പഴമയും രൗദ്രതയും കൂടിച്ചേര്‍ന്ന  ജോണ്‍സന്‍റെ  മാന്ത്രിക  സംഗീതമില്ലാതെ  മണിച്ചിത്രത്താഴിനെക്കുറിച്ച് ചിന്തിക്കാന്‍  കഴിയില്ല

0
469

അഭിമുഖം / ഫാസില്‍ / ഭാഗം-1 
പി.ജി.എസ് സൂരജ്

കിഴക്കിന്‍റെ വെനീസിലേയ്ക്ക് വ്യാപാരത്തിനായി വന്ന ഒരു തമിഴ് കുടുംബത്തിലെ ഇളമുറക്കാരൻ മലയാളത്തിലെ വെള്ളിത്തിരയിൽ സ്വപ്നങ്ങൾ വിറ്റ കഥയാണ് ഫാസിലിന്‍റെ ജീവിതം. അതുകൊണ്ടുതന്നെ ഫാസിലിനെ സ്വപ്നങ്ങളുടെ വ്യാപാരി എന്ന് വിശേഷിപ്പിക്കാം. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് ഫാസിലിന്‍റെ  മുത്തച്ഛൻ വ്യാപാരത്തിനായി ആലപ്പുഴയിൽ എത്തിയത്. പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. ബാപ്പയും മറ്റുള്ളവരും വ്യാപാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഫാസിൽ വെള്ളിത്തിരയിലൂടെ ചിറകടിച്ചുയരുകയായിരുന്നു. എത്രയോ സിനിമകളിലൂടെ അദ്ദേഹം മലയാളികളെ സ്വപ്നലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഫാസിൽ മലയാളത്തിന് സമ്മാനിച്ച മികച്ച സൃഷ്ടികളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. കലാപരമായും കച്ചവട പരമായും സിനിമാ ചരിത്രത്തിൽ ഇടം നേടിയ മണിച്ചിത്രത്താഴ് 27 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.

മണിച്ചിത്രത്താഴ് എന്ന മലയാളത്തിന്‍റെ എക്കാലത്തേയും വലിയ ദൃശ്യവിസ്മയം തിയേറ്ററുകളിൽ എത്തിയിട്ട് 27 വർഷം പൂർത്തിയാകുകയാണ്. ഇന്നും മണിച്ചിത്രത്താഴ് എന്ന സിനിമയുടെ പ്രസക്തി ഒരു സംവിധായകൻ എന്ന നിലയിൽ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?

സത്യത്തിൽ അത് എന്നെ പലപ്പോഴും അദ്ഭുതപ്പെടുത്തുന്ന ഒരു പ്രസക്തി തന്നെയാണ്. എല്ലാ സിനിമകളും 70 എം.എം ഫിലിം ഫോർമാറ്റിൽ എടുക്കുന്ന ആ സമയത്തു ഞാൻ മണിച്ചിത്രത്താഴ് ചിത്രീകരിച്ചത് 35 എം.എംഫോര്മാറ്റിലാണ്. ദൃശ്യങ്ങൾക്ക് അൽപ്പം പഴമ തോന്നിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്. നാഗവല്ലിയും രാമനാഥനും കാരണവരും ഉൾപ്പെടുന്ന പഴയ കാലഘട്ടത്തിന്‍റെ കഥകൂടി  ചിത്രത്തിൽ ഇതിവൃത്തമാകുന്നതുകൊണ്ടാണ് പ്രധാനമായും 35 എം.എം. ഫോർമാറ്റ് തെരഞ്ഞെടുക്കാൻ കാരണം. എന്നാൽ ആ പഴമ ഇന്നത്തെ തലമുറയെപ്പോലും ശക്തമായി സ്വാധീനിക്കുന്ന പുതുമയായി മാറുന്ന കാഴ്ചയാണ് കാണുന്നത്. സിനിമ റിലീസ് ആയ സമയത്തു ജനിക്കാത്തവര്‍ വരെ മണിച്ചിത്രത്താഴിന്‍റെ  കടുത്ത ആരാധകരാണ്. ഓരോ മലയാളിയ്ക്കും വളരെപ്പെട്ടെന്നു മനസ്സിലാകാൻ കഴിയുന്ന രണ്ടുവിഷയങ്ങളാണ് ഭ്രാന്തും മന്ത്രവാദവും. കേരളത്തിലെ ഓരോ വാർഡുകളിലും ഒരു മനോരാഗിയെങ്കിലും ഉണ്ടെന്നാണ് പറയപ്പെടുന്നത്. വിചിത്രമായ തലങ്ങളിലൂടെസഞ്ചരിക്കുന്ന ഒരു രോഗമാണത്. മനോരോഗത്തിന്‍റെ  തികച്ചും വ്യത്യസ്തമായ ചിത്തഭ്രമം എന്ന (psychosis) അവസ്ഥയാണ് സിനിമയിലൂടെ ഞങ്ങൾ ചർച്ച ചെയ്തത്. ചിത്രഭ്രമം ബാധിച്ച ഒരു മനോരോഗി സാധാരണ മനുഷ്യർക്ക് ചെയ്യാൻ കഴിയാത്ത നിരവധി കഴിവുകൾ ഉള്ള ഒരു വ്യക്തിയായിരിക്കും. അപാരമായ കഴിവുകളിലൂടെയായിരിക്കും ആ വ്യക്തി സഞ്ചരിക്കുക. അത്തരം പുതിയ മനശാസ്ത്രസംബന്ധിയായ അറിവുകളെയും മന്ത്രവാദത്തെയും ഫലപ്രദമായി ബദ്ധപ്പെടുത്തി തികച്ചും യാഥാർഥ്യ ബോധത്തോടെ സിനിമയെ പ്രേക്ഷരുടെ മുന്നിൽ അവതരിപ്പിച്ചതുകൊണ്ടായിരിക്കാം സിനിമ ഇത്രയധികം ശ്രദ്ധിക്കപ്പെടാനുള്ള ഒരുകാരണം. മനഃശാസ്ത്രപരമായ ഇത്തരം അറിവുകൾ ആഴത്തിൽ പരാമര്‍ശിച്ച മറ്റൊരു ചിത്രം മണിച്ചിത്രത്താഴിനു മുൻപ് ഇന്ത്യൻ സിനിമയിൽ ഇറങ്ങിയിട്ടില്ല. കാല ദേശങ്ങളുടെ വ്യത്യാസമില്ലാത്ത ഒരു രോഗമാണ് ഭ്രാന്ത്. ഈ ന്യൂജൻ കാലത്തും വലിയ വ്യത്യാസമൊന്നുമില്ലാതെ എല്ലാ മതവിഭാഗങ്ങളിലും നിർബാധം തുടരുന്ന ഒന്നാണ് മന്ത്രവാദം. ഈ രണ്ടു വിഷയവും ഉള്ളതുകൊണ്ടായിരിക്കാം പുതുമ നശിക്കാതെ ഇന്നും പ്രേക്ഷക മനസ്സിൽ മണിച്ചിത്രത്താഴ് ജീവിക്കുന്നത്. 25 വർഷങ്ങൾ കഴിഞ്ഞിട്ടും മണിച്ചിത്രത്താഴിന്‍റെ ഹെയർ സ്റ്റയിലും മേക്കപ്പും ഡ്രസ്സ്കോഡും ഒന്നും ഔട്ട് ഡേറ്റഡ് ആയിട്ടില്ല എന്നതാണ് സത്യം.

മണിച്ചിത്രത്താഴിനെ ഓർക്കുമ്പോൾ മറക്കാനാവാത്ത വ്യക്തിത്വങ്ങൾ ആരൊക്കെയാണ്?

ഒരിക്കലും വിസ്മരിക്കാനാവാത്ത സംഭാവന നൽകിയ വ്യക്തി തിരക്കഥാകൃത്തായ മധു മുട്ടമാണ്. മണിച്ചിത്രത്താഴിനു മുൻപ് നിരവധി ചിത്രങ്ങൾ ഞാൻ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും എന്‍റെ ചിന്താമണ്ഡലത്തിനു അതുവരെ അപ്രാപ്യമായ ഒരുവിഷയമായിരുന്നു മധു എന്‍റെ  മുന്നിലേയ്ക്ക് ഇട്ടുതന്നത്. ഒരിക്കൽ മധു എന്നോട്ചോദിച്ചു മാഷേ നമുക്ക് ചാത്തനേറിനെക്കുറിച്ചു ഒരു സിനിമ ചെയ്താലോ. കേട്ടയുടൻ തന്നെ ആ വിഷയത്തോട് ഒരു കൗതുകം തോന്നി. പല തവണ ആ വിഷയത്തിലൂടെ ഞങ്ങൾ സഞ്ചരിച്ചു. അതിലേയ്ക്ക് ഇറങ്ങിച്ചെന്നപ്പോൾ കൂടുതൽ സങ്കീർണ്ണതകൾതോന്നി. പല വട്ടം ചെയ്യുന്നില്ല എന്ന് കരുതി മാറ്റി വച്ചു. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞതിനു ശേഷം വീണ്ടുമെടുത്തു തലോടാൻ തോന്നുന്ന ഒരിഷ്ടം ആവിഷയത്തോട് തോന്നി. വല്ലാത്ത ഒരു കുഴപ്പത്തിലാണ് ഞങ്ങൾ ഇറങ്ങിച്ചെന്നിരിക്കുന്നതെന്നു മനസിലായത് വളരെ വൈകിയായിരുന്നു. മൂന്നു വർഷംനീണ്ട ചർച്ചകൾക്കും അന്വേഷണങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിലാണ് ഞങ്ങൾ മണിച്ചിത്രത്താഴിന്‍റെ  തിരക്കഥ പൂർത്തിയാക്കിയത്. മധു മുട്ടത്തിനു അന്ന് സിനിമയുമായി അധിക ബന്ധങ്ങളൊന്നുമില്ലാത്ത കാലമായിരുന്നു. ബന്ധമുണ്ടായിരുന്നങ്കിൽ ചിലപ്പോൾ ഇത്രയും പ്രശ്നമുള്ള ഒരു വിഷയത്തെ മധു സമീപിക്കുമായിരുന്നില്ല. മധു പറഞ്ഞ വിഷയത്തിൽ എവിടെയാണ് കുഴപ്പം ഉള്ളതെന്ന്എന്നിലെ സിനിമക്കാരാനു മനസ്സിലാക്കാൻ കഴിയുമായിരുന്നു. ആ കുഴപ്പത്തെ എങ്ങനെ സോൾവ് ചെയ്യണമെന്നുള്ള ചർച്ചയാണ് മൂന്നു വർഷം നീണ്ടുപോയതു. ഒരേപോലെ ചിന്തിക്കുന്ന രണ്ടുപേർ തമ്മിലുള്ള കൃത്യമായ കെമിസ്ട്രിയാണ് ഞാനും മധുമുട്ടവും തമ്മിലുണ്ടായിരുന്നത്‌. മധു മുട്ടം കഴിഞ്ഞാൽ മണിച്ചിത്രത്താഴിനെ ഏറ്റവും കൂടുതൽ സഹായിച്ചത് സംഗീത സംവിധായകൻ എം.ജി. രാധാകൃഷ്ണനും പശ്ചാത്തലസംഗീതം നിര്‍വഹിച്ച ജോൺസണുമാണ്. ആ പാട്ടുകളും മന്ത്രികമായ പശ്ചാത്തല സംഗീതവും ഇല്ലാതെ നമുക്ക് മണിചിത്രത്താഴിനെക്കുറിച്ചു ചിന്തിക്കാൻ കൂടികഴിയില്ല. പ്രധാനമായും രണ്ടു സന്ദർഭങ്ങളിലൂടെയാണ് മണിച്ചിത്രത്താഴിന്‍റെ  സംഗീതം വികസിക്കുന്നത്. തെക്കിനിയിൽ രാത്രികാലങ്ങളിൽ കേൾക്കുന്ന തേങ്ങൽപോലുള്ള പാട്ടാണ് ആദ്യത്തേത്. ചിലപ്പോൾ അത് ആരോ പാടി നൃത്തം ചെയ്യുന്ന ഒരു പാട്ടുപോലെ തോന്നണം. രണ്ടാമത്തേത് ദുർഗാഷ്ടമി നാളിൽ ഗംഗ പൂർണ്ണമായും നാഗവല്ലിയായി മാറിക്കഴിയുമ്പോൾ ഉള്ള രൗദ്രത നിറഞ്ഞ പാട്ടാണ്.
 ( തുടരും)

LEAVE A REPLY

Please enter your comment!
Please enter your name here