പോസ്റ്റര്‍  തൊഴിലാളികള്‍  മുഴുപ്പട്ടിണിയില്‍

0
383

പോസ്റ്റര്‍  തൊഴിലാളികള്‍  മുഴുപ്പട്ടിണിയില്‍

കൊറോണ   ഏറ്റവും   രൂക്ഷ്മായി   ബാധിച്ച   മേഖലയാണ്    സിനിമ വ്യവസായം.  വിവിധ   വിഭാഗങ്ങളിലായി   ജോലി  ചെയ്യുന്ന   അന്‍പതിനായിരത്തോളം    തൊഴിലാളികള്‍    മുഴു പട്ടിണിയിലേയ്ക്ക്    നീങ്ങുകയാണെന്നാണ്  പുതിയ  റിപ്പോര്‍ട്ടുകള്‍.  അതില്‍     ഏറ്റവും  താഴേതട്ടില്‍   നിന്നു  ജോലി  ചെയ്യുന്ന  വിഭാഗമാണ്  പോസ്റ്റര്‍   ഒട്ടിക്കുന്ന    തൊഴിലാളികള്‍.

മറ്റൊരു   ജോലിക്കും   പോകാതെ   വര്‍ഷങ്ങളായി     പോസ്റ്റര്‍  ഒട്ടിച്ചു  മാത്രം  ജീവിതം  തള്ളി  നീക്കുന്ന     നിരവധി   തൊഴിലാളികള്‍    കേരളത്തിലുണ്ട്.  സിനിമയുടെ   വരവറിയിച്ചു  കൊണ്ട്   ജനങ്ങളെ  ആകര്‍ഷിക്കുന്ന   വര്‍ണ്ണശബളമായ   പോസ്റ്ററുകള്‍  സിനിമയുടെ  വിജയത്തിനു പിന്നില്‍  വളരെ  വലിയ  പങ്കാണ്  വഹിക്കുന്നത്.   ഒരു  വര്‍ഷം  900  കോടി   മുതല്‍മുടക്കുള്ള    മലയാള   സിനിമ  വ്യവസായത്തില്‍     ഇവരെ   ഒന്നു  തിരിഞ്ഞു  നോക്കാന്‍  പോലും  ആരും  തയ്യാറല്ല.

ഒരു   സിനിമ  സംഘടനയിലും   അംഗം  അല്ലാത്തതുകൊണ്ട്  തന്നെ   ഇവരുടെ  കാര്യം  ആരും   ചര്‍ച്ചയ്ക്ക്   പോലും  എടുക്കുന്നുമില്ല.  നൂറു  ദിവസത്തിനു   മുന്‍പേ   നഗര – ഗ്രാമ  വ്യത്യാസമില്ലാതെ       ചുവരുകളില്‍  ഒട്ടിച്ച  പോസ്റ്ററുകള്‍  എല്ലാം  തന്നെ  നിറം  മങ്ങി  തുടങ്ങിയിരിക്കുന്നു.       ഏകദേശം   അന്‍പത്   വർഷമായി  ഈ  തൊഴില്  ചെയ്തു  മാത്രം   ജീവിക്കുന്ന   കുടുംബമാണ്
തിരുവനന്തപുരത്തുകാരനായ    സുരേഷ്  കുമാറിന്‍റേത്. സുരേഷ്  കുമാറിന്‍റെ   അച്ഛന്‍  മണിയന്‍  പോസ്റ്റര്‍  ഒട്ടിച്ചു  കിട്ടുന്ന   സമ്പാദ്യം   കൊണ്ടാണ്     കുടുംബം  പോറ്റിയിരുന്നത്.   എന്നാല്‍   അടുത്തിടെ അസുഖം  ബാധിച്ചു   അച്ഛന്‍  മരണപ്പെട്ടത്   കാരണം   സുരേഷ്      കുമാറിന്   ഈ  തൊഴില്‍   ഏറ്റെടുക്കേണ്ടി  വന്നു

. തിരുവനന്തപുരം   നഗരത്തിന്‍റെ  വിവിധ  ഭാഗങ്ങളില്‍  ആയി  പതിമൂന്നു   പേരാണ്   സുരേഷ്   കുമാറിന്‍റെ    കീഴില്‍  പോസ്റ്റര്‍   ഒട്ടിക്കുന്നത്. “രാത്രിയില്‍   ഉറക്കമില്ലാതെയാണ്    തൊഴിലാളികള്‍  പോസ്റ്ററുകള്‍  ഒട്ടിക്കുന്നത്. സൈക്കിളിലും  ഓട്ടോകളിലുമായി      മരിച്ചിനി  മാവ്   കൊണ്ടുള്ള  പശയും  കൊണ്ടാണ്     പോസ്റ്റര്‍  ഒട്ടിക്കാന്‍  പോകുന്നത്.  ഇന്ന്   എല്ലാവരുടെയും  ജീവിതം   മുഴു  പട്ടിണിയില്‍  ആണെന്ന്  തന്നെ  പറയാം.  ഒന്ന്  കാര്യം  അന്വേഷിക്കാന്‍പോലും  ആരും  ഇല്ലാത്ത  അവസ്ഥ”  സുരേഷ്  കുമാര്‍  പറയുന്നു. വിതരണ കബനികളുടെ  ഓഫീസില്‍      നിന്ന്  പോസ്റ്ററുകള്‍   കൈപ്പറ്റുന്നതു  മുതല്‍  തുടങ്ങുന്നു  ഇവരുടെ  ജോലികള്‍.  ചെറുതും  വലുതുമായ  നൂറോളം    വിതരണ  കമ്പനികളാണ്     തിരുവനന്തപുരം  നഗരത്തിലുള്ളത്.     ഈ  പോസ്റ്ററുകളെല്ലാം  വാങ്ങി       നഗരസഭ   ഓഫീസില്‍  കൊണ്ടുപോയി   പ്രത്യേക  സീല്‍   ചെയ്യണം. ഒരു  പോസ്റ്ററിന്   രണ്ടു  രൂപ   അന്‍പത്  പൈസയാണ്   നഗരസഭയില്‍  നികുതിയായി    വിതരണ  കമ്പനികള്‍  അടയ്ക്കേണ്ടത്. ഒരു  ഷീറ്റ്   പോസ്റ്റര്‍  ഒട്ടിക്കുന്നതിന് 4 രൂപയാണ്  കൂലിയായി  നിശ്ചയിച്ചിട്ടുള്ളത്. ഈ  നാലു   രൂപയില്‍  അന്‍പത്   പൈസ  മാത്രമാണു   സുരേഷ് കുമാറിനെപ്പോലെയുള്ള  ഏജെന്‍റ്മാര്‍ക്ക്  ലഭിക്കുന്നത്.   ബാക്കിയെല്ലാം   ജോലിക്കാര്‍ക്ക്   ഉള്ളതാണ്.  ഈ  4  രൂപയില്‍  നിന്നു   വണ്ടി  വാടകയ്ക്കും   പെട്രോളിനും   മരിച്ചീനി  പശയ്ക്കും  കാശ്  മാറ്റി  വയ്ക്കണം.

സിനിമയുടെ  പേരും  അഭിനേതാക്കളുടെ  ചിത്രങ്ങളുമെല്ലാം വിവിധ  ഭാഗങ്ങളായിട്ടായിരിക്കും   വരുന്നത്.    ഇത്തരം  വിവിധ  ഭാഗങ്ങള്‍    ചേര്ത്തു ഒട്ടിക്കുന്നതായിരിക്കും     ഒരു  സിനിമയുടെ     പോസ്റ്റര്‍.    6 ഷീറ്റ്കള്‍   ചേര്‍ന്ന്  വരുമ്പോള്‍  ആണ്  ഒരു   പോസറ്റര്‍  ആകുന്നത്.    അതുകൊണ്ടു  തന്നെ  ഒരു  ഷീറ്റിന്  4 രൂപ  വച്ച്   മൊത്തം   24  രൂപയാണ്     ഒരു  പോസ്റ്റര്‍  ഒട്ടിക്കുമ്പോള്‍  ലഭിക്കുന്നത്.   ഒരു  മാസം   ഒരു  തൊഴിലാളിക്ക് ശരാശരി     25000   രൂപയാണ്  വരുമാനം. എല്ലാ   ചിലവുകളും   കഴിഞ്ഞു  ലാഭ്മായി   അവന്  കിട്ടുന്നത്   പതിനായിരം  രൂപ  മാത്രമാണ്.    എന്നാല്‍   ഓണം , ക്രിസ്മസ്,  വിഷു  തുടങ്ങിയ   ഫെസ്റ്റിവല്‍  കാലത്ത്     അന്‍പതിനായിരം   വരെ  വരുമാനം  ലഭിക്കുന്നു.  സിനിമകള്‍   ഹിറ്റാകുമ്പോഴും   വരുമാനം  കൂടുന്നത്  പതിവാണ്.

15  ദിവസവും    25  ദിവസവും   50   ദിവസവും   എല്ലാം  പോസ്റ്ററുകള്‍   ഉണ്ടാകും.    നല്ലൊരു  കമ്പനിയുടെ   സിനിമ  ഹിറ്റായല്‍  തന്നെ  25000   രൂപയോളം   ഒരു  തൊഴിലാളിക്ക്    ലഭിക്കും.  തണ്ണീര്‍  മത്തന്‍ ദിനങ്ങള്‍,ഉയരെ, ലൂസിഫര്‍, അയ്യപ്പനും  കോശിയും  തുടങ്ങിയ   ചിത്രങ്ങളില്‍  നിന്നാണ്  സമീപ  കാലത്ത്  മികച്ച  വരുമാനം  ലഭിച്ചതെന്ന്   പറയുകയാണ്  സുരേഷ്  കുമാര്‍. മഴക്കാലത്താണ്    ഇവര്‍  കൂടുതല്‍  ബുദ്ധിമുട്ട്  അനുഭവിക്കുന്നത്.    നനവ് ഉള്ളതുകൊണ്ടു  തന്നെ  ചുവരുകളില്‍   പോസ്റ്റര്‍  ഒട്ടിക്കാന്‍  കഴിയില്ല.  ഒരു  ദിവസം   പോസ്റ്റര്‍  ഒട്ടിച്ചില്ലെങ്കിലോ   ചില  സ്ഥ്ലങ്ങളില്‍  പശ  തികയാതെ  ഒട്ടിക്കാതെ  വന്നാലോ  വിതരണക്കാരുടെ  ഭാഗത്ത്  നിന്നും  ഇവര്‍ക്ക്  തെറി  ഉള്‍പ്പെടെയുള്ള  അധിക്ഷേപങ്ങള്‍  ഏറ്റു  വാങ്ങേണ്ടിയും   വരുന്നു.

സിനിമ   തീയേറ്ററുകളില്‍  നിന്നു  അപ്രത്യക്ഷമായിട്ട്   നൂറു  ദിവസം  കഴിയുകയാണ്.  ” ഇതുവരെയും   ഒരു  സിനിമ  സംഘടനകളുടെ  ഭാഗത്ത്  നിന്നോ    സർക്കാരില്‍  നിന്നോ  നമുക്ക്  ഒരു  സഹായവും  ലഭിച്ചിട്ടില്ല. മോഹന്‍ലാല്‍  സാറിന്‍റെ  പിറന്നാള്‍    ദിനത്തില്‍  പലവ്യഞ്ജന  സാധനങ്ങള്‍   എല്ലാമുള്ള  ഒരു   കിറ്റ്  ലഭിച്ചിരുന്നു. അതിനു  ശേഷം  പച്ചക്കറികളുടെ  ഒരു  കിറ്റ്  മമ്മൂട്ടി   ഫാന്‍സ്   അസോസിയേഷനും  നല്കി.   അതല്ലാതെ   വേറൊരു  സഹായവും   ഇന്നുവരെ  നമുക്ക്  ലഭിച്ചിട്ടില്ല”  സുരേഷ്  കുമാര്‍   പറയുന്നു. സുരേഷ്  കുമാറിന്റെ   കീഴില്‍  ജോലിചെയ്യുന്ന   പന്ത്രണ്ടു പേരും  നാല്‍പ്പതു   വര്‍ഷമായി   ഈ  ജോലി    മാത്രം   ചെയ്യുന്നവരാണ്.   രാത്രി   ഉറക്കമൊഴിച്ചു   പോസ്റ്റര്‍  ഒട്ടിക്കുകയും   രാവിലെ   ഉറങ്ങുകയും   വൈകുന്നേരമാകുമ്പോള്‍   വീണ്ടും   പോസ്റ്റര്‍   ഒട്ടിക്കാന്‍    വേണ്ടി  വരുന്നവര്‍.   കേരള   ഫിലിം  ഡിസ്ട്രിബ്യൂഷന്‍  കംബനിയ്ക്ക്  സുരേഷ്  ഗോപിയും   നിര്‍മ്മാതാക്കളായ  സുരേഷ്  കുമാറും    എം.രഞ്ജിത്തും  ചേര്‍ന്ന് നല്ലൊരു  തുക  സഹായധനമായി  നല്കിയിരുന്നു.

എന്നാല്‍  അത്   വിതരണ  രംഗത്തെ    മാനേജര്‍മാരും  മറ്റ്  ചിലരും  ചേര്‍ന്ന്  വീതിച്ചു  എടുക്കുകയായിരുന്നു എന്നാണ്   ഇവര്‍  പറയുന്നത്.ഏറ്റവും  താഴേ  തട്ടിലുള്ള പോസ്റ്റര്‍   തൊഴിലാളിയെക്കുറിച്ച്  ആരും  ആ  സമയത്ത്   ചിന്തിച്ച്  പോലുമില്ല.  കൊറോണ  എന്നു   അവസാനിക്കും  എന്നറിയാതെ     തങ്ങള്‍  ഒട്ടിച്ച  നിറം  മങ്ങിയ   പോസ്റ്ററുകള്‍ക്ക്   മുന്നില്‍   അന്നത്തിന്  വേണ്ടിയുള്ള  കാത്തിരിപ്പിലാണ് ഈ  തൊഴിലാളികള്‍

LEAVE A REPLY

Please enter your comment!
Please enter your name here