ശിവനയനം’ മോഹന്‍ലാല്‍ പ്രകാശനം ചെയ്യും യുട്യൂബ് ചാനല്‍ ഉദ്ഘാടനം മന്ത്രി എം.വി.ഗോവിന്ദന്‍

0
208

 

കേരളത്തിലെ ആദ്യ പ്രൊഫഷണല്‍ പ്രസ് ഫോട്ടോഗ്രാഫറും ഛായാഗ്രാഹകനും ചലച്ചിത്രസംവിധായകനുമായ ശിവനെ കുറിച്ച് കേരള മീഡിയ അക്കാദമി നിര്‍മിച്ച ശിവനയനം എന്ന ഡോക്യുഫിക്ഷന്‍ മഹാനടന്‍ മോഹന്‍ലാല്‍ ആഗസ്റ്റ് 18 ബുധന്‍ വൈകിട്ട് 4.00ന് റിലീസ് ചെയ്യും. ശിവന്റെ മകനും രാജ്യാന്തരപ്രശസ്തനായ ചലച്ചിത്രകാരനുമായ സന്തോഷ് ശിവനാണ് സംവിധാനം നിര്‍വ്വഹിച്ചത്.

തിരുവനന്തപുരം ഭാരത് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ അക്കാദമിയുടെ പുതിയ യുട്യൂബ് ചാനല്‍ തദ്ദേശസ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനാകും. ശിവനയനത്തിന്റെ രചന പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ വി.എസ്.രാജേഷിന്റേതാണ്. ഐക്യകേരളത്തിന് മുമ്പും പിമ്പുമുളള നാടിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ചാണ് ശിവന്റെ സംഭാവനകള്‍ രേഖപ്പെടുത്തിയത്. എം.ടി.വാസുദേവന്‍ നായര്‍, മോഹന്‍ലാല്‍ എന്നിവര്‍ ഉള്‍പ്പെടെയുളളവര്‍ നടത്തിയ നിരീക്ഷണങ്ങളും ഈ ഹ്രസ്വചിത്രത്തെ വേറിട്ടതാക്കുന്നു. 45 മിനിട്ട് ദൈര്‍ഘ്യമുളള ഈ ഹ്രസ്വചിത്രം ചടങ്ങിന് ശേഷം പ്രദര്‍ശിപ്പിക്കും. അക്കാദമിയുടെ യുട്യൂബ് ചാനലിലും ലഭ്യമാകും.

ശിവനയനത്തിന്റെ പ്രകാശനചടങ്ങില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാപ്രസിഡന്റ് സുരേഷ് വെളളിമംഗലം, സംഗീത് ശിവന്‍, സരിത ശിവന്‍, സ്വരലയ ചെയര്‍മാന്‍ ജി.രാജ്‌മോഹന്‍, ഭാരത് ഭവന്‍ ഡയറക്ടര്‍ പ്രമോദ് പയ്യന്നൂര്‍, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി അഭിജിത് നായര്‍, ദീപപ്രസാദ്, മീഡിയ അക്കാദമി സെക്രട്ടറി എന്‍.പി.സന്തോഷ് എന്നിവര്‍ പങ്കെടുക്കും.

‘മീഡിയ’ ഓഡിയോ മാഗസിന്‍ പ്രകാശനം
കോടിയേരി ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും

കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ ‘മീഡിയ’യുടെ ഓഡിയോ പതിപ്പിന്റെ ഉദ്ഘാടനം സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ കോടിയേരി ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഐ.എ.എസ് മാഗസിന്‍ ഏറ്റുവാങ്ങും. ആഗസ്റ്റ് 19 വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം ഭാരത് ഭവനിലാണ് സമ്മേളനം.

അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനാകും. ജനയുഗം പത്രാധിപര്‍ രാജാജി മാത്യു തോമസ്, കൈരളി ചാനല്‍ ന്യൂസ് ഡയറക്ടര്‍ എന്‍.പി.ചന്ദ്രശേഖരന്‍, സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ.വി.സുധാകരന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാപ്രസിഡന്റ് സുരേഷ് വെളളിമംഗലം, സെക്രട്ടറി അഭിജിത് നായര്‍, ഭാരത് ഭവന്‍ ഡയറക്ടര്‍ പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ പങ്കെടുക്കും.

നിയമസഭാ തിരഞ്ഞെടുപ്പും മാധ്യമങ്ങളുടെ പങ്കും എന്ന വിഷയത്തെ അധികരിച്ചുളള കവര്‍ സ്റ്റോറിയാണ് ഈ ലക്കം മീഡിയ. തൊണ്ണൂറ്റിയഞ്ചു കഴിഞ്ഞ ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമാണ് കവര്‍. 104 പേജുളള മാഗസിന്റെ എല്ലാ ഇനങ്ങളും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കേള്‍ക്കാനാകും. ഇനി മുതലുളള എല്ലാ ലക്കങ്ങളും സമ്പൂര്‍ണ്ണമായി ഓഡിയോ മാഗസിന്‍ ആയിരിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here