ഡാം വാട്ടര്‍ മാനേജ്മെന്റിന് വിശാല വിദഗ്ധസമിതിയെ നിയോഗിക്കണം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

0
326

കേരളത്തിൽ ഈ വർഷവും മൺസൂണില്‍ സാധാരണയോ അതില്‍ കവിഞ്ഞോ മഴയുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു തന്ന സാഹചര്യത്തിലും കഴിഞ്ഞ രണ്ടു വർഷങ്ങളിലേതുപോലെ ഏതാനും ദിവസങ്ങളിൽ അതിവർഷത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലും കേരളത്തിലെ ഡാം വാട്ടര്‍ മാനേജ്മെന്റിനായി വൈദ്യുതി ബോർഡ്, കൃഷി, ജലസേചനം, ഭൗമശാസ്ത്ര, പരിസ്ഥിതി മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു വിശാല വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

അണക്കെട്ടുകൾ ജലസേചനത്തിനും ശുദ്ധജല വിതരണത്തിനും വൈദ്യുതി ഉത്പാദനത്തിനും മാത്രമായല്ല വെള്ളപ്പൊക്ക നിയന്ത്രണത്തിനും കൂടിയാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് വിദഗ്ധര്‍ ഉൾപ്പെടെ പലരും 2018 ലെ വെള്ളപ്പൊക്കം കഴിഞ്ഞപ്പോൾ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമായതു കൊണ്ടുതന്നെ ഡാം മാനേജ്മെന്റിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും അന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. 2019 ൽ കേരളം വീണ്ടും ഒരു പ്രളയത്തിൽ കൂടി കടന്നു പോയിട്ടും ഡാം വാട്ടര്‍ മാനേജ്മെന്റ് സംബന്ധിച്ച് മേൽ നിർദ്ദേശിക്കപ്പെട്ട ദിശയിൽ നടപടികള്‍ ഒന്നുമുണ്ടായതായി കാണുന്നില്ല.

നിലവില്‍ വൈദ്യുതി ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള അണക്കെട്ടുകളിലെ വെള്ളം വേനൽ ക്കാലത്തെ വൈദ്യുതോത്പാദനത്തിനായും ജലസേചനവകുപ്പിന്റെ നിയന്ത്രണത്തില്‍ ഉള്ളവയില്‍ വേനൽക്കാലത്തെ കാര്‍ഷികാവശ്യത്തിനായും പരമാവധി സൂക്ഷിച്ചു വയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി വിവിധ കാലാവസ്ഥാ പഠനങ്ങള്‍, അവ നൽകുന്ന പ്രവചനങ്ങള്‍, മഴയുടെ അളവ്, ഡാമുകളിലെ ജലസമ്പത്ത്, കേരളത്തിന്റെ ഭൂപരമായ സവിശേഷതകൾ എന്നിവ കണക്കിലെടുത്തുമുള്ള ഡാം വാട്ടർ മാനേജ്മെന്റ് നടപ്പിലാക്കാൻ കേരളം ഇനിയും വൈകിക്കൂട. ഇതിനായി ജലവിഭവ വകുപ്പ്,  ജലസേചന വകുപ്പ്, കൃഷി വകുപ്പ് തുടങ്ങിയ സർക്കാർ വകുപ്പുകളുടെയും വൈദ്യുതി ബോർഡിന്റെയും പ്രതിനിധികളും ഭൗമശാസ്ത്ര, പരിസ്ഥിതി രംഗങ്ങളിലെ വിദഗ്ധരും അടങ്ങിയ ഒരു ഡാം വാട്ടർ മാനേജ്മെന്റ് സമിതിക്ക് സംസ്ഥാന സർക്കാർ രൂപം കൊടുക്കേണ്ടതുണ്ട്.

വൈദ്യുതി ബോർഡ് പ്രളയകാലത്ത് തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീഡിയർ (SOP) ഉള്‍പ്പെടെ ഡാം മാനേജ്മെന്റിനുവേണ്ടി നിലവിലുള്ള നടപടിക്രമങ്ങള്‍ ഈ വിദഗ്ധസമിതിയുടെ പരിഗണനയ്ക്കും പരിഷ്കരണത്തിനുമായി ലഭ്യമാക്കണം. ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സമിതി നൽകുന്ന നിര്‍ദ്ദേശ പ്രകാരമായിരിക്കണം മൺസൂൺ ആരംഭകാലം മുതൽ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കേണ്ടത്.

കാലാവസ്ഥാമാറ്റവും അതിവൃഷ്ടിയും കേരളത്തിൽ ഒരു യാഥാർത്ഥ്യമായ സാഹചര്യത്തിൽ ഡാം വാട്ടര്‍ മാനേജ്മെന്റിനായി മേല്‍ സൂചിപ്പിച്ച മേഖലകളിലെ വിദഗ്ധരടക്കം ഉള്‍പ്പെടുന്ന ഒരു വിശാല വിദഗ്ധ സമിതിയെ നിയോഗിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍  സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here