന്നിൻപുറത്തുവീണ
പുതുമൂടൽമഞ്ഞല പുല്കി നീക്കി,
പുലരൊളി മാമലശ്രേണികൾതൻ-
പുറകിലായ് വന്നുനിന്നെത്തിനോക്കി.
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെ-
ന്തവിടെല്ലാം പൂത്ത മരങ്ങൾമാത്രം;
ഒരു കൊച്ചു കാറ്റെങ്ങാൻ വന്നുപോയാൽ
തുരുതുരെപ്പൂമഴയായി പിന്നെ!” കർണ്ണം കുളിർപ്പിക്കുന്ന സംഗീത മാധുര്യവും രൂപപ്പൊലിമയും ഹൃദയം കവരുന്ന സാരള്യവും ചങ്ങമ്പുഴ കവിതകളുടെ മുഖമുദ്രയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here