എ.ആര്‍ റഹ്മാനെ അവഗണിച്ചത്തില്‍  കടുത്ത പ്രതിഷേധം രേഖപ്പെടുത്തി നിര്‍മ്മാതാവ് കെ.ടി  കുഞ്ഞുമോന്‍

0
277

എ.ആര്‍ റഹ്മാനെ അവഗണിച്ചത്തില്‍  കടുത്ത പ്രതിഷേധം രേഖപ്പെടുത്തി നിര്‍മ്മാതാവ് കെ.ടി  കുഞ്ഞുമോന്‍

ഇന്ത്യൻ സിനിമക്കും ലോക സിനിമയ്ക്കും അഭിമാനമായ അതുല്യ  കലാകാരന്‍  എ.ആര്‍  റഹ്മാനെ  ഹിന്ദി സിനിമാലോകം  അവഗണിച്ചതില്‍    തനിക്കു  കടുത്ത  പ്രതിഷേധമുണ്ടെന്ന്   റഹ്മാന്‍റെ സുഹൃത്തും  നിര്‍മ്മാതാവുമായ   കെ.ടി  കുഞ്ഞുമോന്‍.  തന്നെ സമീപിക്കാൻ എല്ലാവർക്കും വാതിൽ തുറന്നിട്ടിരിക്കുന്ന റഹമാനെ കുറിച്ച് ഇങ്ങനെയൊരു വാർത്ത കണ്ടപ്പോൾ എനിക്ക് അതിയായ വിഷമമുണ്ടെന്നും  അദ്ദേഹം  പറഞ്ഞു.സോഷ്യല്‍  മീഡിയയിലൂടെ   പങ്കുവച്ച  കുറിപ്പിലൂടെയാണ്    കുഞ്ഞുമോന്‍  ഇത്  പറഞ്ഞത്

കെ.ടി  കുഞ്ഞുമോന്‍റെ  കുറിപ്പിന്‍റെ  പൂര്‍ണ്ണരൂപം:

കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ഏ ആർ റഹ്മാന്റെ ഒരു പ്രസ്‌താവന എന്നെ വളരെ അധികം വേദനിപ്പിച്ചു .റഹ്മാന് പിന്നാലെപോകരുതെന്ന്  പലരും ബോളിവുഡിൽ പ്രചരണം നടത്തുന്നതായും   അപ്പോഴാണ്  എന്തുകൊണ്ടാണ് തന്നെ തേടി നല്ല സിനിമകള്‍ വരാത്തതെന്ന്  മനസിലായത്  എന്നുമായിരുന്നു റഹ്മാന്‍ പറഞ്ഞത് .

എന്നെ സംബന്ധിച്ചിടത്തോളം റഹ്മാൻ എന്റെ സ്വന്തം സഹോദര തുല്യനാണ്.റഹ്‌മാന്റെ വളർച്ചയിൽ ഏറ്റവും അധികം അഭിമാനിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. അതിനുള്ള അവകാശവും എനിക്കുണ്ട്. ഇരുപത്തി ഏഴു വർഷം (1993) മുമ്പ് ഞാൻ നിർമ്മിച്ച ജെന്റിൽമാൻ  എന്ന ബ്രമാണ്ട   സിനിമയിലൂടെ, അതിലെ ഗാനങ്ങളിലൂടെയാണ് റഹ്‌മാൻ ലോക പ്രസിദ്ധി നേടുന്നത്. അതിനു ശേഷം തുടർച്ചയായി എന്റെ തന്നെ സിനിമകളായ കാതലൻ, കാതൽദേശം, രക്ഷകൻ എന്നീ സിനിമകളും അതിലെ ഗാനങ്ങളും റഹ്‌മാന്റെ കീർത്തിക്കും വളർച്ചക്കും പ്രചോദനമായി.പിന്നീട്  ബോളിവുഡിലും ഹോളിവുഡിലും എത്തി സ്വപ്രയത്നത്താലേ പരമോന്നത ബഹുമതിയായ ഓസ്‌കാർ അവാർഡ് നേടിയ ഏ. ആർ. റഹ്‌മാൻ എന്ന കഴിവുറ്റ കലാകാരനെ ചവിട്ടി താഴ്ത്താൻ ബോളിവുഡിലെ ഒരു വിഭാഗം ശ്രമിച്ചു എന്നത് അത്യന്തം ഖേദകരവും പ്രതിഷേധാർഹവുമാണ്. ഞാൻ അതിനെ ശക്തമായി എതിർക്കുന്നു. ഇഷ്ടമുള്ള കലാകാരന്മാരെ വെച്ച് സിനിമ ചെയ്യിക്കുകയോ ചെയ്യാതിരിക്കയോ ആവാം. അത് നിർമ്മാതാക്കളുടെയോ സംവിധായകരുടെയോ അവകാശവും  ഇഷ്‌ടമാണ്‌. പക്ഷെ നല്ല കലാകാരന്മാരെ അവഗണിക്കുന്നതും പുശ്ചിക്കുന്നതും അവരുടെ വളർച്ചയെ തടയുന്നതും  നല്ല പ്രവണതയല്ല.

വ്യക്തിപരമായും കുടുംബപരമായും റഹ്‌മാനുമായി എനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്.റഹ്മാന്റെ വിവാഹത്തിന് അദ്ദേഹത്തിന്റെ ശിരസ്സിൽ ടർബൻ വെച്ച് കൊടുത്ത് അനുഗ്രഹിച്ചത് ഞാനായിരുന്നു. ഇന്നും ലോകത്തെവിടെയും ഏതു പരിപാടികളിലും എന്റെ പടത്തിലെ ഒട്ടകത്തെ കെട്ടിക്കോ, ചിക്കു ബുക്കു റെയിലെ ,മുക്കാലാ മുക്കാബുല , മുസ്തഫാ മുസ്തഫാ , തുടങ്ങിയ പാട്ടുകൾ പാടി കാണികളേയും ശ്രോതാക്കളേയും ആസ്വദിപ്പിച്ചു കൊണ്ട് കൈയ്യടി നേടി സദസ്സിനെ റഹ്‌മാൻ ഉത്സാഹഭരിതമാക്കുന്നതു കാണുമ്പോൾ സന്തോഷിക്കയും അഭിമാനിക്കുകയും ചെയ്യുന്നയാളാണ് ഞാൻ. തന്നെ സമീപിക്കാൻ എല്ലാവർക്കും തന്റെ വാതിൽ തുറന്നിട്ടിരിക്കുന്ന റഹമാനെ കുറിച്ച് ഇങ്ങനെയൊരു  വാർത്ത കണ്ടപ്പോൾ  അതിയായ വിഷമമം തോന്നുന്നു.

എന്റെ സിനിമകളിലൂടെ പ്രശസ്തനായി, ഇന്ത്യൻ സിനിമക്കും ലോക സിനിമയ്ക്കും അഭിമാനമായ അതുല്യനായ  ഏ ആർ റഹമാനെ ഈ വിധം അപമാനിച്ചതിലും അവഗണിച്ചതിലും എനിക്ക്  മറ്റുള്ളവരെക്കാൾ ഏറെ വേദനയുണ്ട്. ഇന്ത്യയിലെ മാത്രമല്ല ലോകത്തെമ്പാടുമുള്ള കോടിക്കണക്കിനു സിനിമാ പ്രേമികളുടെ ആരാധ്യനായ ഏ ആർ റഹ്‌മാൻ ഇനിയും ഒട്ടേറെ ദൂരം സഞ്ചരിച്ചു  ഒട്ടേറെ അംഗീകാരങ്ങളും  പ്രശസ്തിയും നേടണമെന്നാണ് എന്റെ ആഗ്രഹവും പ്രാർത്ഥനയും.

 

LEAVE A REPLY

Please enter your comment!
Please enter your name here