” ചെയ്യാത്തകുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടിവന്ന ഒരു ജീവിതം ഡോ. ഷനിൽ വെമ്പായം

0
559

” ചെയ്യാത്തകുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടിവന്ന ഒരു ജീവിതം ഡോ. ഷനിൽ വെമ്പായം

—ഇത് വെമ്പായത്തെ കുട്ടന്റെ കഥ!

ആരൊക്കെയോ ചേർന്ന് രചിച്ച തിരക്കഥയിൽ കോമാളിവേഷം പകർന്നാടേണ്ടിവന്ന ഒരു യുവാവിന്റെ കഥ!
ജീവിതവഴിയിലെവിടെയോ പങ്കായം നഷ്ടമായ ഒരു മനുഷ്യജൻമത്തിന്റെ കഥ!
ഇത് കഥയാണോ?
ജീവിതമാണോ?

——– —— ——-

ക്രോണിക് റോക്കറ്റ്കളെക്കുറിച്ച് കേട്ടിട്ടുണ്ടോ ? ഇല്ലല്ലെ ?

സൂപ്പർസോണിക് വിമാനത്തിന്റെ വേഗതയറിയാമോ …. അതിലൊന്ന് കേറിനോക്കണം എന്തൊരു സ്പീഡാന്നറിയാമോ ? …….

പിന്നെ! അറിയാമോ…. അതെ ഈ ഉൽക്കകൾ ആകാശത്തിലൂടെ സഞ്ചരിക്കാറുണ്ടോ? ങേ… അറിഞ്ഞൂടല്ലേ?

ഈ ലോകത്തെത്ര ഗാലക്സികൾ ഉണ്ടാകും ?

ജാക്കിചാന്റെ പുതിയസിനിമ കണ്ടോ? അടിപൊളിയാ കേട്ടോ!…..

ഈ കൗതുകങ്ങളും ജിജ്ഞാസകളും ഒരു ശാസ്ത്രവിദ്യാർഥിയുടേതോ ഗവേഷകന്റെയോ അല്ല, മറിച്ചു തലസ്ഥാനജില്ലയിലെ വെമ്പായം ദേശക്കാർ ‘വട്ടുകുട്ടൻ’ എന്നു വിളിക്കുന്ന, ഒറ്റമുണ്ടു മടക്കിക്കുത്തി, ബട്ടനിടാതെ ഷർട്ടിനെ പാറിപ്പിച്ചു, പലപ്പോഴും ലഹരിക്കടിമപ്പെട്ടും അല്ലാതെയും, പിറുപിറുത്തുകൊണ്ടും നിശ്ശബ്ദനായും, വെമ്പായം ജംഗ്‌ഷനിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഭ്രാന്തനായ അല്ല ഒരിക്കലുമല്ല…. ആരൊക്കെയോ ചേർന്ന് “ഭ്രാന്തനാക്കിയ”…. ഒരു സമൂഹം നശിപ്പിച്ച “കുട്ടൻ” എന്ന ചെറുപ്പക്കാരന്റെ ചോദ്യങ്ങളാണ്, ചിന്തകളാണ്, കൗതുകങ്ങളാണ്, ജിജ്ഞാസകളാണ്. നാളേക്കുറിച്ചോ ജീവിതത്തിനെക്കുറിച്ചോ ഒരു പ്രതീക്ഷയുമില്ലാത്ത, ചിന്തയും ബുദ്ധിയും ലഹരിക്കടിമപ്പെടുത്തിയ മസ്തിഷ്‌കം ആർക്കോ പണയംവച്ച, ആരൊക്കെയോ ചേർന്ന് ജീവിതം കവർന്നെടുത്ത ഒരു ഹതഭാഗ്യനുയർത്തുന്ന ചോദ്യങ്ങളാണ്.

പരിചയമുള്ളവരോട് കുശലംചോദിക്കുന്ന, തേങ്ങവെട്ടാനോ വിറക് കീറാനോ മറ്റെന്തെകിലും ജോലികൾക്കോ പോയി പണം സമ്പാദിക്കുന്ന, കിട്ടുന്നപണത്തിൽ കുറച്ചുമാത്രം ഭക്ഷണത്തിനും കൂടുതൽ പണം ബീഡിക്കും വേണ്ടി(കഞ്ചാവാണു വലിക്കുന്നതെന്നു നാട്ടുഭാഷ്യം) ചിലവഴിക്കുന്ന കുട്ടൻ, ചിലരോടൊക്കെ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കും, ചോദ്യം കേട്ട ആൾ എന്തെങ്കിലും പറയുന്നതിന് മുൻപ്തന്നെ, അതല്ലെങ്കിൽ കേൾക്കാൻ കൂട്ടാക്കാതെ, ഹഹഹ അറിയില്ലല്ലെ? എന്നിങ്ങനെ ആർത്തട്ടഹസിച്ചു കടന്നുപോകും. എവിടെയെങ്കിലും കിടന്നുറങ്ങി, കിട്ടുന്നതെന്തെങ്കിലും കഴിച്ചു, കുളിക്കാതെ, നല്ല വസ്ത്രം ധരിക്കാതെ, തലമുടി വെട്ടാതെ, ഷേവ് ചെയ്യാതെ തേരാപാരാ നടക്കുന്ന ഒരു മനുഷ്യക്കോലം. ചെയ്യുന്ന ജോലിക്ക് കണക്കുപറഞ്ഞു കൂലിവാങ്ങുന്ന കുട്ടന് മറ്റൊരു വിഷയത്തിലും പരാതിയോ പരിഭവമോ ആവലാതികളോ തർക്കങ്ങളോ ഇല്ല. ഒന്നും പ്രതീഷിക്കാനില്ലാത്ത ആരും കാത്തിരിക്കാനില്ലാത്ത സ്വപ്നങ്ങൾ പോലും മരിച്ചുപോയ അവനെന്ത് പരാതി! അവനെന്ത് പരിഭവം!.

എല്ലാപ്രായക്കാരും പദവിക്കാരും ഒരുപോലെ ‘വട്ടുകുട്ടൻ’എന്നുവിളിക്കുന്ന കുട്ടനെ അറിയാത്തവർ ആ പ്രദേശത്തു വിരളമായിരിക്കും. സ്ഥലത്തെ പോലീസുകാർക്കും കച്ചവടക്കാർക്കും തൊഴിലാളികൾക്കും കോളേജ്കുമാരീകുമാരന്മാർക്കും നാട്ടുകാർക്കും എന്തിനധികം സ്കൂൾകുട്ടികൾക്കടക്കം സുപരിചിതൻ…. അവനൊരു അനാഥനാണ് പക്ഷെ വിശ്വസ്തനാണ്, കഞ്ചാവിനടിമയാണ് പക്ഷെ ഉപകാരിയാണ്, ഇടക്കെങ്കിലും അവനൊരു ശല്യക്കാരനാണ് പക്ഷെ സാമൂഹ്യദ്രോഹിയല്ല, അവനൊരു ഭാന്തനാണ് പക്ഷെ കുഴപ്പക്കാരനല്ല, പിന്നെയുമെന്തൊക്കെയോ ആണവൻ അതോടൊപ്പം പലതുമല്ലവൻ …. പക്ഷെ പ്രസക്തമായ ചോദ്യമിതാണ്. ഒരു മിടുക്കനായ ശാസ്ത്രബോധമുള്ള ആരോഗ്യമുള്ള ഒരാൾ എങ്ങിനെ ഈയവസ്ഥയിലായി?.. ആരാണ് ഇങ്ങിനെ ആക്കിയത്? ആരാണിതിനുത്തരവാദികൾ….? മാതാപിതാക്കളോ നിയമ വ്യവസ്ഥതയോ സമൂഹമോ….? ചോദ്യങ്ങൾ നിരവധിയാണ്.

1987ൽ ലോഹിതദാസ്-സിബിമലയിൽ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മമ്മൂട്ടിചിത്രമാണ് ‘തനിയാവർത്തനം’. മമ്മൂട്ടിയെന്ന മഹാനടന് ഒരു ബ്രേക്ക്ത്രൂ നൽകിയ, മലയാളമാഘോഷിച്ച മഹത്തായ സിനിമയായിരുന്നു അത്. മാനസിക രോഗമില്ലാത്തൊരാളിനെ പറഞ്ഞുപറഞ്ഞു മാനസികരോഗിയാക്കുന്ന ഒരു ദേശത്തിന്റെ കഥയാണ് ഈ ചിത്രം പങ്കുവെക്കുന്നത്. ചൂരും ചുണയും നന്മയുമുള്ള ഒരാളെ ഒരു സമൂഹം ഭ്രാന്തനാക്കിമാറ്റുന്ന ഒരു കഥ. ഈ കഥയോട് നേരിട്ടല്ലെങ്കിലും സാമ്യമുള്ള കഥയാണ് നമ്മുടെ കുട്ടന്റേതും.

സ്കൂൾ പഠനകാലത്തെ മിടുക്കനും നന്നായിവായിക്കുകയുമൊക്കെ ചെയ്യുമായിരുന്ന ഊർജസ്വലനായ വിദ്യാർത്ഥിയിൽ നിന്നും സ്ഥലകാലബോധം നഷ്ടപ്പെട്ട, ചിന്തയും ജീവിതവും സ്വപ്നങ്ങളുമെല്ലാം നഷ്ടപ്പെട്ട ഒരാൾരൂപത്തിലേക്കുള്ള പ്രയാണത്തിനൊരു പിന്നാമ്പുറമുണ്ട് . ഒരു പക്ഷേ ആരുമറിയാത്ത അല്ലെങ്കിൽ അറിയാവുന്നവർ മറക്കാൻ ശ്രമിക്കുന്ന അതുമല്ലെങ്കിൽ നമ്മുടെയാരുമല്ലല്ലോ! നമ്മളെന്തിന് അതിലൊക്കെ തലയിടണമെന്ന് ചിന്തിക്കുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയാണോ ഈ “ഭ്രാന്തൻ”. അതിനുത്തരം കിട്ടണമെങ്കിൽ കുറച്ചുവർഷം പിന്നോട്ട് സഞ്ചരിക്കണം.

വെമ്പായം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ‘കാരംകോട്’. മൂന്നുവശത്തും മലകളാൽ ചുറ്റപ്പെട്ട വയലുകളും തോടും കൃഷിഭൂമിയുമൊക്കെ കൊണ്ട് സമ്പന്നമായ സുന്ദരമായൊരിടം. കേരളത്തിലെ മറ്റുഗ്രാമങ്ങളെപ്പോലെ കൃഷിതന്നെയാണ് ഇവിടുത്തെയും പ്രധാന വരുമാന മാർഗം. പണ്ട് നെല്ലുല്പാദനമായിരുന്നു പ്രധാനകൃഷിയെങ്കിൽ പിന്നീടത് വാഴയും പച്ചക്കറികളും റബ്ബറും തെങ്ങും കവുങ്ങുമൊക്കെയായിമാറി.

അവിടെ ഏകദേശം 40 വർഷം മുൻപ്, അച്ഛനും അമ്മയും അഞ്ചു മക്കളുമടങ്ങുന്ന ഒരു സന്തുഷ്ടകുടുംബം. അന്നത്തെ ഗ്രാമജീവിതത്തിലെ പ്രതാപത്തിന്റെ അടയാളങ്ങളായ പശുവും വൈക്കോൽ തുറുവുമൊക്കെയുള്ള ഒരു വീട്. ഒരു സാധാരണക്കാരനു അന്നത്തെക്കാലത്ത് ആഗ്രഹിക്കാവുന്ന സന്തോഷകരമായ ജീവിതം. പക്ഷെ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് നിശ്ചിതവർഷങ്ങൾക്കുള്ളിൽ ആ സന്തുഷ്ടകുടുംബ പശ്ചാത്തലം ചിന്നഭിന്നമായി. ആ അച്ഛൻ ഭാര്യയെയും മക്കളെയും മാത്രമല്ല ആ നാടും ഉപേക്ഷിച്ചു എങ്ങോട്ടോപോയി. കൂടെ അന്ന് പത്തുപതിനെട്ടുവയസ് പ്രായമുണ്ടായിരുന്ന മൂത്തമകനും അച്ഛനോടൊപ്പം പോയെന്നു അയാൾവാസിയായിരുന്ന ജോണി ഓർത്തെടുത്തു.

അവരുടെ തിരോധാനത്തിന് ശേഷം അമ്മയും നാല്മക്കളും ബാക്കിയായി. ഋതുഭേദങ്ങൾ മാറിമാറിവന്നു. നാട്ടിൽ പാലംമാറ്റങ്ങളും സംഭവിച്ചു. കാലക്രമേണ സാമ്പത്തികസ്ഥിതി മോശമായിവന്നു. ഇതിനിടയിലും നാട്ടുകാരെയൊക്കെ വിളിച്ചു നാലാളറിയേ മൂത്തമകളുടെ വിവാഹം കഴിപ്പിച്ചയച്ചു. വിവാഹാനന്തരം ഭർത്താവിനൊപ്പം അവളെവിടെയോ താമസമായി. വിധി ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ആ കുഞ്ഞുങ്ങളെ വേട്ടയാടിക്കൊണ്ടിരുന്നു. ഇത്തവണ കാൻസർരോഗത്തിന്റെ രൂപത്തിലായിരുന്നു അവരെ പരീക്ഷിച്ചത്. അസുഖം ബാധിച്ചു ആമാതാവ് കിടപ്പിലാവുകയും അധികം താമസിയാതെ മരണപ്പെടുകയും ചെയ്തു. പക്ഷെ അമ്മ കളമൊഴിയുമ്പോൾ ഇളയമൂന്ന് കുഞ്ഞുങ്ങളും പറക്കമുറ്റിയിട്ടുണ്ടായിരുന്നില്ല. അമ്മയുടെ മരണത്തോടെ മൂന്നുപേരും അനാഥരായിമാറി. പലപ്പോഴും അടുപ്പുപോലും പുകയാത്ത ആ വീട്ടിൽ ഒരുപക്ഷെ സഹോദരങ്ങൾ ജീവിക്കുകയായിരുന്നില്ല മറിച്ചു തങ്ങൾക്കു വിധിക്കപ്പെട്ട ജീവിതകാലാവധി തള്ളിനീക്കുകയായിരുന്നിരിക്കണം. നിയന്ത്രിക്കാനും ശാസിക്കാനും നയിക്കാനുമാരുമില്ലാതെ സഹകരണമില്ലാതെയും ഐക്യമില്ലാതെയും പലകോണിലായവർ വളർന്നുവന്നു. ജീവിതമവർക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായി നിലകൊണ്ടു. പഠനവും ഭക്ഷണവുമൊക്കെ വഴിമുട്ടി. ചോദിക്കാനും പറയാനാരുമില്ലാതായി. കാലവും വിധിയും ആ സഹോദരങ്ങളുടെ ജീവിതം പലവഴിക്ക് പറിച്ചുനട്ടു. വളരെപ്പെട്ടെന്നു ചിഹ്നഭിന്നമായിപ്പോയ ആ കുടുംബത്തിലെ ഇളയകുട്ടിയായിരുന്നു നമ്മുടെ കുട്ടൻ.

അക്കാലത്തെ അത്യാവശ്യം വലിയൊരുവീടായിരുന്നുവെങ്കിലും ഓരോ മഴക്കാലവും ആ ഭവനത്തിനു കേടുപാടുകൾ വരുത്തിക്കൊണ്ടിരുന്നു. അടുക്കളയും വരാന്തയുമൊക്കെ പൊളിഞ്ഞുവീണ് ഒറ്റമുറിവീടായത് മാറി. ഒടുവിൽ ഇളയ സഹോദരിയും കുട്ടനും മാത്രം ഒരു വീടെന്നുതന്നെ പറയാൻകഴിയാത്ത ഒറ്റമുറികുടിലിൽ ബാക്കിയായി. കുറച്ചു വർഷങ്ങൾക്ക്ശേഷം, നാട്ടിലെയൊരു ചെറുപ്പക്കാരൻ ആ പെൺകുട്ടിയെ കൂടെക്കൂട്ടി ജീവിതമാരംഭിച്ചു അവിടം വിട്ടതോടെ കുട്ടൻ ഏകനായി. ആരും വരാത്ത, ആരാലും തിരിഞ്ഞു നോക്കാത്ത സന്ദർശകരില്ലാത്ത ഒരു തുരുത്തായി ആ വീട് മാറി.

ഏതെങ്കിലുമൊക്കെ ജോലിക്ക്പോയി, കിട്ടുന്നപൈസക്ക് എന്തെങ്കിലുമൊക്കെക്കഴിച്ചും പലപ്പോഴുമൊന്നും കഴിക്കാതെയും അവനാ നാലുചുമരുകൾക്കുള്ളിൽ ചുരുണ്ടുകൂടി. സിനിമയൊരുഹരമായ ആ ചെറുപ്പക്കാരൻ അക്കാലത്തെ ഏതാണ്ടെല്ലാ സിനിമയും കണ്ടു. അന്നും ജാക്കിചാനും ഇംഗ്ലീഷ് സിനിമകളും അവനൊരു ലഹരിയായിരുന്നു. പ്രതീക്ഷിക്കാനൊന്നുമില്ലാത്ത യാന്ത്രികമായ ഒരുജീവിതം. സ്വപ്‌നങ്ങൾ തല്ലിക്കൊഴിച്ച, സ്നേഹവും പരിലാളനയുമൊന്നും അനുഭവിക്കാൻ യോഗമില്ലാതെപോയ ഒരു ജന്മം. നാളെയെന്നത് അവനൊരു വിഷയമേ ആയിരുന്നില്ല. ജീവിക്കുന്ന നിമിഷങ്ങളെ ഹരമാക്കിമാറ്റി, ഓർക്കാൻ പറ്റാത്തതും ഓർക്കാനിഷ്ടപ്പെടാത്തതുമായ സംഭവങ്ങളെ മനപ്പൂർവം മറക്കാൻ ശ്രമിച്ചിരുന്നിരിക്കണം. കാലം പിന്നെയും കഴിഞ്ഞുപോയി. പലപ്പോഴുമവൻ വീട്ടിൽ വരാതെയായി. എന്തിനവിടെ വരണമെന്ന് അവൻ ചിന്തിച്ചിട്ടുണ്ടാകണം. സന്തോഷമില്ലാത്തിടത്ത്, പ്രതീക്ഷയില്ലാത്തിടത്ത്, കാത്തിരിക്കാൻ ഒരു വളർത്തുമൃഗം പോലുമില്ലാത്തിടത്ത് ആരാണ് പോകാൻ ഇഷ്ടപ്പെടുക. ചിലപ്പോഴൊക്കെ പകൽ മാത്രമവനെ അവിടെ കാണപ്പെട്ടു. അയൽവാസികൾക്കൊക്കെ അതൊരു പ്രേതാലയമായും അവനതൊരു ഇടത്താവളുമായി.

ഇതിനിടയിലായിരുന്നു സംഭവിക്കാൻ പാടില്ലാത്ത ഒന്ന് സംഭവിച്ചത്, അതിതായിരുന്നു. നാട്ടിലെ ചില പകൽമാന്യന്മാർ ആ നാട്ടിൽ തന്നെയുള്ള റബ്ബർഷീറ്റ്പുരയിൽ നിന്നും ഷീറ്റ് മോഷ്ടിച്ചെടുത്തു കുട്ടന്റെ വീട്ടിൽ കൊണ്ടുവച്ചു കടന്നുകളഞ്ഞു. ഒരു പക്ഷെ, പ്രശ്ങ്ങളൊക്കെയൊന്നു തണുത്തിട്ടു കുഴപ്പമില്ലെങ്കിൽ പിന്നീടു എടുക്കാമെന്നതാകാം ആചെറിയ മോഷണക്കാരന്റെ ലക്‌ഷ്യം. പക്ഷെ സംഗതി കേസായി, അന്വേഷണമായി. പോലീസ് തൊണ്ടിമുതൽ തപ്പിയെത്തപ്പെട്ടതാകട്ടെ കുട്ടന്റെ വീട്ടിലും. സ്വാഭാവികമായും സംശയത്തിന്റെ കുന്തമുന അവനുനേരെയായി. വീടിന്റെ ഉടമസ്ഥൻ കുറ്റക്കാരനുമായി. അവനല്ല അത് ചെയ്തതെന്ന് അവൻ പോലീസിനോട് കരഞ്ഞുപറഞ്ഞു, പക്ഷെ സാഹചര്യതെളിവുകൾ അവനെതിരായിരുന്നു. അവനുവേണ്ടി സംസാരിക്കാനും ആരുമുണ്ടായിരുന്നില്ല. മാത്രവുമല്ല, നിയമത്തിനു ഒരു കുറ്റവാളിയെ അത്യാവശ്യവുമായിരുന്നു.

നിയമ നടപടികൾ അതിന്റെ മുറക്ക്നടന്നു. കുട്ടനെ പോലീസ് അറസ്റ് ചെയ്തു . രാഷ്ട്രീയക്കാരോ നാട്ടുകാരോ പൗരപ്രമുഖരോ ആരും ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ല. അനാഥനായ പതിനെട്ടുകാരനായ അവനുവേണ്ടി വാദിക്കാനോ നിരപരാധിത്വം തെളിയിക്കാനോ അവനെയൊന്നു സഹായിക്കാനോപോലും ആരുമുണ്ടായിരുന്നില്ല. സ്വാഭാവികമായി വിചാരണയെത്തുടർന്നു അവൻ ശിക്ഷിക്കപെട്ടു. ആറുമാസം നീണ്ട തടവ്ജീവിതം.

ഇതിനിടയിൽ കുറ്റം ചെയ്തവർ നാട്ടിൽ മറ്റുചില കൊച്ചുകൊച്ചു മോഷണങ്ങളും തമാശകളും കള്ളത്തരങ്ങളുമായി കുടുംബത്തോടൊപ്പം ജീവിക്കുമ്പോൾ ചെയ്യാത്തകുറ്റത്തിന് ആ കൗമാരക്കാരൻ ശിക്ഷിക്കപ്പെട്ടു. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ലെന്ന തത്വം, ആ നിരപരാധിക്കുമുന്നിൽ ഒരു കോമാളിവേഷം കെട്ടിയാടി. ആറുമാസം നീണ്ട തടവ്ജീവിതം, അത് മതിയായിരുന്നു ഒരു യുവാവിന്റെ പ്രതീക്ഷകളെ മുളയിലേ നുള്ളിക്കളയുവാൻ, ഒരു മനുഷ്യന്റെ സ്വപ്നങ്ങളെ ചതച്ചരക്കുവാൻ, ഒരു ജന്മത്തെ തകർത്തെറിയുവാൻ…

“അവനൊരു വക്കീലിനെ സംഘടിപ്പിക്കാനോ ജാമ്യമെടുക്കാനോ നിരപരാധിത്വം തെളിയിക്കാനോ ആരുടെയെങ്കിലും സഹായം ഉണ്ടായിരുന്നെങ്കിൽ അവൻ ശിക്ഷിക്കപ്പെടില്ലായിരുന്നു. ആ കുറ്റം ചെയ്തവർ പിടിക്കപെട്ടില്ലെങ്കിലും അവൻ രക്ഷപ്പെടുമായിരുന്നു” നാട്ടുകാരൻ കൂടിയായ അഡ്വ:ഷമീർ കൂട്ടിച്ചേർത്തു.
സെൻട്രൽ ജയിലിലെ ആറുമാസത്തെ അനുഭവങ്ങൾ അവനെ പുതിയ കൂട്ടുകെട്ടിലും രീതികളിലുമെത്തിക്കപ്പെട്ടു. അവനതുവരെ കാണാത്ത ലോകത്തിലൂടെയും അറിയാത്ത രുചികളിലൂടെയും സഞ്ചരിക്കാത്ത പാതകളിലൂടെയും അവൻ പോയി . പുതിയ പുതിയ മേച്ചിൽപ്പുറങ്ങളിൽ അവനെത്തപ്പെട്ടു . കാലാവധികഴിഞ്ഞു പുറത്തിറങ്ങിയവനു കള്ളനെന്ന പേര് ചാർത്തിക്കിട്ടുമെന്നു വിചാരിച്ചു. പക്ഷെ അങ്ങിനെയാരുമവനെ വിളിച്ചില്ല. ഒരു പക്ഷെ നാട്ടുകാർക്കും അവന്റെ നിരപരാധിത്വം മനസ്സിലായിട്ടുണ്ടാകണം. കുറ്റം ചെയ്യാത്തതുകൊണ്ടാകണം നാടുവിട്ടെങ്ങും പോകാതെ ഒഴിഞ്ഞ കയ്യും മനസ്സുമായി അവനവിടെത്തന്നെ തിരിച്ചെത്തി. ആരോടും പകയില്ലാതെ പരിഭവമില്ലാതെ പ്രതികാരമില്ലാതെ ഒന്നുംസംഭവിച്ചിട്ടില്ലാത്തവനെപ്പോലെ ആ നാട്ടിലൂടെയവൻ നടന്നു. പക്ഷെ അവനെത്തിയപ്പോഴേക്കും ആ ഒറ്റമുറിവീട് താമസയോഗ്യമല്ലാതായിമാറിയിരുന്നു. സ്വന്തമെന്നുപറയാൻ ആകെയുണ്ടായിരുന്ന കിടപ്പാടവും അങ്ങിനെയവനു അന്യമായി. അക്ഷരാർത്ഥത്തിൽ തെരുവിന്റെ മകനായി. പിന്നീടവന്റെ അന്തിയുറക്കം വീടിനടുത്തുള്ള റഷീദിന്റെ ഉടമസ്ഥതയിലുള്ള ഇഷ്ടികചൂളയിലായി. അതായിരുന്നു വർഷങ്ങളോളമവന്റെ വാസസ്ഥലം.

മേൽക്കൂരമാത്രമുള്ള ആ ഷെഡിലിരുന്നു വസന്തവും ഗ്രീഷ്മവും ശിശിരവും ശരത്കാലവുമെല്ലാം അവൻകണ്ടു, അനുഭവിച്ചറിഞ്ഞു. ഉണക്കിവച്ചിരുന്ന മൺകട്ടയുടെ പുറത്തു ഓലക്കീറുകൾ വച്ച് അവൻ കിടക്കപ്പായ ഉണ്ടാക്കി. ഉടുത്തിരുന്ന ഒറ്റമുണ്ടായിരുന്നു മഴക്കാലത്തും തണുപ്പുകാലത്തും അവന്റെ ഉറക്കത്തിനു ആഴം നൽകിയത്. ലോകത്തെയും നിയമവ്യവസ്ഥയെയും സമൂഹത്തെയും എന്തിനധികം വിധിയെപ്പോലും അവൻ പഴിച്ചില്ല. ഒരു പക്ഷെ അവനതിനു കഴിയില്ലായിരിക്കാം അല്ലെങ്കിൽ അവനതിനു അറിയില്ലായിരിക്കാം. അല്ലെങ്കിൽതന്നെ വഴിയിലെവിടെയോ മനസ് നഷ്ടപ്പെട്ടവനെന്തു പ്രതികാരം.

പക്ഷെ ഇതിനടിയിൽ അവൻ മുഴുസമയ ലഹരിക്കടിമയായിക്കഴിഞ്ഞിരുന്നു. ജയിലനുഭവങ്ങളോ പുത്തൻ കൂട്ടുകാരോ പകർന്നുനല്കിയ മാസ്മരികലോകം. പലപ്പോഴും സ്വപ്നലോകത്തിലെന്ന പോലെ അവൻ പാറിനടന്നു. ചുറ്റും നടക്കുന്നതൊന്നുമറിയാതെ ലഹരിയുടെ മാസ്മരിക ലോകത്തിലവൻ ചുറ്റിസഞ്ചരിച്ചു. കുതിച്ചും കിതച്ചും കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ദിനങ്ങൾ കഴിച്ചുകൂട്ടി. ലഹരി അവനെയൊരു മുഴുഭ്രാന്തനാക്കിമാറ്റുന്നതാണ് പിന്നീട് ദൃശ്യമായത് . മുഴുവൻ സമയവും ലഹരിക്കടിമപ്പെട്ടു വൃത്തിയില്ലാതെ അസഭ്യംപുലമ്പി നടക്കലായി പിന്നെയവന്റെ ഹോബി. ജീവിതമാകെ താളംതെറ്റുന്നയവസ്ഥയിൽ സുഭാഷിന്റെയും സുരേഷിന്റെയും നേതൃത്വത്തിൽ കളിക്കൂട്ടുകാരായ ചിലർചേർന്നു അവനെപ്പിടിച്ചു പേരൂർക്കട മനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

മാസങ്ങൾക്കുള്ളിൽ വീണ്ടുമവൻ കാരംകോട്ട്‌ തിരിച്ചെത്തി. ഇത്തവണ അവന്റെ ചിന്തകൾക്കു നിറമുണ്ടായിരുന്നു പുഞ്ചിരിയിൽ ലാളിത്യമുണ്ടായിരുന്നു നടത്തത്തിലും ജീവിതരീതികളും മനുഷ്യത്വമുണ്ടായിരുന്നു. അവനൊരു പച്ച മനുഷ്യനായിത്തീർന്നിരുന്നു.

പലപ്പോഴും ശാന്തനായ ഒരു ബാലന്റെ നിഷ്കളങ്കതയോടെ നാട്ടുകാരുമായി അവനിടപഴകി. ഇടക്കിടക്ക് തേങ്ങയടക്കുവാൻ നാട്ടുകാരനവന്റെ സഹായം തേടി. തെങ്ങിൽ കയറാനുള്ള അവന്റെ ചടുലതയും വൈധക്ത്യവും അവന്റെ മുന്നിൽ പ്രതീക്ഷയുടെ ഒരുലോകം തുറന്നുകൊടുത്തു. ക്രമേണ അവൻ തികഞ്ഞൊരു ജോലിക്കാരനായി. അടുത്ത ഗ്രാമങ്ങളിൽ നിന്നുപോലും അവനെയന്വേഷിച്ചു ആളുകൾ വരാൻ തുടങ്ങി. ഒരു പക്ഷെ ജീവിതത്തിൽ അന്നോളം അനുഭവിക്കാത്ത ഒരു അനുഭൂതി അവൻ ആസ്വദിച്ചിട്ടുണ്ടാകണം. സമൂഹം അവനെ മനുഷ്യനായി കാണാനും അംഗീകരിക്കാനും തുടങ്ങിയത് അപ്പോഴായിരിക്കണം.

ആ ഗ്രാമത്തിലെ പ്രധാന തേങ്ങവെട്ടുകാരായ ചാർളിയും ജോസഫും സോമനും ചേർന്നു കുട്ടനുവേണ്ട ആ രംഗത്തെ പ്രാഥമിക വിവരങ്ങൾ നൽകി. അവനായിരിക്കും അവരുടെ പിൻഗാമിയെന്നവർ കരുതി. അവർ അവനുവേണ്ട എല്ലാ പിന്തുണയും നൽകിയെന്ന് മാത്രമല്ല ഒരു ഏണിയും വെട്ടുകത്തിയും സംഘടിപ്പിച്ചുകൊടുക്കുകയും ചെയ്തു. പണിയായുധങ്ങൾ സജ്ജമായതോടെ തൊഴിലിനോടുള്ള അവന്റെ സമീപനവും പ്രൊഫഷണലായിമാറി. പഠിക്കുന്ന കാലഘട്ടത്തിൽ ബുദ്ധി കൊണ്ട് അത്ഭുതപ്പെടുത്തിയവൻ തേങ്ങാവെട്ടാൻ തുടങ്ങിയപ്പോൾ ആ രംഗത്തെ വൈധക്ത്യത്തിനുടമയായി. ജീവിതത്തിനു പുതിയ ദിശാബോധവും പ്രതീക്ഷയും ആവേശവും കൈവരുന്നത് ചുറ്റുമുള്ളവർ കണ്ടു. ജീവിതമവനൊരു ലഹരിയായി മാറുന്നത് നാടും നാട്ടുകാരുമറിഞ്ഞു. ഒരു സാധാരണ മനുഷ്യനായി വളരെപ്പെട്ടെന്നു രൂപാന്തരപ്പെട്ടു. എല്ലാ ദിവസവും ജോലിക്ക്പോകുന്ന, കൈനിറയെ പണം സമ്പാദിക്കുന്ന, ഒഴിവു സമയത്തും രാത്രിയിലുമൊക്കെ അവന്റെ ആവാസസ്ഥലമായ ചൂളയിൽ വന്നു വിശ്രമിക്കുന്ന കുട്ടൻ പുതിയൊരു പ്രതീക്ഷയായി.ഇതിനിടയിൽ വീടിരുന്നസ്ഥലത്ത് ഒരു ചെറിയ കൂരകെട്ടി ഇടയ്ക്കൊക്കെ അവിടെയായി അവന്റെവിശ്രമം.

ഒരുവന്റെ ശരീരത്തിന്റെ ശക്തി അത് മനസ്സിന്റെ ശക്തിയാണ്. മനസ് എപ്പോൾ തളരുന്നുവോ അപ്പോൾ ശരീരവും തളർന്നിരിക്കും. ഇടയ്ക്കെപ്പോഴോ മനസ്സിന്റെശക്തി അവന്റെ നിയന്ത്രണത്തിൽ നിൽക്കാത്ത പോലെ തോന്നിയിരിക്കണം. മഴ വെള്ളത്തിൽ മൊട്ടിടുന്ന മുകുളങ്ങളുടെ ആയുസ്സേ അവന്റെ നല്ലനടപ്പിനുമുണ്ടായിരുന്നുള്ളൂ. വഞ്ചി സുരക്ഷിതമായി കരയ്ക്കടുക്കുമെന്നു തോന്നിച്ചിരുന്നിടത്തുനിന്ന് എല്ലാവരും നോക്കിനിൽക്കെ പതിയെപ്പതിയെ ആ നന്മയുടെ, പ്രതീക്ഷയുടെ കിരണങ്ങൾ മുങ്ങിത്താണു.

രണ്ടുനീർച്ചാലുകൾക്കിടയിൽ നടന്നുപോകാൻ വേണ്ടി വലിയ പാറക്കല്ല്കൊണ്ടുള്ള ഒരു നടപ്പാലമവിടെ യുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ ആ കല്ലുപാലത്തിൽ നാട്ടുകാർ വന്നിരിക്കുന്നതും പതിവായിരുന്നു. ഒരു ദിവസം മൂർച്ചയേറിയ തേങ്ങവെട്ടുന്ന വെട്ടുകത്തികൊണ്ട് എന്തൊക്കെയോ അട്ടഹസിച്ചുകൊണ്ട് ആ പാറക്കല്ലിൽ ആഞ്ഞുആഞ്ഞു വെട്ടുന്ന കുട്ടനെയാണ് നാട്ടുകാർ കണ്ടത്. കഞ്ചാവ് കിട്ടാത്ത മാനസികാ വസ്ഥയിൽ ചെയ്തതാകാമെന്നു ചിലർ. അല്ല ഭ്രാന്തായതാണെന്നു മറ്റു ചിലർ, ഇതൊക്കെ അവന്റെ നമ്പരല്ലേയെന്നു മറ്റുചിലർ. വായപോയ വെട്ടുകത്തി ദൂരേക്ക് വലിച്ചെറിഞ്ഞു എന്തൊക്കെയോ പുലമ്പി ക്കൊണ്ടവൻ നടന്നുപോയി. ‘വായപോയ വെട്ടുകത്തി’പോലെയായി പിന്നെയവന്റെ ജീവിതം.

അന്നത്തോടെ അവൻ തേങ്ങ വെട്ടുനിർത്തി. മുഴുസമയ ലഹരിയിലേക്കവൻ നടന്നകന്നു, ചിന്തകളിൽ ചലനങ്ങളിലവൻ പുതിയ ലോകക്രമം രൂപാന്തരപ്പെടുത്തി. ഉൽക്കകളും റോക്കറ്റും ചാക്കിചാനും സൂപ്പർസോണിക് വിമാനങ്ങളുമൊക്കെയുള്ള ഒരുലോകം. ആർക്കും മനസ്സിലാകാത്ത ലോകത്തിലൂടെ ചിന്തകളിലൂടെ ആർക്കുമെത്തിപ്പെടാൻ കഴിയാത്ത ദൂരത്തിലൂടവൻ പാറിനടന്നു. നാട്ടുകാരനവനെ കഞ്ചാവ് കുട്ടനെന്നോ വട്ടുകുട്ടനെന്നോ വിളിക്കുവോളം അവനലഞ്ഞുനടന്നു. ഇന്നും അവൻ അങ്ങിനെ തന്നെ നടക്കുന്നു. ഇപ്പോഴവന് നാല്പതിനോടടുത്ത പ്രായം.

ഒന്നോരണ്ടോ തെങ്ങുള്ള സാധാരണക്കാർ ഇന്നുമവനെ തേങ്ങ അടർത്താൻ വിളിക്കും. പലർക്കുമവൻ ഉപകാരിയാണെങ്കിലും പേടിയുള്ളവരുടെ എണ്ണവും ചെറുതല്ല. അവൻ കഞ്ചാവടിച്ചു അഭിനയിക്കുക യാന്നെന്നു ഒരു വശം. അതല്ല ഭ്രാന്തായിപ്പോയെന്നു മറ്റൊരു കൂട്ടർ. അവൻ ലഹരിക്കടിമയല്ലെങ്കിൽ സ്നേഹമുള്ളവനാണെന്നു മറ്റൊരു കൂട്ടർ.

പല രൂപത്തിൽ പല ഭാവത്തിൽ ഇന്നുമവനെ ആ ജംഗ്ഷനിൽ നമുക്ക് കാണാം. നിർത്താതെ പോകുന്ന ബസിന്ടെ മുന്നിൽ കയറി തടഞ്ഞുനിർത്തിച്ചു വിദ്യാർത്ഥികളെ കയറ്റിവിട്ട്, ഉടുത്തിരിക്കുന്ന മുണ്ട് ഒന്നൂടെ മടക്കിക്കുത്തി ബീഡി വലിച്ച് റോഡിന്റെ നടുവിലൂടെ സിനിമയിലെ നായകനെപ്പോലെ നടന്നുനീങ്ങുന്ന കുട്ടൻ കണ്ടു നിൽക്കുന്നവർക് ഒരു ഹരമാണ്. ഒരുപക്ഷേ പഠിക്കാൻ പറ്റാത്തതിന്റെ വിഷമം അവൻെറ മനസ്സിന്റെ എന്തെങ്കിലുമൊരു കോണിൽ ഒരു നെരിപ്പോടായി ഉരുകുന്നുണ്ടായിരിക്കാം. ജംഗ്ഷനിലെ ട്രാഫിക്കിൽ വേഗതകുറഞ്ഞു ഓടിക്കൊണ്ടിരിക്കുന്ന തടിലോറിയുടെ പിറകു വശത്ത് ചാടിക്കയറി കുറച്ച്ദൂരം പോയശേഷം, ചാടിയിറങ്ങി ഒന്നുമറിയാത്തവനെപോലെ റോഡിന്റെ നടുവിലൂടെ ചിരിച്ചുകൊണ്ട് നടന്നുവരുന്ന മുഖം നാട്ടുകാരിൽ പലർക്കും സുപരിചിതമാണ്.

റോന്തുചുറ്റാനിറങ്ങുന്ന പോലീസ് സംഘത്തിനും അവന്റെ തമാശകളിൽനിന്ന് മാറിനിൽക്കാനാവില്ല, ഇൻസ്‌പെക്ടറുടെ അടുത്തുപോയി വെടിവയ്ക്കുന്ന ആക്ഷൻ കാണിച്ചിട്ടു ഓടിക്കളയുന്ന കള്ളനും പോലീസുംകളി നാട്ടുകാർക്ക് പെട്ടെന്ന് മറക്കാൻ കഴിയുന്നതല്ല.

വെമ്പായത്ത് ചില കടക്കാരനവനു പണംകടംകൊടുക്കും മറ്റുചില ഹോട്ടലുടമസ്ഥർ പണമില്ലെങ്കെലും ഭക്ഷണം കൊടുക്കും വേറെ ചിലരാകട്ടെ തിരിച്ചു പ്രതീക്ഷിക്കാതെ എന്തെങ്കിലുമൊക്കെ സഹായം ചെയ്യും. കാരണം അവൻ വിശ്വസ്തനാണ്.

“ചായകുടിക്കുന്നതിനു മുൻപ്തന്നെ പൈസയില്ലെങ്കിൽ പറയും, ‘എനിക്ക് ചായ വേണം പൈസ ഇല്ല പിന്നെ തരാമേ’ എന്നൊക്കെ. പക്ഷെ അടുത്തതവണ വരുന്നതിനുമുൻപ് അവൻതന്നിരിക്കും. തന്നിട്ടേ പിന്നീടവൻ ആ കടയിൽ നിന്ന്കുടിക്കു.. പക്ഷെ ചിലപ്പോൾ കുറച്ചു ദിവസങ്ങൾ കഴിഞ്ഞേക്കാം. എന്നാലും വിശ്വസ്ഥനാണവൻ” ജംഗ്ഷനിലെ ‘പുട്ടുകട’യുടെ ഉടമസ്ഥൻ ഇത്പറയുമ്പോൾ കണ്ണുകളിൽ അവനോടുള്ള സ്നേഹം നമുക്ക് കാണാം.

നാട്ടുകാർക്കു ഉപകാരിയായി മറ്റുചിലർക് ശല്യമായി കുട്ടികൾക്ക് പേടിപ്പെടുത്തുന്ന രൂപമായി പോലീസിന് ഒരു തലവേദനയായി യുവാക്കൾക്കു ഒരു തമാശ കഥാപാത്രമായി സ്തീകൾക്കു സാമൂഹ്യ വിരുദ്ധനായി അവനിപ്പോഴും വെമ്പായതും പരിസര പ്രദേശങ്ങളിലുമായി അലഞ്ഞു തിരിയുന്നു .എത്രനാൾ…? ഒരുപക്ഷേ വിധിക്കപ്പെട്ട രംഗങ്ങൾ അഭിനയിച്ചു തീരുംവരെ അതല്ലെങ്കിൽ ആയുസ്സിൽ ബാക്കിയായ ദിനങ്ങൾ എണ്ണിത്തീർക്കുംവരെ…. പല രൂപത്തിൽ പല വേഷത്തിൽ പല ഭാവത്തിൽ.

അവന്റെ ജീവിതചരിത്രത്തെ ആറ്റിക്കുറുക്കി ഇങ്ങനെപറയാം.

മാതാപിതാക്കളുടെ സ്‌നേഹം കിട്ടാത്ത ശൈശവം,
ശരിയായ ദിശാബോധം കാണിക്കാനാളില്ലാത്ത കൗമാരം,
ചെയ്യാത്തകുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടിവന്ന യൗവ്വനം,
ലഹരി കവർന്നെടുത്ത യുവത്വം…….

പിന്നെയുമെന്തെല്ലാമോ?

ഭ്രാന്തനായി, കള്ളനായി, സാമൂഹ്യദ്രോഹിയായി, നിഷേധിയായി, ആഭാസനായി ഇന്നും ആ തെരുവോര ങ്ങളിലൂടെ അവൻ നടക്കും. അതുകണ്ടു ചിലരൊക്കെ ചിരിക്കും മറ്റുചിലർ പുച്ഛിക്കും,ഇനിയൊരു കൂട്ടരാകട്ടെ കോപമുള്ളിലൊതുക്കി തെറിപറഞ്ഞു നടന്നുപോകും . സഹപാടികൾക്കാരൂപം സഹതാപ മുണർത്തിയേക്കാം, ഏതെങ്കിലും അമ്മമാർക്കു ഹൃദയത്തിലൊരു നൊമ്പരമായി മാറിയേക്കാം, ചെയ്യാത്ത കുറ്റത്തിന് ശിക്ഷവാങ്ങിക്കൊടുക്കാൻ കരണമായവർക്ക് ഒരു ദുഃസ്വപ്നമായേക്കാം, ഒന്നും ചെയ്യാൻ കഴിയാതെ നോക്കിനിന്ന നാട്ടുകാർക്കു ഒരു നീറ്റലായായേക്കാം…..

കോടതിപിരിഞ്ഞശേഷം നടക്കുന്ന വാദത്തിനെന്തു പ്രസക്തി. എന്നിരുന്നാലും…. ജന്മംകൊണ്ട് സുകൃതനായൊരു മനുഷ്യനെ സാമൂഹ്യ ദ്രോഹിയാക്കുന്നതിൽ, ലഹരിക്കടിമയാക്കുന്നതിൽ, കള്ളനാക്കുന്നതിൽ സമൂഹത്തിനു എന്ത് പങ്കാണുള്ളത്? ഇത്തരം ചെയ്തികൾക്ക് സമൂഹത്തിനെ കുറ്റം പറയാൻ പറ്റുമോ?

ആരാണുത്തരവാദി? ഭരണകർത്താക്കളോ, നിയമമോ, നിയമപാലകരോ, നാട്ടുകാരോ, വീട്ടുകാരോ, കൂട്ടുകാരോ അദ്യാപകരോ……ഈ ഉത്തരവാദിത്വത്തിൽനിന്നും ആർക്കു മാറിനിൽക്കാൻ കഴിയും.. ആർക്കെങ്കിലും കഴിയുമോ?

LEAVE A REPLY

Please enter your comment!
Please enter your name here