ബ്ലസി ചിത്രങ്ങളിലൂടെ ഒരു യാത്ര – ഭാഗം-3 

0
250

ജീവിതത്തില്‍ വിപ്ലവം ഉണ്ടാകുന്നത് അടിച്ചമര്‍ത്തലുകള്‍ സംഭവിക്കുമ്പോള്‍

ബ്ലസി ചിത്രങ്ങളിലൂടെ ഒരു യാത്ര – ഭാഗം-3

പി.ജി.എസ്  സൂരജ്

ബ്ലസ്സി   തന്‍റെ    കഴിഞ്ഞകാല  ദുരിത ജീവിതത്തെക്കുറിച്ച്   പറയുകയാണ്.
❝ആദ്യ കാലങ്ങളിൽ താരങ്ങളുടെ അടുത്തേയ്ക്കൊക്കെ നമുക്ക് ചെല്ലാൻപോലും കഴിയില്ലായിരുന്നു. ഒരു ആർട്ടിസ്റ്റിന്റെ അടുത്ത്പോയി ഷോട്ട് റെഡി എന്ന് പറയണമെങ്കിൽ തന്നെ മൂന്നോ നാലോ സിനിമകൾ കഴിയണം. ഇരിക്കാൻ ഒരു കസേരപോലും ഇല്ലാതെ ഒരു ദിവസം മുഴുവനും നിന്ന് ജോലി ചെയ്യേണ്ട അവസ്ഥ ആയിരുന്നു. ആദ്യകാലങ്ങളിൽ ഒക്കെ ഷൂട്ട് കഴിയുമ്പോൾ കാലൊക്കെ മന്ത് രോഗം വന്നതുപോലെ നീര് വന്നു വീർത്തിരുന്നു. നമ്മളുടെ മുന്നിൽ നിൽക്കുന്ന ആളുകളെയൊക്കെ എഴുന്നേറ്റു നിന്ന് ബഹുമാനിക്കേണ്ട ഒരു കാലമായിരുന്നു അത്.  ഭകഷണത്തിനു വേണ്ടി പ്ളേറ്റുമായി ചെല്ലുമ്പോൾ ജോലി ചെയ്തവർ ആദ്യം കഴിക്കട്ടെ എന്നുവരെ പറഞ്ഞിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാനായി മദ്രാസിൽ പോയി കുടിയേറിയിട്ടു അവസാനം ഒന്നും ആകാതെ നിൽക്കുന്നവൻ ആയിരിക്കും  ഭക്ഷണം  വിളമ്പുന്നത്. അവന്‍റെ നിരാശയും അരിശവുമെല്ലാം തീർക്കുന്നത് നമ്മളോടായിരിക്കും❞ ബ്ലസിയുടെ   മുഖത്ത് ആ പഴയ കാലം തെളിഞ്ഞു വരികയാണ്.  ❝എന്നാല്‍  എന്നിലുള്ള  വേദനകള്‍ക്കെല്ലാം ആദ്യ ചിത്രമായ  കാഴ്ച്ചയുടെ  റിലീസ്  വരെ  മാത്രമേ   ആയുസ്സ്  ഉണ്ടായിരുന്നുള്ളൂ.

ദേശാടനം എന്ന സിനിമയ്ക്ക് ശേഷം ന്യൂ ജനറേഷൻ സിനിമ എന്ന ബാനറിനു വേണ്ടി സിനിമ ചെയ്യാൻ ജയരാജ് എന്നോട് പറഞ്ഞിരുന്നു.എന്‍റെ  ചെറിയ പ്രായം മുതൽ തന്നെ ഫിലിം സൊസൈറ്റികളും പതിനാറു എം.എം പ്രോജെക്ടറുകളും ഒക്കെ ഒരുപാട് കണ്ടു ശീലിച്ചതാണ്. ദൃശ്യ എന്ന പേരിൽ ഞാൻ തിരുവല്ലയിൽ നടത്തിക്കൊണ്ടിരുന്ന ഫിലിം സൊസൈറ്റി അതേപേരിൽ തന്നെയാണ് കാഴ്ചയിൽ ഉപയോഗിച്ചിരിക്കുന്നത്. ദേശാടനത്തിനു ശേഷം വരുന്ന സിനിമ എന്ന് പറയുമ്പോൾ തന്നെ അതിനു വ്യത്യസ്തമായ മാനങ്ങൾ വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഒരു മികച്ച വിഷയത്തിനായുള്ള  നീണ്ട ആലോചനകൾക്കു ശേഷമാണ് കാഴ്ചയുടെ കഥയിലേക്ക്‌ ഞാൻ എത്തുന്നത്. നിലാവുള്ള രാത്രിയിൽ ഒരു കായൽക്കരയിൽ കെട്ടിയിരിക്കുന്ന വള്ളവും ആ വള്ളത്തിന്റെ അറ്റത്തു കയറി ഇരിക്കുന്ന ഒരു കുട്ടിയും മുകളിൽ വലിച്ചു കെട്ടിയിരിക്കുന്ന സ്‌ക്രീനിൽ നിന്നും കായലിൽ വരുന്ന പ്രതിബിംബവും എല്ലാം കൂടി ചേർന്ന ഒരു ഫ്രെയിം  ആണ് ആദ്യം മനസിലേയ്ക്ക് വന്നത്. അവിടെ നിന്നാണ് കാഴ്ചയുടെ കഥ മനസിൽ തെളിയുന്നത്. ഒരു അനാഥബാലനും ഫിലിം ഓപ്പറേറ്ററും തമ്മിലുള്ള ബന്ധമായിരുന്നു കഥ ആലോചിക്കുമ്പോൾ മനസിലേയ്ക്ക് കടന്നുവന്നത്.

പിന്നീടാണ് ഗുജറാത്തു ഭൂകമ്പത്തിൽനിന്നും ഉറ്റവരെ നഷ്ട്ടപെട്ട ഒരുബാലന്‍റെ  കഥയാക്കാം എന്ന് തീരുമാനിക്കുന്നത്. കാഴ്ചയുടെ കഥ കേട്ടവർ പറഞ്ഞ പ്രധാന പ്രശ്നം രണ്ടു ഭാഷകളുടെ കൂടിച്ചേരലായിരുന്നു. എല്ലാ ഭാഷകൾക്കും അതീതമായ ഒരുദൃശ്യ ഭാഷ സിനിമയ്ക്ക് ഉണ്ട് എന്ന തിരിച്ചറിവാണ് കാഴ്ചയുടെ തിരക്കഥ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. മമ്മൂക്ക  എന്ന  മഹാനടന്‍   സമ്മതം  മൂളിയില്ലായിരുന്നെകില്‍  കാഴ്ച  എന്ന  സിനിമ  സംഭവിക്കില്ലായിരുന്നു.  കാഴ്ചയുടെ നിർമ്മാതാവായ നൗഷാദും സുഹൃത്ത് സേവി മനോ മാത്യുവും കൂടെചേർന്ന് എറണാകുളത് ഒരു റെസ്റ്റോറന്റ് പണികയുകയുണ്ടായി. ആ റെസ്റ്റോറന്റിന്റെ ഇന്റീരിയർ ഡിസൈനിങ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്തത് ഞാനായിരുന്നു. ആ ജോലിക്കിടയിൽ ആണ് ഞാൻ സേവ്യറിന്റെ അടുത്ത് കാഴ്ചയുടെ കഥ പറയുന്നത്. എനിക്ക് കഥ പറയാൻ അറിയില്ല എന്ന് വ്യക്തമായി അറിയാവുന്ന ആളുകൾ ആണ് ഇവർ രണ്ടുപേരും.

റെസ്റ്റോറന്റിന്റെ ഉദ്ഘാടന വേളയിൽ പ്രശസ്ത നിർമ്മാതാവ് സിയാദ്കോക്കർ പങ്കെടുത്തിരുന്നു. ഉദ്ഘാടനം കഴിഞ്ഞു അദ്ദേഹം ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ കാഴ്ചയുടെ കഥ പറഞ്ഞു. സിയാദ് ഇക്കയ്ക്കു കഥ നന്നായി ഇഷ്ട്ടപെട്ടു. എനിക്ക് കഥ പറയാനുള്ള പ്രശ്നം ഉള്ളതുകൊണ്ട് തന്നെ ഞാൻ സിയാദ് ഇക്കയുമായിട്ടാണു മ്മൂക്കയെ കാണാൻ പോകുന്നത്. അന്ന് കെ.മധു സംവിധാനം ചെയ്യുന്ന സേതുരാമയ്യർ സി.ബി.ഐ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഞങ്ങൾ മമ്മൂക്കയെ കാണാൻ പോകുന്നത്. മമ്മൂക്കയുമായി ഞാൻ മുൻപ് ഒന്ന് രണ്ടു സിനിമകളിൽ ജോലിചെയ്തിട്ടുണ്ട് എങ്കിലും അത്ര വലിയ അടുപ്പം ഒന്നുമുണ്ടായിരുന്നില്ല. സിയാദ്ഇക്ക കഥ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ സിയാദ് ഇവിടെയിരിക്കു എന്ന്  പറഞ്ഞ് മമ്മൂക്ക എന്നെ മറ്റൊരു സ്ഥലത്തു കൊണ്ടുപോയി കഥ പറയിപ്പിച്ചു. എങ്ങനെയാണ് ഞാൻ മമ്മൂക്കയോട് കഥ പറഞ്ഞതെന്നൊന്നും എനിക്ക് അറിയില്ല. വിക്കിയും മൂളിയും എങ്ങനെയൊക്കെയോ ഞാൻ കഥ പറഞ്ഞൊപ്പിച്ചു. കഥ ഒറ്റയിരിപ്പിനു കേട്ടതിന്ശേഷം ഇത് ആര് എഴുതും എന്ന് മമ്മൂക്ക എന്നോട് ചോദിച്ചു. അന്ന് ലോഹിതദാസ്  ഉൾപ്പെടെയുള്ള പലരുടെയും പേരുകൾ ഞാൻ പറഞ്ഞു. അപ്പോൾ മമ്മൂക്ക എന്നോട് പറഞ്ഞത് ഇപ്പോൾ നീ എന്നോട് എങ്ങനെയാണോ കഥ പറഞ്ഞത് അതുപോലെ തന്നെ അങ്ങ് എഴുതിയാൽ മതി എന്നാണ്. അങ്ങനെയാണ് ഞാൻ തന്നെ തിരക്കഥ എഴുതാം എന്ന് തീരുമാനിക്കുന്നത്.

നമ്മുടെ ജീവിതത്തിൽ എപ്പോഴും ഒരു വിപ്ലവം ഉണ്ടാകുന്നത് ഒരുപാട് അടിച്ചമർത്തലുകൾ സംഭവിക്കുമ്പോൾ ആണ്. അടിച്ചമർത്തപ്പെടുന്ന സാഹചര്യത്തിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുപ്പോൾ ആണ് പല നല്ല കാര്യങ്ങളും സംഭവിക്കുന്നത്. ആഗ്രഹിച്ചാല്‍ ലോകം തന്നെ കീഴടക്കാന്‍  കഴിയും എന്നൊക്കെ പറയുന്നതും അതുകൊണ്ടാണ്. ആദ്യ സിനിമ വിജയകരമായി സംഭവിച്ചു കഴിഞ്ഞാൽ പിന്നീട് ഞാൻകഥ പറയുമ്പോൾ സംഭവിക്കുന്ന ഞരങ്ങലും മൂളലും വിക്കലുംഎല്ലാം പുതിയ മാനങ്ങളായിട്ടാണ്  പരിണമിക്കുന്നത്.മമ്മൂക്ക എന്നോട് എഴുതാൻ പറഞ്ഞെങ്കിലും എഴുതുവാനുള്ള ധൈര്യം എനിക്കപ്പോഴും വന്നിട്ടില്ലായിരുന്നു.ഞാൻ വീണ്ടും പലരെയും സമീപിച്ചു. വെറുതെ ഒരു ഭാര്യ യുടെ തിരക്കഥാകൃത്തായ കെ.ഗിരീഷ്‌കുമാർ , അനന്തപദ്മനാഭൻ, പി.എഫ് മാത്യൂസ് തുടങ്ങിയവരെയൊക്കെ ഞാൻ സമീപിച്ചിരുന്നു. ഭാഗ്യവശാൽ അവരെല്ലാരും തന്നെ തിരക്കിലായിരുന്നതുകൊണ്ടു ഞാൻ തന്നെ വീണ്ടും എഴുതി തുടങ്ങുകയായിരുന്നു.❞

( തുടരും)

LEAVE A REPLY

Please enter your comment!
Please enter your name here