ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം പ്രൊഫ. ഡോ. പി ഒ നമീർ ഏറ്റുവാങ്ങി

0
481

നാലാമത് ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം പ്രൊഫ. ഡോ. പി ഒ നമീർ ഏറ്റുവാങ്ങി. ഡോ. കമറുദ്ദീൻ അനുസ്മരണ സമ്മേളനവും പരിസ്ഥിതി പുരസ്ക്കാര സമർപ്പണവും കേരളാ യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസ് ബോട്ടണി ഡിപ്പാർട്ട്മെന്റിൽ ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാൽ നിർവ്വഹിച്ചു. ഇരുപത്തയ്യായിരം രൂപയും, പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്.

പരിപാടിയിൽ ഡോ. കമറുദ്ദീൻ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ബി ബാലചന്ദൻ അദ്ധ്യക്ഷത വഹിച്ചു. ബോട്ടണി വകുപ്പ് മേധാവി ഡോ. ഇ എ സിറിൽ സ്വാഗത പ്രസം​ഗം നടത്തി. ഡോ. കമറുദ്ദീൻ അനുസ്മരണ പ്രഭാഷണം റിട്ട. പ്രിൻസിപ്പൽ സയന്റിസ്റ്റ് ജെഎൻറ്റിബി ജിആർഐ ഡോ. പി എൻ കൃഷ്ണൻ നിർവ്വഹിച്ചു. ‘കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യവും”  എന്ന വിഷയത്തിൽ ഡോ. കമറുദ്ദീൻ സ്മാരക പ്രഭാഷണം കേരളാ കാർഷിക സർവ്വകലാശാല വന്യജീവി ശാസ്ത്ര വിഭാഗം തലവനും, കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജിന്റെ ഡീനുമായ പ്രൊഫ. ഡോ. പി ഒ നമീർ നിർവ്വഹിച്ചു. ഡോ. എസ് സുഹ്റ ബീവി, ഡോ. കമറുദ്ദീൻ ഫൗണ്ടേഷൻ സെക്രട്ടറി സാലി പാലോട് എന്നിവർ പ്രസംഗിച്ചു.

കഴിഞ്ഞ  മൂന്ന് പതിറ്റാണ്ടുകളായി അന്തർ ദേശീയ അക്കാദമിക ബോഡികളിലടക്കം ജൈവ-പരിസ്ഥിതി മേഖലകളിലെ വിവിധ തലങ്ങളി‍ലെ സംഭാവനകൾ കൂടി കണക്കിലെടുത്താണ് ബഹുമതി. അന്തരിച്ച പ്രമുഖ പരിസ്ഥിതി സമര നായകനും കേരള യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം റീഡറുമായിരുന്ന ഡോ. കമറുദ്ദീന്റെ ഓർമക്കായാണ് ഡോ. കമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവഴ്സിറ്റി കൺസർവേഷൻ (കെഎഫ്ബിസി) 2020 മുതൽ ഈ പുരസ്കാരം ഏർപ്പെടുത്തിയത്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, ആതിരപ്പള്ളി വാഴച്ചാൽ സമരനായിക ഗീത വാഴച്ചാൽ, പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തക ദയാബായി എന്നിവർ മുൻവർഷങ്ങളിൽ ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരത്തിന് അർഹരായിട്ടുണ്ട്.

ദേശീയ, അന്തർദേശീയ തലങ്ങളിൽ അറിയപ്പെടുന്ന അക്കാദമീഷ്യനും ശാസ്ത്രജ്ഞനുമാണ് ഡോ. പി ഒ നമീർ. പശ്ചിമഘട്ട  ജൈവവൈവിധ്യ സംരക്ഷണ മേഖലയിൽ തനതായ സംഭാവനകൾ നൽകിയ വ്യക്തികൂടിയാണ് അദ്ദേഹം. സംസ്ഥാനതല തണ്ണീർത്തട മോണിറ്ററിംഗ് കമ്മിറ്റി എക്സ്പേർട്ടായി പ്രവർത്തിക്കുന്ന നമീറിന്റെ ശ്രമഫലമായാണ് കേരളത്തിലെ കോൾ നിലങ്ങൾ “രംസാർ ” സംരക്ഷണ പട്ടികയിൽ ഇടംപിടിച്ചത്. കേരളത്തിൽ ആദ്യമായി പക്ഷികളുടെ  അറ്റ്ലസും, ഇന്ത്യൻ സസ്തനികളുടെ ചെക്‌ലിസ്റ്റും തയ്യാറാക്കി. ചാലക്കുടിപ്പുഴയുടെ നീർമറിപ്രദേശത്തെ മാപ്പിങ് നടത്തുക വഴി നാല് ജില്ലകളുടെ കാർഷിക ഭൂപടത്തെ പുനർനിർണയിക്കാനും സഹായിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം പ്രാദേശികമായി മനസ്സിലാക്കാൻ അദ്ദേഹം തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ കാർബോഫുട്ട് 2023, മറ്റൊരു ശ്രദ്ധേയമായ സംഭാവനയാണ്. ഒരു രാജ്യമോ, പ്രദേശമോ, വ്യക്തിയോ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ ശരാശരി അളവിനെ സൂചിപ്പിക്കുന്ന കാർബൺ ഫുട്ട് പ്രിന്റിനെ തിട്ടപ്പെടുത്താൻ ഉപയോഗിക്കുന്ന മൊബൈൽ ആപ്പ് ആണ് കാർബോഫുട്ട്.

1990 മുതൽ ഏഷ്യൻ നീർപക്ഷികളുടെ സെൻസസ് സംസ്ഥാനതല കോഡിനേറ്ററായും 2000 മുതൽ ഇന്ത്യൻ പക്ഷിസംരക്ഷണ ശൃംഖലയുടെ (IBCN) സംസ്ഥാന കോഡിനേറ്ററായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇതിലൂടെ സംസ്ഥാനത്തെ 35 പക്ഷി-ജൈവവൈവിധ്യമേഖലകൾ  ഐബിഎഎസ് (Bird and Biodiversity Areas) സംരക്ഷണപ്പട്ടികയിൽ ഇടം നേടുകയുണ്ടായി. തെക്കനേഷ്യൻ രാജ്യങ്ങളിലെ ചെറു സസ്തനികളുടെയും ഉഭയജീവികളുടെയും സംരക്ഷണത്തിനായി ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ന്റ് നാച്ച്യൂറൽ റിസോഴ്‌സസിന്റെ (ഐയുസിഎൻ) സഹായത്തോടെ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ അന്തർദേശീയ ശ്രദ്ധ നേടിയവയാണ്. ഡോ. കമറുദ്ദീൻ മുന്നോട്ടുവച്ച പരിസ്ഥിതി, ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക്  ശാസ്ത്രീയമായി ഉജ്ജ്വല മാനം നൽകിയ വ്യക്തിത്വം കൂടിയാണ് ഡോ. പി ഒ നമീർ.

LEAVE A REPLY

Please enter your comment!
Please enter your name here