ഡെപ്യൂട്ടി സ്പീക്കർ വി.ശശിയുടെ നേതൃത്വത്തിൽ കഠിനംകുളം ഗ്രാമപഞ്ചായത്തിൽ അവലോകനയോഗം

0
544

കഴക്കൂട്ടം: പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഡെപ്യൂട്ടി സ്പീക്കർ വി.ശശിയുടെ നേതൃത്വത്തിൽ കഠിനംകുളം ഗ്രാമപഞ്ചായത്തിൽ അവലോകനയോഗം ചേർന്നു.
പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങൾ പ്രസിഡന്റ് വിശദീകരിച്ചു.

പഞ്ചായത്ത് പരിധിയിൽ 226 വ്യക്തികൾ നിരീക്ഷണത്തിൽ ഉണ്ടായിരുന്നു. വീടുകളിൽ നിരിക്ഷണത്തിൽ കഴിയുന്ന ഇവരിൽ 123പേർക്ക് സപ്ലൈകോ നൽകിയ കിറ്റുകൾ സന്നദ്ധ സേനാംഗങ്ങൾ മുഖേന വിതരണം ചെയ്തു. ശേഷിക്കുന്ന 103പേർക്കുള്ള കിറ്റുകൾ ഇതുവരെ ലഭിച്ചിട്ടില്ല. തഹസീൽദാരുടെ കൺകറൻസ് ലഭിക്കാത്തതാണ് ഇതിന് കാരണം. ഈ വിഷയത്തിൽ തഹസീൽദാറുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ നീക്കാമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഉറപ്പ് നൽകി.

ആദ്യ ഘട്ടത്തിൽ മൂന്ന് സമൂഹ അടുക്കള വഴി 575പേർക്കാണ് ഭക്ഷണം തയ്യാറാക്കി നൽകിയിരുന്നത്. ഇതിൽ സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ നിർവ്വാഹമില്ലാത്ത 130 പേർക്ക് മാത്രമായി ചാന്നാങ്കര സ്കൂളിൽ ഒരു സമൂഹം അടുക്കള നിലനിർത്തിയ ശേഷം മറ്റുള്ളവർക്ക് ഭക്ഷ്യധാന്യ-പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കൂടാതെ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത 510 അതിഥി തൊഴിലാളികൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം നടത്തി. രണ്ടാം ഘട്ടം കിറ്റ് വിതരണത്തിനുള്ള നടപടികൾ തുടങ്ങിയതായി പ്രസിഡന്റ് അറിയിച്ചു.

പുതുക്കുറിച്ചി ആരോഗ്യ കേന്ദ്രത്തിൽ പുതുതായി പണികഴിപ്പിച്ച ഡീഅഡിക്ഷൻ മന്ദിരത്തിൽ കിടക്കകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കി അടിയന്തിര സാഹചര്യം നേരിടാൻ സജ്ജമാക്കണമെന്ന് അറിയിച്ചു
പുത്തൻതോപ്പ് ആരോഗ്യ കേന്ദ്രത്തിലെ പണിപൂർത്തിയായ മന്ദിരവും സമാനരീതിയിൽ പ്രവർത്തനസജ്ജമാക്കാൻ യോഗത്തിൽ സന്നിഹിതയായിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് ഡെപ്യൂട്ടി സ്പീക്കർ നിർദ്ദേശം നൽകി.
പതിനായിരം മാസ്കുകൾ പഞ്ചായത്ത് നിർമ്മിച്ച് നൽകിയിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും സന്നദ്ധസേനാംഗങ്ങൾക്കും കൂടുതൽ മാസ്കുകൾ ആവശ്യമായതിനാൽ അതിനുള്ള നടപടികൾ സ്വീകരിക്കാനും പുതുക്കുറിച്ചി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

പഞ്ചായത്ത് പരിധിയിൽ ഒറ്റപ്പെട്ട് താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് പഞ്ചായത്ത് മുഖേന നൽകുന്ന സഹായങ്ങൾ തുടരണമെന്നും അതിഥി തൊഴിലാളികൾ അവരുടെ വാസസ്ഥലത്തിന് പുറത്ത് സ്വതന്ത്ര സഞ്ചാരം നടത്തുന്ന പ്രവണത കൂടിവരുന്നതിനാൽ ഇക്കാര്യം പോലീസിന്റെ ശ്രദ്ധയിൽ കൊണ്ട് വരണമെന്ന് തീരുമാനിച്ചു.

സർക്കാരിന്റെ നിർദേശപ്രകാരം ജനകീയ ഹോട്ടൽ ചാന്നാങ്കരയിൽ ആരംഭിച്ചു. പഞ്ചായത്ത് ഓഫീസ് വളപ്പിലുള്ള മന്ദിരം അറ്റകുറ്റപ്പണികൾ പൂർത്തി ആയതിനാൽ തിങ്കളാഴ്ച മുതൽ ജനകീയ ഹോട്ടൽ ഇവിടേക്ക് മാറ്റുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഇവിടെ നിന്നും 20 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കും. വീടുകളിൽ എത്തിക്കുന്നതിന് 25 രൂപ ഈടാക്കും.

വേനൽക്കാലം രൂക്ഷമാകുന്ന സാഹചര്യത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജിപിഎസ് ഘടിച്ച ടാങ്കറുകൾ ലഭ്യമാക്കാനുള്ള നടപടികൾ കളക്ടർ മുഖേന ഏർപ്പാടാക്കും

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷാനിഫാബീഗം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഫെലിക്സ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റൊളുദോൻ,റാഫേൽ പഞ്ചായത്ത് അംഗങ്ങളായ സുകു കുമാർ, ഷിബു, പഞ്ചായത്ത് സെക്രട്ടറി ശ്രീമതി.മിനി.ജെ,അസി: സെക്രട്ടറി സനൽകുമാർ.എം
പുതുക്കുറിച്ചി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ: ഗോഡ്ഫ്രെ, ചേരമാൻതുരുത്ത് ആയുർവ്വേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫിസർ ഡോ:ഷർമ്മദ്ഖാൻ, ഹെൽത്ത് ഇൻസ്പെക്ടർ സാം വില്ലിംഗ്ഡൺ, കുടുംബശ്രീ ചെയർപേഴ്സൺ സീനത്ത് എന്നിവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here