പ്രചോദനമായത് ഇറാനിയന്‍  സിനിമകള്‍ : സക്കറിയ 

0
233

പ്രചോദനമായത് ഇറാനിയന്‍  സിനിമകള്‍ : സക്കറിയ 

സുഡാനി   ഫ്രം  നൈജീരിയ   എന്ന   കന്നിച്ചിത്രത്തിലൂടെ  തന്നെ    മലയാളികള്‍   ഇരു  കയ്യും  നീട്ടി  സ്വീകരിച്ച  സവിധായകനാണ്  സക്കറിയ. ലോകത്ത് സംസാരഭാഷ മാത്രമല്ല, ഫുട്‌ബോള്‍ എന്നൊരു ഭാഷകൂടിയുണ്ടെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു    സക്കറിയയുടെ   ആദ്യ   ചിത്രം   മുന്നോട്ട്  വച്ച  ഏറ്റവും വലിയ  ചിന്ത. മനുഷ്യര്‍ പരസ്പരം ചാര്‍ത്തിക്കൊടുക്കുന്ന എല്ലാത്തരം വേര്‍തിരിവുകളേയും മായ്ച്ചുകളഞ്ഞ് സ്‌നേഹത്തിന്റെ ഭാഷ സംസാരിക്കുന്ന  ഒരു കുഞ്ഞ്   ചിത്രം.   ഫുട്ബോള്‍   എന്ന  കളിയെ   മാധ്യമത്തെ   ഇത്രയും  ഭംഗിയായി  അവതരിപ്പിച്ച  മറ്റൊരു  ഇന്ത്യന്‍  സിനിമയില്ല  എന്നു  തന്നെ പറയാം. സിനിമയിലേയ്ക്ക്   വന്ന   വഴികളെക്കുറിച്ച്   മനസ്സ്  തുറന്നു  സംസാരിക്കുകയാണ്     സക്കറിയ.

” ഡിഗ്രിക്കു പഠിക്കുന്ന സമയം മുതൽ തന്നെ സിനിമ കരിയർ ആക്കണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു ഡിഗ്രി കഴിഞ്ഞു മാസ് കമ്മ്യൂണിക്കേഷൻ പഠിയ്ക്കാൻ തീരുമാനിച്ചത് തന്നെ എങ്ങനെയെങ്കിലും സിനിമയിലേയ്ക്ക് വരണം എന്ന ആഗ്രഹത്തോടെയാണ്. എന്നിലെ കലാകാരന് വളരാൻ വേണ്ട അകമഴിഞ്ഞ പിൻതുണ തന്നത് സ്വന്തം നാടായ വളാഞ്ചേരിയിലെ സ്നേഹമുള്ള നാട്ടുകാരാണ്. എടിയൂർ സർഗ്ഗാലയ എന്ന കലാകൂട്ടായ്മയിലൂടെ കേരളത്തിലങ്ങോളം ഇങ്ങോളം തെരുവ് നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പ്ലസ് ടൂവിന് പഠിക്കുമ്പോൾ തന്നെ ഒന്ന് രണ്ടു ഷോർട്ട് ഫിലിമുകൾ ചെയ്തു. ഹാസ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ചെയ്ത ആ ഷോർട്ട് ഫിലിമുകൾ എല്ലാം നാട്ടിലെ ലോക്കൽ ടീ.വി ചാനലായ ദൃശ്യ കേബിൾ വിഷനിലൂടെ പ്രദർശിപ്പിച്ചു. കുറച്ചുകൂടി സീരിയസായി ഷോർട്ട് ഫിലിമുകളെ സമീപിക്കണമെന്ന് തോന്നിയത് ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ ആണ്”  ഒരു  പ്രമുഖ  മാധ്യമത്തിന്  നല്കിയ  പഴയ  അഭിമുഖത്തിലാണ്      സക്കറിയ  ഇത്  പറഞ്ഞത്.

” ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ അധ്യാപകനായ നൗഷാദ് സർ ആണ് വിഖ്യാത ഇറാനിയൻ സംവിധായകൻ മാജിദ് മജീദിയുടെ സിനിമകളെ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ ലോകപ്രശസ്ത ചിത്രങ്ങളായ ചിൽഡ്രൻസ് ഓഫ് ഹെവൻ, ദി കളർ ഓഫ് പാരഡൈസ് എന്നിവയെല്ലാം കാണുന്നത് അപ്പോഴാണ്. അതുവരെയുണ്ടായിരുന്ന എന്നിലെ സിനിമാ സങ്കൽപ്പങ്ങളുടെ പൊളിച്ചെഴുത്തായിരുന്നു മാജിദ് മജീദിയുടെ സിനിമകൾ. . ഹോം സിനിമ എന്ന രീതിയിൽ ഷോർട്ട് ഫിലിമുകൾ നിർമ്മിച്ചതിനു ശേഷം സി.ഡി കളിലാക്കി വിൽക്കുന്ന ഒരു സമാന്തര സിനിമാ സംസ്ക്കാരം ആ സമയത്തു മലപ്പുറം കോഴിക്കോട് ഭാഗങ്ങളിൽ ഉണ്ടായിരുന്നു. മലപ്പുറത്തെ പേരുകേട്ട ഹോം ഫിലിം മേക്കറായിരുന്നു സലാം കൊടിയത്തൂർ. മലബാറിനുള്ളിൽ സംഭവിക്കുന്ന വിഷയങ്ങളെ ആസ്‌പദമാക്കി ആയിരുന്നു സലാം കൊടിയത്തൂർ പ്രധാനമായും സിനിമകൾ സംവിധാനം ചെയ്തിരുന്നത്. സലാം കൊടിയത്തൂരിന്റെ ഹോം സിനിമകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു മക്കൾ, ഇലയനക്കങ്ങൾ എന്നീ രണ്ടു ടെലീസിനിമകൾ ഞാൻ സംവിധാനം ചെയ്തു. സലാം പടിയത്തൂർ ശരിക്കും നാട്ടിലെ സൂപ്പർ സ്റ്റാർ ആയിരുന്നു. ഗൾഫിലൊക്കെ ചിത്രീകരിച്ച സിനിമകൾവരെയുണ്ടായിരുന്നു. തുടർന്ന് ഞാൻ സംവിധാനം ചെയ്ത റിവോൾഫ് എന്ന ചിത്രം തിരുവനന്തപുരത്തു വച്ച് നടന്ന അന്തരാഷ്ട്ര ഷോർട്ട് ഫിലിം ചലച്ചിത്ര മേളയിൽ ജൂറിയുടെ പ്രത്യക പരാമർശം നേടി.

പി.ജി കഴിഞ്ഞ ഉടൻ തന്നെ ഒരു ഫീച്ചർ സിനിമ ചെയ്യാൻ വേണ്ട തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. തുടർന്ന് എറണാകുളത്തെ ടി. വി .സി ഫാക്ടറി എന്ന പരസ്യചിത്ര കമ്പനിയിൽ അസിസ്റ്റന്റ് ആയി കുറേ നാൾ ജോലി ചെയ്തു. അവിടെ ഇന്നത്തെ പ്രശസ്ത സംവിധായകൻ ജിസ്മോൻ ജോയിയുടെ അസിസ്റ്റന്റ് ആയി നിരവധി പരസ്യ ചിത്രങ്ങളിൽ ജോലിചെയ്തു.

ഒരുപാട് ടെക്‌നീഷ്യന്മാരെയും നടീനടന്മാരെയുമെല്ലാം പരിചയപ്പെടുന്നതു ടി.വി.സി ഫാക്ട്റിയിൽ വച്ചാണ്. സമീർ താഹിറിനെയൊക്കെ ഞാൻ ആദ്യമായ്‌ കാണുന്നത് അന്നാണ്. അവിടെവച്ചു ഒരു ഒമാൻ സിനിമയിൽ അസിസ്റ്റ് ചെയ്യാനുള്ള അവസരം കിട്ടി. സ്‌ക്രിപ്പിറ്റിങ് മുതൽ സ്ക്രീനിംഗ് വരെ ആ സിനിമയുടെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞു എന്നത് വലിയ അനുഭവമായിരുന്നു. ആ ചിത്രത്തിൽ പ്രവർത്തിച്ച അനുഭവ പരിചയവുമായി ഞാൻ ആദ്യത്തെ സിനിമയ്ക്ക് വേണ്ടിയുള്ള തിരക്കഥ ഒരുക്കാൻ വേണ്ട ശ്രമങ്ങൾ തുടങ്ങി. സിനിമാ പ്രവർത്തനങ്ങൾ ചെയ്യാൻ ജോലി ഒരു അഭിഭാജ്യ ഘടകമായിരുന്നു. മാസ് കമ്മ്യൂണിക്കേഷൻ പി.ജി ഉള്ളതുകൊണ്ട് ഒരു സ്വകാര്യ മീഡിയാസ്‌കൂളിൽ അധ്യാപകനായി ജോലിയ്ക്കു കയറി. ജോലിയോടൊപ്പം തന്നെ രണ്ടു മൂന്നു തിരക്കഥകൾ ഞാൻ പൂർത്തിയാക്കി. ഇന്നത്തെ പല താരങ്ങളോടും ഞാൻ ആ കഥകൾ പറഞ്ഞിട്ടുണ്ട്. ആസിഫ് അലിയും പാർവ്വതിയുമൊക്കെ ആ കൂട്ടത്തിൽപ്പെടും. വായിച്ചതിനു ശേഷം തിരക്കഥയ്ക്ക് വളർച്ചയെത്തിയിട്ടില്ല എന്നായിരുന്നു അന്നവർ പറഞ്ഞത്. പിന്നീട് അവർ പറഞ്ഞത് ശരിയാണെന്നു എനിക്കും തോന്നി. എങ്ങനെയെങ്കിലും ഒരു ഫിലിം മേക്കർ ആവാൻ കൊതിച്ചു നടക്കുന്ന ആ സമയത്തു മനസ്സിൽ ഉണ്ടായ ചില കഥകളാണ് അതൊക്കെ. അന്നത് നടക്കാത്തത് വളരെ നന്നയെന്നു പിന്നീട് തോന്നിയിട്ടുണ്ട്”   സക്കറിയ  പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here