കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച സുപ്രീം കോടതി നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

0
224

കോവിഡ്‌ 19 നെ തുടര്‍ന്നുള്ള ലോക്ഡൗണിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദുരിതാശ്വാസകേന്ദ്രത്തിലും ക്യാമ്പുകളിലും പാർപ്പിച്ചിട്ടുള്ള കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച്‌ സുപ്രീം കോടതിയുടെ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കത്തയച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലും കേന്ദ്രങ്ങളിലും കഴിയുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം എന്നിവയ്ക്കു പുറമേ മെഡിക്കല്‍ സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്ന്‌ കോടതി നിർദേശിച്ചിരുന്നു.
കൂടാതെ, പരിശീലനം ലഭിച്ച കൗൺസിലർമാരും സാമുദായിക നേതാക്കളും ക്യാമ്പുകൾ സന്ദർശിച്ച്‌ തൊഴിലാളികൾ അനുഭവിക്കുന്ന വ്യാകുലതകള്‍ പരിഹരിക്കുകയും വേണം.

കുടിയേറ്റ തൊഴിലാളികളുടെ ഉത്കണ്ഠയും ഭയവും പോലീസും മറ്റ് അധികാരികളും മനസ്സിലാക്കണമെന്നും അവരോട് മാനുഷിക പരിഗണനയോടെ ഇടപെടണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. കൂടാതെ, കുടിയേറ്റക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പൊലീസിനൊപ്പം സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്‌.

ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം നൽകിയിട്ടുള്ള നിർദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന മാനസികസാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും വിശദമായ മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്‌. ഇവ https://www.mohfw.gov.in/pdf/RevisedPsychosocialissuesofmigrantsCOVID19.pdf എന്ന ലിങ്കില്‍ ലഭ്യമാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here