നാഗവല്ലി ഒരു നർത്തകി ആയിരിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചപ്പോൾ തന്നെ മനസ്സിലേയ്ക്ക് ആദ്യം വന്ന മുഖം ശോഭനയുടേതാണ്’

0
560

അഭിമുഖം / ഫാസില്‍ / ഭാഗം-2
പി.ജി.എസ് സൂരജ്

കിഴക്കിന്‍റെ വെനീസിലേയ്ക്ക് വ്യാപാരത്തിനായി വന്ന ഒരു തമിഴ് കുടുംബത്തിലെ ഇളമുറക്കാരൻ മലയാളത്തിലെ വെള്ളിത്തിരയിൽ സ്വപ്നങ്ങൾ വിറ്റ കഥയാണ് ഫാസിലിന്‍റെ ജീവിതം. അതുകൊണ്ടുതന്നെ ഫാസിലിനെ സ്വപ്നങ്ങളുടെ വ്യാപാരി എന്ന് വിശേഷിപ്പിക്കാം. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് ഫാസിലിന്‍റെ  മുത്തച്ഛൻ വ്യാപാരത്തിനായി ആലപ്പുഴയിൽ എത്തിയത്. പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. ബാപ്പയും മറ്റുള്ളവരും വ്യാപാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഫാസിൽ വെള്ളിത്തിരയിലൂടെ ചിറകടിച്ചുയരുകയായിരുന്നു. എത്രയോ സിനിമകളിലൂടെ അദ്ദേഹം മലയാളികളെ സ്വപ്നലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഫാസിൽ മലയാളത്തിന് സമ്മാനിച്ച മികച്ച സൃഷ്ടികളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. കലാപരമായും കച്ചവട പരമായും സിനിമാ ചരിത്രത്തിൽ ഇടം നേടിയ മണിച്ചിത്രത്താഴ് 27 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.
(രണ്ടാം ഭാഗം)

കർണ്ണാടക സംഗീതത്തിലധിഷ്‌ഠിതമായ ഈ സംഗീതം ചിട്ടപ്പെടുത്തണമെങ്കിൽ ആ കാലത്തു ഒരൊറ്റ ആളെ  ഉണ്ടായിരുന്നുള്ളു. സാക്ഷാൽ എം.ജി രാധാകൃഷ്ണൻ. കഥ കേട്ടയുടൻ എം. ജിരാധാകൃഷ്ണൻ പറഞ്ഞത് ഞാൻ ഈ സിനിമ ചെയ്യുന്നില്ല എന്നായിരുന്നു. കഥകേൾക്കുമ്പോൾ തന്നെ തലപെരുക്കുന്ന വട്ടടിപ്പിക്കുന്ന ഈ കഥ നീ എങ്ങനെ സിനിമയായി എടുത്തു ഫലിപ്പിക്കുമെന്നാണ് ചേട്ടൻ എന്നോട് ചോദിച്ചത്. ജനത്തിന്റെ തലമണ്ടയ്ക്ക് താങ്ങാൻ കഴിയാത്ത ഈ സിനിമ എടുത്താൽ ഉറപ്പായും പരാജയപ്പെടും അതുകൊണ്ടു തന്നെ ഞാൻ ഈ സിനിമയിൽ സംഗീതം ചെയ്യില്ലെന്നും ചേട്ടൻ പറഞ്ഞു. ആ കാലത്ത് അങ്ങനെയൊരു കഥ കേൾക്കുന്നവരെ സംബന്ധിച്ച് അത് തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. വളരെ പണിപ്പെട്ടാണ് ഞങ്ങൾ വീണ്ടും ചേട്ടനെ അനുനയിപ്പിച്ചുകൊണ്ടു പാട്ടുകൾ ചിട്ടപ്പെടുത്തിയത്.

ചിത്രീകരണം പൂർത്തിയാക്കിയതിനു ശേഷം റീ റിക്കോർഡ് ചെയ്യാനുള്ള ചിത്രത്തിന്‍റെ ഡബിൾ പോസിറ്റിവ് കണ്ടയുടനെ സംഗീത സംവിധായകൻ ജോൺസൺ പറഞ്ഞത് ഈ ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം മുഴുവനും പരബരാഗതമായ സംഗീതോപകരണങ്ങൾ ഉപയോഗിച്ച്മതിയെന്നായിരുന്നു.  ഇന്നും മലയാളത്തിൽ ആ സംഗീതത്തിനെ വെല്ലുന്ന ഒരു ഹൊറർ സംഗീതമില്ല. സാധാരണഗതിയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടാണ് അത്തരം ഭീകരമായ സംഗീതങ്ങൾ സിനിമകളിൽ ചിത്രീകരിക്കുന്നത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു മണിച്ചിത്രത്താഴിനോടുള്ള ജോൺസന്‍റെ സമീപനം. വീണയും മൃദഗവും ഉപയോഗിച്ചുള്ള ജോൺസന്‍റെ സംഗീതമാണ് മണിച്ചിത്രത്താഴിന്‍റെ  ഭീകരത കൂട്ടിയ മറ്റൊരു പ്രധാന ഘടകം. ഒരു മുറയ് വന്ത് പാർത്തായ എന്ന പാട്ടിൽ രാമനാഥൻ വരുന്ന ഒരു ഭാഗമുണ്ട്. അതുവരെയുള്ള രൗദ്രത മാറി ശൃഗാരലാസ്യഭാവങ്ങളാണ് അപ്പോൾ വരേണ്ടത്. അംഗനമാർ മൗലീ മണി എന്ന്തുടങ്ങുന്ന പ്രസ്തുത ഭാഗത്തിൽ ഉപയോഗിച്ചിരിക്കുന്ന സംഗീതം പഴയ തിരുവിതാംകൂറിന്റെ ദേശീയഗാനമായ ‘വഞ്ചിഭൂമി പതേ ചിരം’ എന്ന് തുടങ്ങുന്ന ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു ചിട്ടപ്പെടുത്തിയാതാണ്. തിരുവിതാംകൂറിന്‍റെ ദേശീയ ഗാനമെന്ന നിലയിൽ എപ്പോഴും ഫ്രഷ് ആയിട്ടുള്ള സംഗീതമാണ് ആ പാട്ടിൽ ഉള്ളത്. ആ ഫ്രഷ്‌നസ്സ് ആണ് ഈ പാട്ടിലേയ്ക്ക് എം.ജി രാധാകൃഷ്‌ണേട്ടൻ എടുത്തിരിക്കുന്നത്. പഴമയുടെ സംഗീതം വേണമെന്ന് ഞാൻ ആവിശ്യപെട്ടപ്പോൾ രാധാകൃഷ്ണൻ ചേട്ടൻ ആഹിരി രാഗത്തിൽചിട്ടപ്പെടുത്തിയ ആ സംഗീതമാണ് ഇന്ന് എല്ലാവരെയും അത്ഭുദപ്പെടുത്തുന്ന പുതുമയുള്ള സംഗീതമായി മാറുന്നത്.

നാഗവല്ലിയും ഗംഗയുമാണല്ലോ മണിച്ചിത്രത്താഴിലെ ഏറ്റവും വലിയ പ്രത്യേകതകളിൽഒന്ന് . തിരക്കഥാ രചനയുടെ സമയത്തു തന്നെ നാഗവല്ലിയായി ശോഭന മനസ്സിൽ ഉണ്ടായിരുന്നോ ?

സിനിമയുടെ ചർച്ചകൾ തുടങ്ങി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ നാഗവല്ലി എന്ന കഥാപാത്രത്തിലേക്ക് ഞങ്ങൾ കയറിയിരുന്നു, നാഗവല്ലി ഒരു നർത്തകി ആയിരിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചപ്പോൾ തന്നെ മനസ്സിലേയ്ക്ക് ആദ്യം വന്ന മുഖം ശോഭനയുടേതാണ്. ചിത്രത്തിലൊരിടത്തും നാഗവല്ലിയെ ഞങ്ങൾ കാണിക്കുന്നില്ല. നാഗവല്ലിയുടെ ഒരു പ്രതിബിംബത്തെ മാത്രമാണ് ശോഭനയിലൂടെ കാണിക്കുന്നത്. തിരക്കഥ രൂപപ്പെടുത്തുമ്പോൾ മുതൽ മനസിലേയ്ക്ക് വന്ന ഒരേയൊരു നടി ശോഭന മാത്രമായിരുന്നു. മോഹൻലാൽ ഉൾപ്പെടെയുള്ള ബാക്കി എല്ലാ നടീനടന്മാരുംപിന്നീട് വന്നു ചേർന്നതാണ്.

മണിച്ചിത്രത്താഴ് ചിത്രീകരിക്കുന്നതിനു മുൻപ് സമാനസ്വഭാവത്തിലുള്ള സൈക്കോളജിക്കൽ സിനിമകൾ കണ്ടിരുന്നോ?

സിനിമാ സംബന്ധിയായ ഒരു പഠനവും നടത്തിയിട്ടില്ല എന്നതാണ് വാസ്തവം. അത്തരം സിനിമകൾ കണ്ടിരുന്നെങ്കിൽ ചിലപ്പോൾ ഞങ്ങൾ തെറ്റായ വഴിയിലൂടെ പോയേനെ. ചാത്തനേറ്‌ എന്ന് പറയുന്ന സംഗതി ഒരു സൈക്കിക് ഡിസീസ് എന്ന് സ്ഥാപിക്കാൻ കഴിയുമോ എന്ന അന്വേഷണത്തിലായിരുന്നു ഞങ്ങൾ. മനോരോഗം ബാധിച്ച ഒരു സ്ത്രീ അതീവരഹസ്യമായി സ്വന്തം സാരി കത്തിക്കുബോഴും ക്ലോക് എറിഞ്ഞുടയ്ക്കുന്നതുമൊക്കെ സ്വയം അറിയുന്നുണ്ടോ ഉണ്ടെങ്കിൽ തന്നെ അതൊക്കെ മനശാസ്ത്രവിഭാഗം സമ്മതിച്ചുതരുന്നതാണോ എന്നായിരുന്നു ഞങ്ങളുടെ പ്രധാനാമായ അന്വേഷണം. ക്ലോക്ക് എറിഞ്ഞുപൊട്ടിക്കുന്ന ഗംഗയുടെ കയ്യിൽ ശ്രദ്ധിച്ചു നോക്കിയാൽ കല്ല് കാണാൻ കഴിയും. പിന്നീട് എന്നെകിലും പ്രേക്ഷകന് അത് തിരിച്ചറിയുന്നെകിൽ അറിഞ്ഞോട്ടെ എന്ന് വിചാരിച്ച് തന്നെയാണ് അങ്ങനെയൊരു രഹസ്യം ഞാൻ അതിൽ ഒളിപ്പിച്ചുവച്ചിരിക്കുന്നത്. മണിച്ചിത്രത്താഴ് ഇറങ്ങിക്കഴിഞ്ഞതിനു ശേഷമാണ് സ്പ്ലിറ്റ് പേഴ്സണാലിറ്റി ചർച്ചചെയ്യുന്ന ആൽഫ്രഡ് ഹിച്കോക്കിന്‍റെ  സൈക്കോ എന്ന ചിത്രം ഉണ്ടെന്നൊക്കെ ഞങ്ങൾ ചിന്തിക്കുന്നത്. ഞങ്ങൾക്ക് പറയാനുള്ള വാദങ്ങൾ അടിവരയിട്ടു സ്ഥാപിച്ചെടുക്കാൻ വേണ്ടിയുള്ള പഠനങ്ങളിലാണ് ഞങ്ങൾപ്രധാനമായും ശ്രദ്ധയൂന്നിയിരുന്നത്. മണിച്ചിത്രത്താഴ് എന്ന സിനിമകേരളത്തിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള പാഠ്യപദ്ധയിൽ ഉൾപ്പെടത്തണമെന്ന ആഗ്രഹമെനിക്കുണ്ട് . തിരക്കഥ , അഭിനയം , സംഗീതം, പശ്ചാത്തലസംഗീതം, മേക്കപ്പ്, കലാസവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ എല്ലാ മേഖലകളിലും മികച്ചുനിൽക്കുന്ന ഒരു സൃഷ്ടിയായതുകൊണ്ടു തന്നെ ചലച്ചിത്ര വിദ്യാർഥികൾക്ക് ഈ ചിത്രം ഒരു പാഠപുസ്തകം തന്നെയാണ്. കലാപരമായും ജനകീയമായും എല്ലാ ഘടകങ്ങളും മികച്ചു നിൽക്കുന്ന ചിത്രങ്ങളെയാണ് ശരിക്കും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടത്.

( തുടരും)

LEAVE A REPLY

Please enter your comment!
Please enter your name here