ആഗോള വ്യവസായിയും അറയ്ക്കൽ പാലസ് ഉടമയുമായ ജോയിയുടെ സംസ്കാര ചടങ്ങുകൾ മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ

0
314

 

 ആഗോള വ്യവസായിയും അറയ്ക്കൽ പാലസ് ഉടമയുമായ ജോയിയുടെ സംസ്കാര ചടങ്ങുകൾ മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ പൂർത്തിയായി. മാനന്തവാടി രൂപതയുടെ കത്തീഡ്രൽ പള്ളിയായ കണിയാരം സെന്റ് ജോസഫ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ, കത്തീഡ്രൽ പള്ളി വികാരി ഫാ. പോൾ മുണ്ടോലിക്കൽ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.

പ്രത്യേക വിമാനത്തിൽ ദുബായിൽ നിന്നു വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കോഴിക്കോട് എത്തിച്ച മൃതദേഹം 12 മണിയോടെയാണ് മാനന്തവാടിയിൽ ജോയിയുടെ വസതിയായ പാലസിൽ എത്തിച്ചത്. ജോയിയുടെ ഭാര്യ സെലിൻ, മക്കളായ അരുൺ ജോയി, ആഷ്ലി ജോയി, ജോയിയുടെ പിതാവ് ഉലഹന്നാൻ, സഹോദരൻ ജോണി എന്നിവർക്കൊപ്പം 20 പേർക്കു മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നുള്ളൂ.

രാവിലെ ഏഴേകാലോടെ, കനത്ത പൊലീസ് കാവലിൽ വളരെ കുറച്ചു മാത്രം വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ആരംഭിച്ചു. ഏഴരയോടെ മൃതദേഹം പള്ളിയിൽ എത്തിച്ചു. ചടങ്ങുകൾക്കു ശേഷം, ജോയിയുടെ മാതാവ് ത്രേസ്യയുടെ കല്ലറയോട് ചേർന്നുള്ള കുടുംബക്കല്ലറയിൽ സംസ്കരിച്ചു. എട്ടുമണിയോടെ ചടങ്ങുകൾ പൂർത്തിയി

എംഎൽഎമാരായ ഒ.ആർ.കേളു, ഐ.സി.ബാലകൃഷ്ണൻ എന്നിവർ രാവിലെ അറയ്ക്കൽ പാലസിലെത്തി റീത്ത് സമർപ്പിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി എഡിഎം തങ്കച്ചൻ ആന്റണി റീത്ത് സമർപ്പിച്ചു. കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി, സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ പ്രദേശത്ത് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ ലംഘിക്കുന്നുണ്ടോ എന്നറിയാൻ പൊലീസ് ഡ്രോൺ ഉപയോഗിച്ച് മാനന്തവാടി ടൗണിലും പരിസരങ്ങളിലും നിരീക്ഷണം നടത്തി. കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here