മുളംങ്കാടുകള്‍ പൂത്തപ്പോള്‍ -ചെറു കഥ

0
753

മുളങ്കാടുകൾ പൂത്തപ്പോൾ-  ചെറുകഥ

സന്ധ്യ ജലേഷ്

                 നേരം ഇരുട്ടി തുടങ്ങി, അകലെ മലനിരകളിൽ മഞ്ഞിന്റെ മേലാപ്പ്.. സൂര്യൻ പൂർണമായും കാഴ്ചക്കപ്പുറത്തേക്ക് ഒളിച്ചു കഴിഞ്ഞു.
തണുപ്പിന്റെ കാഠിന്യം വല്ലാണ്ട് കൂടി ഒപ്പം വീശിയടിക്കുന്ന തണുത്ത കാറ്റിൽ ശരീരം മരവിച്ച് സ്പർശനശേഷി നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.
തേയിലത്തോട്ടങ്ങൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും പോകുന്ന റോഡുകളിൽ വാഹനങ്ങൾ തീരെ കുറവായിരുന്നു.
മഴ ആരോടൊക്കെയോ വൈരാഗ്യമുള്ളതുപോലെ തല്ലിയലച്ച് പെയ്യുകയാണ്.
കൂടെ പാഞ്ഞു വരുന്ന കാറ്റ് മഴത്തുള്ളിയുമായി കലഹിച്ചു പായുന്നു.

ഇന്നും അടുപ്പിൽ തീ പുകഞ്ഞിട്ടില്ല. മങ്ങി നരച്ച തോർത്തു കൊണ്ട് മുഖമമർത്തിത്തുടച്ച്
മലയിൽ നിന്നും പതഞ്ഞൊഴുകി വരുന്ന കല്ലും മണ്ണും ചെളിയും
നിറഞ്ഞ പാതയിലൂടെ മുന്നോട്ടു നടക്കുമ്പോൾ രാജപ്പന്റെ
മനസ്സുനിറയെ നിരാശയായിരുന്നു.
മക്കൾക്ക് ഒരു നേരത്തേക്കെങ്കിലും വിശപ്പടക്കാനുള്ള അന്നത്തിനു വേണ്ടി അയ്യപ്പൻകോവിലിനടുത്തു പെട്ടിക്കട നടത്തുന്ന കൂട്ടുകാരൻ ദാമോദരന്റെ കൈയിൽ നിന്ന് എന്തെങ്കിലും കിട്ടുമോന്നറിയാൻ കോരിച്ചൊരിയുന്ന മഴ വകവക്കാതെ ഇറങ്ങിപ്പുറപ്പെട്ടതാണ്.

പെരുമഴയയായതുകൊണ്ട് സ്കൂൾ അടച്ചിട്ട് ദിവസം നാലാകുന്നു. സ്കൂളിൽ നിന്നുള്ള ഉച്ചക്കഞ്ഞിയായിരുന്നു പണിയില്ലാതിരിക്കുമ്പോൾ ആകെയുള്ള ആശ്വാസം . വരണ്ടുണങ്ങിയ മക്കളുടെ മുഖം കാണുമ്പോൾ നെഞ്ചു കലങ്ങിപ്പോകാണ്.!

ഇടവഴിയിൽ നിന്നും പെരുവഴിയിൽ നിന്നുമെത്തുന്ന ചെളി കലർന്ന വെള്ളം കുത്തിയൊലിച്ചു പാറക്കെട്ടുകളിൽ തല്ലിച്ചിതറി താഴേക്കു പായുന്നു. .നൂല് പോലെ ഒഴുകിയിരുന്ന, പലപ്പോഴും ഒഴുക്ക് നിലച്ചിരുന്ന ചെറിയ ജലധാരകൾ അഹങ്കാരത്തോടെ ഭീതിപ്പെടുത്തിക്കൊണ്ട് കുത്തിമറിഞ്ഞ് ഒഴുകുകയാണ്.
വഴിയരികിലെ കുഞ്ഞു മരങ്ങളേയും ഓടകളേയും പോണ പോക്കിൽ മലവെള്ളം വലിച്ചുകൊണ്ടു പോകാൻ ശ്രമിക്കുന്നുണ്ട്.

തലയിൽ ഒരു കെട്ടും കെട്ടി, കമ്പിയൊടിഞ്ഞ കുടയും ചൂടി പാൽപ്പാത്രവുമായി
എതിരെ അവറാൻ മാപ്പിള…. അയാൾക്ക്
വഴികാട്ടിയെന്നോണം ഒരു പട്ടിയും മുന്നിലുണ്ടായിരുന്നു. തീരെ
ഗൗനിക്കാതെ അവറാൻ മാപ്പിള കടന്നു പോയി.
അറുത്ത കൈക്ക് ഉപ്പു തേക്കാത്ത ദുഷ്ടനാണ്. മക്കൾ വിശന്നു കരഞ്ഞപ്പോൾ അര തുടം പാൽ ചോദിച്ചിട്ട് പൈസ തരാതെ പാൽ തരാൻ പറ്റില്ലെന്ന് പറഞ്ഞൊഴിഞ്ഞവനാണ്.

അഞ്ചുരുളിയെത്തിയപ്പോൾ മഴ തെല്ലു ശമിച്ചു. മഴത്തുള്ളികൾ ഇലത്തുമ്പുകളിൽ നൃത്തം ചവിട്ടി കുണുങ്ങിക്കുണുങ്ങി
താഴേക്കു പതിക്കുകയാണ്. അകലെ
തിരമാലകൾ പോലെ മാറി മറയുന്ന മലനിരകളുടെ കാഴ്ച വശ്യവും വന്യവുമാണ്. മുൻപ്
അഞ്ചുരുളിയിൽ വെള്ളത്തിലും കരയിലുമായി നല്ല കലാപരമായി പ്രകൃതി തന്നെ തീർത്ത മരക്കറ്റികൾ ഉണ്ടായിരുന്നു. ഇപ്പോൾ അതൊന്നും കാൺമാനില്ല.

ആസ്മാ രോഗിയായ ഭാര്യ സുജാത ചുമച്ചു ചുമച്ച് എല്ലും തോലുമായിക്കഴിഞ്ഞിരിക്കുന്നു. മുൻപ് ഈറ്റ വെട്ടാനും നെല്ലു കൊയ്യാനും തേയില കിളുന്താനും മുന്നിൽ നിന്നവളാണ്.

ആസ്മയുടെ ശല്യം കുറച്ച് കുറയുമ്പോൾ
കന്നിമല എസ്റ്റേറ്റ് ഫാക്ടറിയിൽ പോയി തേയില നുള്ളിക്കൊടുക്കും .
മലഞ്ചെരിവുകളിലെ കുറ്റിക്കാടുകളിൽ നിന്നും കുന്നിൻ ചരിവുകളിൽ നിന്നും ചൂരൽ പറിച്ചു കൊണ്ടു വന്ന് കുട്ട നെയ്തു എസ്റേററ്റിലെ പണിക്കാർക്കു കൊടുക്കും. അതിൽ നിന്നും കിട്ടുന്നത് മിച്ചം വച്ചാണ് തന്റെയപ്പനായ ചോയിക്കുട്ടിക്ക് കിടക്കാൻ ചെറിയൊരു കട്ടിൽ വാങ്ങിയത് ..

മഴയത്ത് പണിയെടുക്കുമ്പോൾ നനയാതിരിക്കാൻ പ്ലാസ്റ്റിക്കിന്റെ പുട്ടിയാണ് സുജാത ഇടുന്നത്.
ഇപ്പോഴും മഴയത്ത് അരികു കീറിയ പുട്ടി ഇട്ടു കൊണ്ടാണ് പുറത്തിറങ്ങുന്നത്. പഴയ ശീലക്കുട മുഴുവൻ തുളയായിരിക്കുകയാണ്. പുതിയൊരു കുട വാങ്ങാനുള്ള ശേഷിയില്ല.

മഴയ്ക്ക് ഒപ്പമെത്തിയ കാറ്റിൽ കുടിലിലെ ഓലകൾ പറന്നു പോയി.
ഇപ്പോൾ തകരഷീറ്റും ഓലയും വച്ച് മറച്ച ഒരു കുടിലാണ് ജീവിതം ജീവിച്ചു തീർക്കുന്നത്.
വീടിനു ചുറ്റുമുള്ള അഞ്ചാറ് കവുങ്ങിലും ശീമക്കൊന്നയിലുമായി കുരുമുളകു ചെടി പടർത്തി വിട്ടിട്ടുണ്ടായിരുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലം തിരിയിടാതെ നില്ക്കുന്ന കുരുമുളകു ചെടികൾ കാണുമ്പോൾ എല്ലാം വെട്ടിപ്പറിച്ച് തീയിടാനാണ് തോന്നിയിരുന്നത്.
ചെടികൾ പുതുമഴയിൽ തളർത്തു തിരിയിടേണ്ടതാണ്. വൻതോതിൽ മഴ കിട്ടിയതിനാൽ ചെടികൾ തളിർത്തു എന്നാൽ തിരിയിട്ടിട്ടില്ല. കുരുമുളക് ഉണക്കി വിറ്റ് മക്കൾക്ക് ഉടുപ്പുകൾ വാങ്ങാമെന്ന ആഗ്രഹം വെറും വ്യാമോഹം മാത്രമായി.

*********

പെയ്തിട്ടും പെയ്തിട്ടും കൊതി തീരാതെ മഴ അങ്ങനെ ആർത്തലച്ചു പെയ്യുകയാണ്’..
ചായ്പ്പിലെ ചാക്കിൽ കൂട്ടി വച്ചിരുന്ന ചക്കക്കുരുവും ആഞ്ഞിലിക്കുരുവും ചുട്ടു തിന്ന് പെരുമഴയും നോക്കി
നോക്കി
ചോയിക്കുട്ടി കൂനിക്കൂടിയിരിപ്പാണ്. രാജപ്പന്റെ കനിവു കൊണ്ട് വല്ലപ്പോഴും കിട്ടുന്ന ബീഡിക്കുറ്റിയും വലിച്ച്
പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ തീ കാഞ്ഞും ഉറങ്ങിയും ദിനരാത്രങ്ങൾ തള്ളി നീക്കുന്നു.കണ്ണീരിലും വിയർപ്പിലും നനഞ്ഞ്
വൈകിയുണരുന്ന പ്രഭാതങ്ങളും ഇരുട്ടുമ്പോൾത്തന്നെ കരിമ്പടക്കെട്ടിനുള്ളിൽ ഒളിക്കുന്ന രാവുകളും കൂട്ടിനുണ്ട്.

ദാരിദ്രമാണെങ്കിലും മണ്ണിനോട് ,കാടിനോട് മല്ലിട്ട് ജീവിതത്തിന് അടിത്തറ പാകാൻ ശ്രമിച്ച ആ പഴയ ഓർമ്മകൾ അയവിറക്കി കാലൻകോഴിയുടെ വിളിക്കു കാത്ത് കയറു കെട്ടിയ കട്ടിലിൽ കിടക്കുമ്പോൾ തണുപ്പു കൊണ്ട് ചോയിക്കുട്ടിയുടെ ദേഹം ചെറുതായി വിറക്കുന്നുണ്ടായിരുന്നു.

അപ്പന് കുരങ്ങണിമലയി
ലെ റെയിൽവേയിൽ ചുമടെടുപ്പായിരുന്നു .
ലോകത്തിലെ ഏറ്റവും ഉയർന്ന തേയിലത്തോട്ടം സ്ഥിതി ചെയ്യുന്ന കൊളുത്തു മലയിലേക്ക് പാറക്കൂട്ടങ്ങളിൽ ചാടിച്ചാടി കാൽനടയാത്രയായി പോയതും ഇപ്പോഴും ഓർമ്മയിൽ മിന്നി മറയാറുണ്ട്.
വഴിയിലുടനീളം നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും കാട്ടരുവികളുമായിരുന്നു. ചെങ്കുത്തായ പാറയിടുക്കുകൾക്കിടയിലൂടെ വന്യമൃഗങ്ങളേയോ, കാട്ടുതീയേയോ പേടിക്കാതെ അപ്പന്റെ കൂടെ പോകുമ്പോൾ ഈ ലോകം കീഴടക്കിയ പ്രതീതിയായിരുന്നു.
ബോഡി നായ്ക്കന്നൂരിനെ ചുറ്റിയൊഴുകുന്ന കോട്ട ഗുഡി പുഴയിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ വഴുക്കലിൽ തെന്നി വീഴാതിരിക്കാൻ അപ്പനെ മുറുകെ പിടിച്ചു.

തേയിലച്ചാക്കുകളുമേന്തി കാളവണ്ടികൾ ടോപ് സ്റ്റേഷനിലെത്തും. അവിടെ നിന്ന് കമ്പിവടങ്ങളിൽ കെട്ടി താഴെ കുരങ്ങണിക്കു സമീപം കൊട്ട ഗുഡിയിലേക്കെത്തിക്കും. താഴെ മലഞ്ചെരിവുകളിലൊന്നിൽ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന കുരങ്ങിണി വനമേഖല അവിടെ നിന്നും ചരക്കു വണ്ടികളിൽ തൂത്തുക്കുടി തുറമുഖത്തിലെത്തിക്കും.. അവിടെ നിന്ന് കപ്പലിൽ ഇംഗ്ലണ്ടിലേക്കും .

മൂന്നാഴ്ചയോളം നിർത്താതെ പെയ്ത പെരുമഴയിൽ മുതിരപ്പുഴയാർ കര കവിഞ്ഞൊഴുകി.
മലകളിൽ ഉരുൾപൊട്ടലുണ്ടായി
കന്നിയാർ പുഴയിലെ മലവെള്ളപ്പാച്ചിലിൽ മേഞ്ഞുനടന്നിരുന്ന
ആടുമാടുകൾ ഒഴുകിപ്പോയി.

മാട്ടുപ്പെട്ടിക്കു സമീപം മലയിടുക്കിൽ ചെറിയൊരു അണക്കെട്ടു രൂപപ്പെട്ടു. തുടർച്ചയായി പെയ്ത മഴയിൽ ഈ അണക്കെട്ട് പൊട്ടി. പഴയ മൂന്നാർ ഒലിച്ചുപോയി. മൂന്നാറിൽ അന്ന് വൈദുതിയും റെയിൽപ്പാതയും വീതിയേറിയ റോഡുകളും ടെലിഫോണും മികച്ച ആശുപത്രിയും ഉണ്ടായിരുന്നു. എല്ലാം മലവെള്ളമെടുത്തു.
മഴയും മണ്ണിടിച്ചിലും
ഉരുൾപൊട്ടലിൽ തേയിലച്ചെടികൾ നശിച്ചു
മുതിരപ്പുഴയാറിലെ വെള്ളപ്പൊക്കത്തിലാണ് അപ്പൻ ചേങ്കുണ്ണിയുടെ ജീവൻ പൊലിഞ്ഞത്.

കോരിച്ചൊരിയുന്ന മഴയും, പട്ടിണിയും, പഞ്ഞവും, നടമാടുന്ന മാസം, ജോലിയും, ആഹാരവുമില്ലാതെ നട്ടം തിരിയുന്ന ദിവസങ്ങൾ, സൂര്യവെട്ടം കണി കാണാൻ കിട്ടാത്ത ദിവസങ്ങളും, ആഴ്ചകളും, മഴ തകർത്ത് പെയ്യുമ്പോൾ ചോര്‍ന്നു ഒലിക്കുന്ന ഓലപ്പുര, നാനാ ഭാഗത്തു നിന്നും ചോർന്നൊലിക്കുന്ന മഴയിൽ കിടക്കാനിടമില്ലാതെ മേശക്കടിയിലും, കട്ടിലിനടിയിലുമായി കീറത്തുണിയും പുതച്ചു ചുരുണ്ടു കൂടും.
കട്ടന്‍ ചായ, ഒരു കഷണം വെല്ലവും കൂട്ടിയാണ് അന്നൊക്കെ കുടിക്കുക.

ഉൾക്കാട്ടിലെ മരങ്ങൾ മുറിക്കാനുള്ള തന്റെ സാമർത്ഥ്യം കണ്ട് യജമാ പ്രധാന കൈയാളാക്കുകയായിരുന്നു.
തേയിലത്തോട്ടത്തിൽ പണിക്കു വന്ന തമിഴത്തിയായ ചെല്ലമ്മാളിനെ കല്യാണം കഴിച്ച് യജമാ ദാനമായി തന്ന കാടിനരികിലെ ഇത്തിരി സ്ഥലത്ത് കുടിലു വച്ചു.

രാവിലെ തൊട്ട് മൂവന്തിയാളുന്നതു വരെ കാട്ടിലെ പണി. അതു കഴിഞ്ഞ് വീട്ടിൽ വന്നാൽ പെട്രോമാക്സും പിടിച്ച്
കൈയിൽ വാക്കത്തിയുമെടുത്ത് കാടിന്റെ വന്യതകളിലേക്കിറങ്ങും.
ഉശിരോടെ കാടു വെട്ടിത്തെളിക്കും. പുലർച്ചെയെഴുന്നേറ്റ് വീണ്ടും.
ചുറ്റിനും കാടു വെട്ടിത്തെളിച്ച് കുരുമുളകും ചോളവും കുറച്ചു നെല്ലും ,
കരിമ്പും,
റാഗി, ചാമ,തിന,
ഏലം, കാപ്പി തുടങ്ങി എല്ലാ വിളകളും കുറേശ്ശേ യാണെങ്കിലും
കൃഷി ചെയ്തു ചതുപ്പുനിലമായിരുന്ന ധരണിയെ വളക്കൂറുള്ള കൃഷിഭൂമിയാക്കി മാറ്റി.
തേൻ, തെള്ളി, കാട്ടു നെല്ലിക്ക, ചൂരൽ ,
തൈലപ്പുല്ല്
എന്നിവ കാട്ടിൽ നിന്നും ശേഖരിച്ച് എസ്റ്റേറ്റിലെ ലയങ്ങളിൽ കൊണ്ടുപോയി വില്ക്കും’.
എന്തിനും ഒരാണിന്റെ ഉശിരോടെ ചെല്ലമ്മാൾ കൂടെയുണ്ടായിരുന്നു.

വനത്തിലും സമീപ പ്രദേശങ്ങളിലും ഞാവൽപ്പഴങ്ങൾ തഴച്ചുവളരുന്നുണ്ട്. വലിയ മരങ്ങളിൽ വലിഞ്ഞു കേറി ഞാവൽപ്പഴങ്ങൾ കടയിൽ കൊണ്ടുപോയി കൊടുത്ത് പകരം ഉണക്കമുളകോ, സാമ്പ്രാണിത്തിരിയോ ഒക്കെ വാങ്ങുമായിരുന്നു.

വേനലിൽ വെളളം കുടിക്കാൻ ഉൾക്കാട്ടിൽ നിന്നും പുറത്തിറങ്ങുന്ന കാട്ടനകൾ കൂട്ടമായി വന്ന് എല്ലാം നശിപ്പിച്ചു.കോവിൽ കടവ് പത്തടിപ്പാലത്തിനു സമീപം യജമാനന്റെ സ്ഥലത്ത് പാട്ടത്തിന് കൃഷി ചെയ്തിരിക്കുന്ന മക്കാ ചോളം കാട്ടുപന്നിക്കൂട്ടം ഉഴുതു മറിക്കുകയും തിന്നു നശിപ്പിക്കുകയും ചെയ്തു.
എന്നാലും കൃഷിയിറക്കൽ നിർത്തിയില്ല…

ഗ്രാമത്തിലിറങ്ങുന്ന ആനക്കൂട്ടം കൃഷി ഒന്നാകെ നശിപ്പിച്ചശേഷമായിരിക്കും പലപ്പോഴും മടങ്ങുക.

കൃഷിയിടത്തിനു ചുറ്റും നാട്ടിയ കുറ്റിയിൽ കയർ കെട്ടി പഴയ ചില്ലുകുപ്പികളും തകര ബക്കറ്റുകളും കർഷകർ തൂക്കിയിട്ടുണ്ട്. കുപ്പികൾ കിലുങ്ങുന്ന ശബ്ദം ശ്രദ്ധിച്ചു വേണം നടക്കാൻ. ആന ഏതു വഴിക്കും എത്താം. രാത്രിയിലാണു വരവു മനസ്സിലാക്കാൻ ഏറെ പ്രയാസം. ഇരുട്ടു വീഴുന്നതോടെ ഏതെങ്കിലും വീട്ടുകാർ ചെറിയ പടക്കങ്ങൾ പൊട്ടിക്കുന്ന ശബ്ദം കേൾക്കാം. പരിസരത്ത് ആനയുണ്ടെന്ന സൂചനയാണിത്. വഴിമാറി നടക്കുക. ആനയ്ക്കു മുന്നിൽപെട്ടാൽ ഓടി രക്ഷപ്പെടാൻ കഴിഞ്ഞെന്നുവരില്ല.

പുരയിടത്തിലെ മാവിലും പ്ലാവിലുമെല്ലാം ആന കുത്തിയ പാടു കാണാം. രാത്രിയാണ് ആനക്കൂട്ടം പറമ്പിലെത്തുക. മുൻകാലുകൾകൊണ്ടു പ്ലാവിൽ ചുറ്റിപ്പിടിച്ച് തുമ്പിക്കൈ തടിയിൽ മുറുക്കി ആന മരം കുലുക്കും. താഴെ വീഴുന്ന ചക്ക ചവിട്ടിയുടച്ചു തിന്നും. ഇളക്കമുള്ള മണ്ണിൽ ആനയുടെ കാൽപാടുകൾ വലിയ വട്ടത്തിൽ പതിഞ്ഞുകിടക്കുന്നതു കാണാം. ഇവിടെയെത്തുന്ന ആനകൾ പൊതുവേ മര്യാദക്കാരാണ്. പറമ്പിലെ മറ്റു ചെടികൾക്കു നാശമുണ്ടാക്കാതെയാണ് ആന മാവിന്റെയും പ്ലാവിന്റെയും സമീപത്തേക്കു നടന്നെത്തുന്നത്.

കൊയ്തു കഴിഞ്ഞാല്‍ കണ്ടത്തിൽ മമ്പയര്‍, ഉഴുന്ന് പോലുള്ള ധാന്യ കൃഷിയും ഉണ്ടാകും.

കോരിയൊഴിക്കുന്ന മഴയിൽ പുഴുങ്ങിയെടുത്ത നെല്ല് ഉണക്കിയെടുക്കുക ദുഷ്‌കരമാണ്. അയൽപക്കത്തുള്ള
ചെറുമികളുടെ സഹായത്തോടെ ചെമ്പു കലത്തിൽ പുഴുങ്ങിയെടുത്ത നെല്ലിനെ മറ്റൊരു ചെമ്പ് പാത്രത്തിലേക്ക് മാറ്റി അടുപ്പിൽ വച്ചു വറുത്തുണക്കും. പിന്നീട് ഉരലിൽ കുത്തി അരിയാക്കിയെടുക്കും. കുറഞ്ഞത് നാലഞ്ചു മണിക്കൂർ പണിയുണ്ട് അരിയായിക്കിട്ടാൻ, അതിനു ശേഷമേ കഞ്ഞിയുണ്ടാക്കാനും പറ്റുകയുള്ളൂ.

വിളവെടുത്താല്‍ പഞ്ഞ മാസത്തേക്കായുള്ള പങ്ക് മാറ്റിവയ്ക്കും, പറമ്പിലെ കിളയോട് ചേർന്നു മുത്താറിയും (പഞ്ഞ പുല്ലു), ചാമയും കൃഷിചെയ്യും, ഇതു
കോളയാടന്‍ കിഴങ്ങ് വട്ടത്തില്‍ മുറിച്ചു ഉണക്കി മണ്‍കലത്തില്‍ സൂക്ഷിച്ചു വയ്ക്കും, കർക്കിടക മാസത്തിൽ ഇതിനെ ഇടിച്ചെടുത്ത പൊടിയിൽ നാളികേരവും ചേർത്തു കപ്പ പുട്ടു ഉണ്ടാക്കും.ഇതേ കിഴങ്ങ്കൊണ്ട് വാട്ട കപ്പയും ഉണ്ടാക്കി ഉണക്കി വയ്ക്കും. കർക്കിടകത്തിൽ വാട്ട കപ്പ പുഴുങ്ങി കഴിക്കും.

കർക്കിടകമാകുമ്പോൾ
ഉലുവയും, അരിയും, തെറ്റാന്‍ കുരുവും, ചദുകുപ്പയും, മുക്കുറ്റിയും, പൂവാം കുറുന്തിലയും, കറുകയും, വെല്ലവും ചേര്‍ത്ത് നന്നായി വേവിച്ചു ഇളം ചൂടോടെ വീട്ടില്‍ വരുന്നവർക്കെല്ലാം ചെല്ലമ്മാൾ വിളമ്പും’. ആ കഞ്ഞിക്കു ഒരു പ്രതേക രുചിയായിരുന്നു.

മുള പൂക്കുമ്പോൾ
മുളയരി വേവിച്ച് വെളളം ഊറ്റിക്കളയാതെയാണ് ചോറ് കഴിക്കാറ്.
ഉപ്പിലിട്ട മാങ്ങയോ ചമ്മന്തിയോ തൊട്ടുകൂട്ടി കഴിക്കും.

ദിവസവും മാറി മാറി ഉണക്കകപ്പ ഇടിച്ചുണ്ടാക്കുന്ന പുട്ട്, അല്ലെങ്കിൽ മുത്താറി കുറുക്ക്, മാങ്ങ അണ്ടി കുറുക്ക്, കുവ്വപ്പൊടി കുറുക്ക്, അങ്ങിനെ പട്ടിണിയില്ലാതെ കർക്കിടകം കഴിഞ്ഞു പോകും. വീടുകളില്‍ വളര്‍ത്തുന്ന ആട്ടിന്‍ പാല്‍ ആയിരുന്നു അന്ന് എല്ലാ വീട്ടിലുമുണ്ടായിരുന്നത്.

മന്നാൻ സമൂഹത്തിന്റെ വിളവെടുപ്പായ കാലാവൂട്ട് മഹോസവത്തിൽ
കോവിൽമല മുത്തിയമ്മ ദേവി ക്ഷേത്രത്തിൽ കൂത്തുപാട്ടും അരങ്ങേറ്റവും കാണാൻ കുടുംബവുമായി ഉത്സവമേളത്തോടെയാണ് പോയത്. കുട്ടികൾക്ക് ചാന്തും കുപ്പി വളയും വാങ്ങിക്കൊടുത്ത് ബലൂണും പീപ്പിയും മേടിച്ച് തിരിച്ചു വരുമ്പോൾ പാതിരാവായിക്കഴിഞ്ഞിരുന്നു.

ഒരു കള്ളക്കർക്കിടകത്തി ലുണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും പെട്ട് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ചെല്ലമ്മാളും രാജപ്പന് താഴെയുള്ള മൂന്ന് പെൺകിടാങ്ങളും ഒലിച്ചു പോയപ്പോഴാണ് ആദ്യമായി തളർന്നു പോയത്. രാജപ്പനേയും കൂട്ടി താൻ കല്ലാർ ഡാമിന്റെ നിർമാണത്തിന് കല്ലു ചുമക്കാൻ പോയിരിക്കുകയായിരുന്നു.
ചേതനയറ്റ മനസ്സുമായി
മണിയാറൻകുടിയിലേക്ക് താമസം മാറ്റി .
നാട്ടുകാരുടെ കാരുണും കൊണ്ട് കിട്ടിയ രണ്ടു മുറിയുള്ള ആസ്ബറ്റോസ് മേഞ്ഞ വീട്ടിൽ പിന്നെ രാജപ്പനേയും കൂട്ടി കഴിഞ്ഞ ഇരുണ്ട ദിനരാത്രങ്ങൾ.. സുജാത വന്നതിൽപ്പിന്നെയാണ് വീടുണർന്നത്.
ഒരു നാൾ ശക്തിയായ മഴക്കൊപ്പമെത്തിയ കാറ്റിൽ ആസ്ബറ്റോസ് ഷീറ്റുകൾ കാറ്റിൽ തെറിച്ചു പോയി. അതിൽപ്പിന്നെ തകരഷീറ്റ് മേഞ്ഞ് ഓലകൊണ്ട് മറച്ചിട്ടാണ് അന്തിയുറങ്ങുന്നത്. ഓർമ്മകൾ മനസ്സിനെ അസ്വസ്ഥമാക്കിയപ്പോൾ ചോയിക്കുട്ടി കെട്ടുപോയ ബീഡിക്കുറ്റിക്ക് ഒന്നുകൂടി തിരികൊളുത്തി. വെളുത്ത പുക അന്തരീക്ഷത്തിൽ കോടമഞ്ഞിന്റെ കൂടെ അലിഞ്ഞു ചേർന്നു

******

കോവിൽമല എസ്റ്റേറ്റിൽ എത്തുമ്പോൾ നേരം നന്നേ ഇരുട്ടിത്തുടങ്ങിയിരുന്നു. മരങ്ങളെല്ലാം അവിടവിടെയായി കടപുഴകി വീണു കിടക്കുന്നു. മരങ്ങൾ വെട്ടിമാറ്റുന്നതിനു വേണ്ടി ദിവസക്കൂലിക്ക് ആളുകളെ ഏർപ്പാടാക്കാൻ ദാമോദരനെയാണ് മുതലാളി ചട്ടം കെട്ടിയിരിക്കുന്നത്. രാജപ്പന്റെ പരാധീനതകൾ കേട്ടപ്പോൾ നാളെ മുതൽ പണിക്കു വരാൻ പറഞ്ഞ് ദാമോദരൻ അവസാന ബസ്സിന് രാജപ്പനെ യാത്രയാക്കി.
ദാമോദരന്റെ കനിവു കൊണ്ട് കിട്ടിയ പണി കൊണ്ട് മക്കൾക്ക് കുറച്ചു ദിവസത്തേക്കെങ്കിലും വയറു നിറയെ ആഹാരം കൊടുക്കാം. അപ്പന് കീറിപ്പറിഞ്ഞ കമ്പിളിപ്പുതപ്പിനു പകരം പുതിയൊരെണ്ണം വാങ്ങിക്കൊടുക്കണം .കൂടെ സുജാതയ്ക്ക് തുളകൾ വീഴാത്ത സ്വച്ചിട്ടാൽ തുറക്കുന്ന കുടയും .. സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചിലേറ്റി ദാമോദരൻ കൊടുത്തയച്ച അരിയും പലചരക്കു സാമാനങ്ങളുമായി വീട്ടിലേക്കു മടങ്ങുമ്പോൾ
കാട്ടിലൊളിച്ച കോടയും മഴയും ലാസ്യഭാവത്തിൽ കുന്നിറങ്ങി വരുന്നുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here