ഓസ്ക്കാറും ഇന്ത്യന്‍ സിനിമയും – ഭാഗം – 3

0
257

ഓസ്ക്കാറും  ഇന്ത്യന്‍  സിനിമയും – ഭാഗം – 3
പി.ജി.എസ്  സൂരജ്

ലോകത്തിലെ  ഏറ്റവും   പ്രൗഢമായ  ചലച്ചിത്ര  പുരസ്കാരമായി   കണക്കാക്കുന്ന   ഒന്നാണ്  ഓസ്കാര്‍  അവാര്‍ഡ്. ഏതൊരു  ചലച്ചിത്ര  പ്രവര്‍ത്തകന്‍റെയും  ഏറ്റവും  വലിയ   സ്വപ്നങ്ങളില്‍ ഒന്നായിരിക്കും    ഓസ്കാര്‍  അവാര്‍ഡ്   നേടുക  എന്നുള്ളത്.  വളരെ  കുറച്ചു   ഇന്ത്യക്കാര്‍ക്ക്   മാത്രമേ  ആ  വിശിഷ്ട  പുരസ്കാരം  ലഭിക്കാനുള്ള    ഭാഗ്യം  ഉണ്ടായിട്ടിള്ളൂ. ഇതുവരെ  52 ഇന്ത്യന്‍    സിനിമകള്‍  ഓസ്കാര്‍  അവാര്‍ഡിന്  ഇന്ത്യയില്‍ നിന്നും  നാമനിര്‍ദേശം  ചെയ്തിട്ടുണ്ട്. അതില്‍  വെറും  മൂന്ന്   ചിത്രങ്ങള്‍ക്ക്  മാത്രമാണ് നോമിനേഷന്‍ ലഭിച്ചത്. മദര്‍  ഇന്ത്യ, സലാം ബോംബെ, ലഗാന്‍  എന്നീ  ചിത്രങ്ങളാണ്   അവസാന  റൗണ്ട്  വരെ  എത്തിയ  ഇന്ത്യന്‍  ചിത്രങ്ങള്‍.   ഇന്ത്യയില്‍  നിന്നും  ഓസ്കാര്‍  അവാര്‍ഡിന്   നാമനിര്‍ദേശം   ചെയ്യപെട്ട   ചിത്രങ്ങളെക്കുറിച്ചുള്ള   പ്രത്യേക  ലേഖന പരമ്പരയാണിത്.

ലഗാൻ (2001)

2001 ൽ പുറത്തിറങ്ങിയ ആമിർ ഖാന്റെ ഹിന്ദി ചലച്ചിത്രമാണ് ‘ലഗാൻ’. അശുതോഷ് ഗോവാരിക്കർ സം‌വിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിർ‌വ്വഹിച്ചത് കെ പി സക്സേനയാണ്.ഇന്ത്യന്‍ ജനതയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞുകൊണ്ടാണ് ലഗാന്‍ എന്ന ചിത്രവിസ്മയം  അഭ്രപാളികളിലെത്തിയത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ ചംപാരന്‍ എന്ന ഗ്രാമത്തിന്റെ ക്രിക്കറ്റ് വിജയത്തിന്റെ കഥ പറഞ്ഞ ഈ ചിത്രം ഹിന്ദി  സിനിമ  പ്രേമികള്‍ക്ക്  ഒരു പുത്തന്‍  അനുഭവമായിരുന്നു.  കഥയുടെ ആശയം അശുതോഷ് ഗോവാരിക്കർ 1996 മുതലുള്ള പ്രയത്നങ്ങൾക്കൊടുവിലാണ് രൂപവത്കരിച്ചത്.
“ഇന്‍ഡസ്ട്രിയില്‍ സര്‍ഗാത്മകവും പ്രായോഗികവുമായ മാറ്റങ്ങള്‍ വരുത്താന്‍ ലഗാനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ശ്രമിച്ചാല്‍ എന്തുവേണമെങ്കിലും സാധിച്ചെടുക്കാനാവുമെന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ വളര്‍ത്താന്‍ ലഗാന്‍ സഹായിച്ചിട്ടുണ്ട്. സിനിമാമേഖലയിലേക്ക് കടന്നുവരുന്നതില്‍നിന്നും യുവതലമുറയെ വിലക്കുന്ന പല ഘടകങ്ങളുമുണ്ട്.എന്നാല്‍ ലഗാനുശേഷം അവരും മാറി ചിന്തിക്കാന്‍ തുടങ്ങി എന്നതാണ് വാസ്തവം”  ലഗാന്‍   റിലീസായ   സമയത്ത്   ഒരു  അഭിമുഖത്തിനിടയില്‍   അമീര്‍ഖാന്‍   പറഞ്ഞു. എത്ര അസാധ്യമെന്നു തോന്നിയാലും സ്വപ്‌നം കൈവെടിയാതെ നടപ്പാക്കാന്‍ ശ്രമിക്കണം  എന്ന  വലിയ  സന്ദേശമാണ്   ലഗാന്‍  മുന്നോട്ട്   വയ്ക്കുന്നത്.  മനോഹരമായ  ഗാനങ്ങള്‍  കൊണ്ട്  സംബന്നമായിരുന്നു   ലഗാന്‍.  ജാവേദ് അക്തര്‍   എഴുതിയ   വരികള്‍ക്ക്   സംഗീതം കൊണ്ട്   വിസമയം   തീര്‍ത്തത്  എ.ആർ. റഹ്‌മാൻ ആയിരുന്നു. ഇന്ത്യയ്ക് അകത്തും പുറത്തുമായി  40 ഓളം അവാർഡുകളാണ്   ലഗാൻ കരസ്ഥമാക്കിയത്. ആമിർഖാൻ ആദ്യമായി സ്വന്തമായി നിർമിച്ച ചിത്രം കൂടിയാണ് ലഗാന്‍. ബഡ്ജറ്റ് 25 കോടിയോളം രൂപ  ചെലവാക്കി  നിര്‍മ്മിച്ച  ചിത്രം അന്നത്തെ അവസ്ഥയിൽ വന്‍ വിജയം  നേടിയെന്നത്    അദ്ഭുതം  ത്തന്നെയാണ്.
ബ്രിട്ടിഷ് ഭരണ കാലത്തെ ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ക്യാപ്റ്റൻ റസ്സൽ എന്ന ബ്രിട്ടീഷ് ഭരണാധികാരി തന്റെ ഗ്രാമത്തിൽ വളരെ വലിയ ഭൂനികുതി ഏർപ്പെടുത്തി. ഇതിൽ കുപിതനായ ഭുവൻ എന്ന ചെറുപ്പക്കാരൻ ഗ്രാമവാസികളോട് ഈ നടപടി എതിർക്കാൻ ആവശ്യപ്പെടുന്നു. പ്രശ്നം പരിഹരിക്കാൻ ക്യാപ്റ്റൻ റസ്സൽ ഒരു നിർദ്ദേശം വെച്ചു, “ക്രിക്കറ്റ് കളിയിൽ തന്റെ ടീമിനെ തോൽപ്പിച്ചാൽ നികുതി റദ്ദാക്കാം”. അങ്ങനെ പരിചയമില്ലാത്ത കളി കളിക്കുക എന്ന കടമ്പ കടക്കുകയാണ് ലഗാൻ എന്ന ചലച്ചിത്രത്തിൻറെ ഇതിവൃത്തം. ദേശിയ അന്തർ ദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ലഗാൻ ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ ചിത്രമായിരുന്നു ലഗാൻ. ഇന്ത്യൻ ജനത ഒന്നടങ്കം ഈ സിനിമയുടെ ഓസ്കാർ വിജയത്തിനായി കാത്തിരുന്നെങ്കിലും നിർഭാഗ്യവശാൽ ലഗാനെ തഴഞ്ഞു അക്കൊല്ലത്തെ ഓസ്കാർ ബോസ്‌നിയൻ ചിത്രമായ ‘നോ മാൻസ് ലാന്റ്’ നു കൊടുക്കുകയായിരുന്നു ജൂറികൾ ചെയ്തത്.
( തുടരും)

LEAVE A REPLY

Please enter your comment!
Please enter your name here