സഖാവ് ആനത്തലവട്ടം ആനന്തൻ അന്തരിച്ചു

0
112

തൊഴിലാളി വർഗ്ഗത്തിന്റെ അനിഷേധ്യനായ സമരസഖാവ്

ഏഴു ശബ്ദത്തിൽ അധികം നീണ്ട തൊഴിലാളി സംഘടനാ പ്രവർത്തനത്തിന്റെ ശേഷിപ്പുമായി വിടവാങ്ങി. 86 വയസ്സായിരുന്നു.

സിഐടിയു സംസ്ഥാന പ്രസിഡണ്ടും അഖിലേന്ത്യ വൈസ് പ്രസിഡന്റും ആയി പ്രവർത്തിക്കുക ആയിരുന്നു സഖാവ്.

എണ്ണമറ്റ സമരമുഖങ്ങൾക്ക് നേതൃത്വം നൽകുകയും കമ്മ്യൂണിസ്റ്റ് പാർട്ടിയെ കെട്ടിപ്പടുക്കുന്നതിന് വേണ്ടി അടിയന്തരാവസ്ഥക്കാലത്ത് പോലും സംസ്ഥാനമൊട്ടാകെ ഒളിവിൽ പ്രവർത്തിക്കുകയും ചെയ്ത സഖാവ് സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി ഒരു വ്യാഴവട്ടകാലം പ്രവർത്തിച്ചു.

കാൻസർ രോഗം ബാധിച്ച് ആശുപത്രിയിൽ ആയ ശേഷവും അടിസ്ഥാന തൊഴിലാളി വർഗത്തിന്റെ അവകാശങ്ങൾക്ക് സഖാവ് നേതൃത്വം നൽകി.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരുകൾ സംസ്ഥാനം ഭരിക്കുമ്പോഴും തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി എണ്ണമറ്റ സമരമുഖങ്ങളിൽ അദ്ദേഹം പോരാടി.

വിദ്യാർത്ഥി ആയിരുന്ന കാലഘട്ടത്തിൽ കയർ തൊഴിലാളികളെ സംഘടിപ്പിച്ചു തുടങ്ങിയ തന്റെ സമര ജീവിതം ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് മുന്നിലും തൊഴിലാളികളുടെ അവകാശത്തിന് വേണ്ടി സമരത്തിന് നേതൃത്വം നൽകുന്നതിൽ നിന്നും സഖാവിനെ പിന്തിരിപ്പിയില്ല. ഭരണവും സമരവും എന്ന സിദ്ധാന്തം കമ്മ്യൂണിസ്റ്റ് പാർടിയുടെ മാർഗ രേഖയായി മാറിയത് 1957 ൽ സഖാവ് ആനത്തലവട്ടം ആനന്ദൻ നേതൃത്വം നൽകിയ ആനത്തലവട്ടത്തെ കയർ തൊഴിലാളികളുടെ സമരമായിരുന്നു.

1956 ൽ പാർടി അംഗമായ സഖാവ്,
1971 ൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായും 1984 ൽ സംസ്ഥാന കമ്മിറ്റി അംഗമായും 2009ൽ സംസ്ഥാന സെകട്ടറിയേറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന അംഗമായ സഖാവ് നിലവിൽ പാർടി സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു.

1956 ൽ കയർത്തൊഴിലാളികളെ സംഘടിപ്പിച്ചു തുടങ്ങിയ സഖാവ് ട്രേഡ് യൂണിയൻ രംഗത്ത് നിരവധി സംഘടനകൾക്ക് നേതൃത്വം നൽകുകയും അവയ്ക്കെല്ലാം ദിശാബോധം നൽകുകയും ചെയ്തു. സ്വയം ഒരു തൊഴിലാളി ആയി പ്രവർത്തിച്ചിരുന്ന സഖാവിന് തൊഴിലാളികളുടെയും അശരണരുടെയും ബുദ്ധിമുട്ടുകൾ മനസ്സിലാക്കാനും അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് നേതൃത്വം നൽകാനുമായി. എത്രയോ തിരുവോണങ്ങൾ സെക്രട്ടറിയേറ്റിനു മുന്നിൽ പട്ടിണി സമര ദിനങ്ങളായി.
പാർലമെന്ററി രംഗത്ത് ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റായും മൂന്നു തവണ ആറ്റിങ്ങൽ നിയോജമണ്ഡലം പ്രതിനിധി ആയും പ്രവർത്തിച്ചു. കയർ ഫെഡിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റും കയർ ബോർഡിന്റെ വൈസ് ചെയർമാനും ആയി നീണ്ട കാലം പ്രവർത്തിച്ചു. സർക്കാരിന്റെ ചീഫ് വിപ്പായും കയർ കമ്മീഷൻ, ഫോം മാറ്റിംഗ് സ് ലിമിറ്റഡ് എന്നിവയുടെ ചെയർമാനായും പ്രവർത്തിച്ചു. നിയമസഭയിലെ വിവിധ കമ്മിറ്റികളുടെ ചെയർമാൻ ആയും പാനൽ ഓഫ് സ്പീക്കേർസിൽ അംഗമായും പ്രവർത്തിച്ചു. അപ്പക്സ് ബോഡി ഫോർ കയറിന്റെ വൈസ് ചെയർമാൻ ആയി ചുമതല വഹിക്കുക ആയിരുന്നു.
സിഡ്കോ, സെറിഫെഡ്, ടൈറ്റാനിയം, കെ.എഫ്.സി, കെ.എസ്.ആർ.ടി.സി, കേരള ബാങ്ക്, ബിവറേജസ് കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളി ഉദ്യോഗസ്ഥ സംഘടനകൾക്ക് നേതൃത്വം നൽകി.

2000 ലെ കയർ ബോർഡിന്റെ കയർ മില്ലെനിയം അവാർഡ്, കേന്ദ്ര എം.എസ്.എം. ഇ വകുപ്പിന്റെ 2016ലെ കയർ മിത്ര അവാർഡ്, സംസ്ഥാന സർക്കാരിന്റെ 2009 ലെ കയർ അവാർഡ്, 2011 ലെ കയർ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാനയ്ക്കുള്ള പുരസ്കാരം, 2016 ലെ സി. കേശവൻ മെമ്മോറിയൽ അവാർഡ്, 2018 ലെ എൻ.ശ്രീകണ്ഠൻ നായർ പുരസ്കാരം, 2021 ലെ ഐ.എൻ.എ. ഹീറോ വക്കം ഖാദർ അവാർഡ്, 2022 ലെ സ.എം. കാസീം കുഞ്ഞ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here