വഴങ്ങാത്തതിലുള്ള പകകൊണ്ടാണ് ചാരക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതെന്ന് മറിയം റഷീദ

0
266

 

തിരുവനന്തപുരം: വഴങ്ങാത്തതിലുള്ള പകകൊണ്ടാണ് ചാരക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതെന്ന് മറിയം റഷീദ. ഐ.എസ്.ആര്‍.ഒ ഗൂഢാലോചനക്കേസിലെ അന്വേഷണോദ്യാഗസ്ഥന്‍ എസ്.വിജയനെതിരെയാണ് കടുത്ത ആരോപണവുമായി മറിയം റഷീദ രംഗത്തുവന്നത്. തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കടുത്ത ആരോപണം.

തിരുവനന്തപുരത്തുനിന്നും ഉദ്ദേശിച്ച വിമാനത്തില്‍ മാലി ദ്വീപിലേക്ക് പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഹോട്ടലില്‍ താമസിക്കുകയായിരുന്നു. വിസ കാലാവധി നീട്ടിക്കിട്ടാനായാണ് എസ്.വിജയനെ കാണുന്നത്. രണ്ട് ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞു. തിരിച്ച് ഹോട്ടലിലെത്തി. രണ്ട് ദിവസത്തിന് ശേഷം എസ്.വിജയന്‍ ഹോട്ടല്‍ മുറിയിലെത്തി. തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചു.
ഇതില്‍ പ്രകോപിതനായ താന്‍ അയാളെ അടിച്ച് മുറിയില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു. അതിനെ തുടര്‍ന്നാണ് തന്നെ അറസ്റ്റ് ചെയ്ത് ചാരക്കേസില്‍ കുടുക്കിയതെന്ന് അവര്‍ ഹരജിയില്‍ ആരോപിക്കുന്നു.

ചാരക്കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇതിനെഎതിര്‍ത്തുകൊണ്ടാണ് അന്ന് ചാരക്കേസില്‍ പ്രതിയായ മറിയം റഷീദയുടെ ഹരജി. അന്ന് നടന്ന കാര്യങ്ങള്‍ വിശദമായി അവര്‍ ഹരജിയില്‍ വ്യക്തമാക്കുന്നു.
അറസ്റ്റിന് ശേഷം ഐ.ബി ഉദ്യോഗസ്ഥര്‍ അതിക്രൂരമായ രീതിയില്‍ ചോദ്യം ചെയ്യലിന് വിധേയയാക്കി. കാല്‍ കസേരകൊണ്ട് അടിച്ച് പൊട്ടിച്ചതായും മറിയം റഷീദ ഹരജിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here