അഭിമുഖം| ഫാസില്‍ – ഭാഗം – 3

പി.ജി.എസ് സൂരജ്

കിഴക്കിന്‍റെ   വെനീസിലേയ്ക്ക്   വ്യാപാരത്തിനായി   വന്ന ഒരു  തമിഴ് തമിഴ് കുടുംബത്തിലെ ഇളമുറക്കാരൻ മലയാളത്തിലെ വെള്ളിത്തിരയിൽ സ്വപ്നങ്ങൾ വിറ്റ കഥയാണ് ഫാസിലിന്‍റെ  ജീവിതം. അതുകൊണ്ടുതന്നെ ഫാസിലിനെ സ്വപ്നങ്ങളുടെ വ്യാപാരി എന്ന് വിശേഷിപ്പിക്കാം. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് ഫാസിലിന്‍റെ  മുത്തച്ഛൻ വ്യാപാരത്തിനായി ആലപ്പുഴയിൽ എത്തിയത്. പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. ബാപ്പയും മറ്റുള്ളവരും വ്യാപാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഫാസിൽ വെള്ളിത്തിരയിലൂടെ ചിറകടിച്ചുയരുകയായിരുന്നു. എത്രയോ സിനിമകളിലൂടെ അദ്ദേഹം മലയാളികളെ സ്വപ്നലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഫാസിൽ മലയാളത്തിന് സമ്മാനിച്ച മികച്ച സൃഷ്ടികളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. കലാപരമായും കച്ചവട പരമായും സിനിമാ ചരിത്രത്തിൽ ഇടം നേടിയ മണിച്ചിത്രത്താഴ് 27 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.

 

ആ സമയത്തെ ദേശീയ അവാർഡുമായി ബന്ധപെട്ടു ശ്രീ.അടൂർ ഗോപാലകൃഷ്‌ണൻ മണിച്ചിത്രത്താഴിനെ വിമർശിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്?

ശരിക്കും സിനിമ കാണാതെയാണ് അദ്ദേഹം അന്ന് ചിത്രത്തെ വിമർശിച്ചത്.മറ്റൊരവസരത്തിൽ അദ്ദേഹം അത് തിരുത്തുകയും ചെയ്തു. ആ സമയത്തെബുദ്ധിജീവികളാരും ഈ സിനിമയെ വേണ്ട രീതിയിൽ വിമർശിക്കാൻ ധൈര്യംകാണിച്ചിട്ടില്ല എന്നതാണ് സത്യം. ആളാവാൻ വേണ്ടി ചിലരൊക്കെ ചുരണ്ടാനും മാന്താനും നോക്കിയിരുന്നു. പക്ഷേ അതൊന്നും വേണ്ട രീതിയിൽ ഏറ്റില്ല എന്നതാണ് സത്യം. ശാസ്ത്രീയമായി നിന്നുകൊണ്ട് കാര്യ കാരണ സഹിതം ഈ സിനിമയെ ആരും വിമർശിച്ചു കണ്ടില്ല.

ഇന്ത്യയിലെ പല ഭാഷകളിൽ ഇറങ്ങിയിട്ടുള്ള മണിച്ചിത്രത്താഴിന്റെ റീമേക്കുകളെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം?

മണിച്ചിത്രത്താഴ് റീമേക്ക് ചെയ്യുന്നതിൽ എനിക്ക് വലിയതാല്പര്യമൊന്നുമില്ലായിരുന്നു. കേരളത്തിലെ ഒരു മനയിൽ പണ്ടുകാലത്തു തഞ്ചാവൂർകാരിയായ ഒരു തമിഴത്തിയെ കൊണ്ടുവന്നു പാർപ്പിച്ചിരുന്നതും ആ തമിഴത്തി തമിഴ് പാട്ട്പാടി നൃത്തം ചെയ്യുന്നതിന്റെയുമൊക്കെ ഒരു സുഖം മറ്റു ഭാഷകളിൽ ഈ കഥ പുനസൃഷ്ടിച്ചാൽ ലഭിക്കുകയില്ല. റീമേക് ചെയ്ത സിനിമകളെല്ലാം ഞാൻ കണ്ടതാണ് അതിന്റേതായ പോരായ്മയകൾ എല്ലാ ചിത്രങ്ങൾക്കും ഉണ്ട്.

മണിച്ചിത്രത്താഴിനു ശേഷം മധുമുട്ടവും താങ്കളും എന്തുകൊണ്ടാണ് മറ്റൊരു സിനിമയിൽ ഒന്നിക്കാത്തത് ?

ഞാനും മധു മുട്ടവുമായി ദുലാരി ഹർഷൻ എന്ന ഒരു ചിത്രം ചെയ്യാനായി ചില ചര്‍ച്ചകളൊക്കെ നടത്തിയിരുന്നു. എന്നാല്‍ അതിന്‍റെ ക്ലൈമാക്സ് എടുത്തുഫലിപ്പിക്കാന്‍ എനിക്ക് കഴിയില്ല എന്ന് തോന്നിയതുകൊണ്ട് തന്നെ ആപ്രോജക്റ്റ് പിന്നീടു ഉപേക്ഷിക്കുയായിരുന്നു. ദുലാരിയും ഹര്‍ഷനും തമ്മിലുള്ള പ്രണയമായിരിരുന്നു ചിത്രത്തിന്‍റെ ഇതിവൃത്തം. കഥപുരോഗമിക്കുന്നതിനിടയില്‍ ഹര്‍ഷന്‍ പ്രണയം ഉപേക്ഷിച്ചു അത്മാന്വേഷണത്തിനായിനാടുവിട്ട് പോകുന്നു. ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ ഹര്‍ഷന് ആത്മസാക്ഷ്ത്കാരം ലഭിക്കുയാണ്. ആതമസാക്ഷത്ക്കാരം എന്ന വികാരം സ്വയം അനുഭവിക്കാന്‍ അല്ലാതെ മറ്റൊരാള്‍ക്ക് അനുഭവിപ്പിക്കാന്‍ കഴിയില്ല.പ്രക്ഷകന് അനുഭവവേദ്യമാക്കാന്‍ കഴിയാത്ത ഒരു ക്ലൈമാക്സ് ആയതുകൊണ്ടാണ്‌ ഞാന്‍ ആ പ്രോജെക്റ്റ്‌ ഉപേക്ഷിച്ചത്. മധു ഒരുപാട് സിനിമായൊന്നും കാണാത്തൊരാൾ ആയിരുന്നു അന്ന്. മധുവിനെ എങ്ങനെ സിനിമയ്ക്ക് വേണ്ടി ഉപയോഗിക്കണം എന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു. ഒരു എഴുത്തുകാരനെഎങ്ങനെ ഉപയോഗികണമെന്നു തീരുമാനിക്കുന്നത് സിനിമയുടെ സവിധായകൻ ആണ്. ഒരുപാട്കഴിവുകൾ ഉള്ള ഒരു എഴുത്തുകാരനാണ്‌ മധു.പക്ഷേ ആ കഴിവുകൾ ഫലപ്രദമായി ഉപയോഗിക്കുന്നത് ഒരു മികച്ച സംവിധായകന്റെ കൂടെ ജോലിചെയ്യുമ്പോൾ ആണ്.

മണിച്ചിത്രത്താഴിനെ മറികടക്കുന്ന ഒരു ഹൊറർ ചിത്രം ഇനി താങ്കളിൽ നിന്നു പ്രതീക്ഷിക്കാമോ?

മണിച്ചിത്രത്താഴ് പൂര്‍ണ്ണമായും ജീവിതത്തിന്‍റെ യഥാര്ധ്യബോധത്തില്‍ നിന്നും ഉണ്ടായ സിനിമയാണ്. എന്നാല്‍ അതൊരു സങ്കല്‍പ്പ കഥ കൂടിയാണ്. സങ്കല്‍പ്പവും യാഥാര്ത്യവും സമാസമം ചേര്‍ന്നൊരു ഹൊറര്‍ ചിത്രം ഇനി എന്നില്‍ നിന്നും ഉണ്ടാവാന്‍ സാധ്യതയില്ല. റിയാലിറ്റിയില്‍ ഉറച്ച് നിന്നുകൊണ്ട് ഫിക്ഷനിലൂടെ കഥ പറഞ്ഞാല്‍ മാത്രമേ മണിച്ചിത്രത്താഴിനെ മറികടക്കുന്നൊരു ചിത്രം എടുക്കാന്‍ സാധിക്കൂ.

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന് ശേഷം താങ്കള്‍ സംവിധാനം ചെയ്ത മാനത്തെവെള്ളിത്തെരിലും ക്ലൈമാര്‍ക്സ് ഭാഗത്തില്‍ സമാനമായ രീതിയിലുള്ള മനോരോഗചികിത്സയാണല്ലോ കാണാന്‍ കഴിയുന്നത്‌?

സത്യത്തില്‍ അത് അറിയാതെ സംഭാവിച്ചുപോയതാണ്. മാനത്തവെള്ളിത്തേര് എന്ന ചിത്രത്തിലേയ്ക്കു എന്നെ നയിച്ചത് സംഗീത സംവിധായകന്‍ റഹ്മാന്റെ സാന്നിദ്ധ്യമാണ്. ഇന്ത്യന്‍ സംഗീത ലോകത്ത് മാറ്റത്തിന്റെ കൊടുംകാറ്റുമായിവന്ന റഹ്മാന്റെ കടുത്ത ആരാധകനായിരുന്നു ഞാന്‍. റഹ്മാന്റെ പാട്ടിനെക്കുറിച്ച് ആഴത്തില്‍ പഠിച്ചപ്പോള്‍ എനിക്ക് കാണാന്‍ കഴിഞ്ഞതു മനോഹരമായ മെലഡിയുടെ സാനിദ്ധ്യമായിരുന്നു. ഏതു തട്ടുപൊളിപ്പന്‍ പാട്ടിലും മെലഡി ഒളിപ്പിച്ചുവയ്ക്കാനുള്ള ആസാധ്യമായ കഴിവ് രഹ്മാനു ഉണ്ടായിരുന്നു.ഉദാഹരണമായി റഹ്മാന്റെ ആദ്യകാല ഹിറ്റ് ഗാനമായ ഊര്‍വസി എന്ന ഗാനമെടുത്തുസ്ലോയില്‍ പാടിയില്‍ അതിലൊരു താരാട്ട് പാട്ട് ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന്മനസിലാവും. ഈ ചിന്തയില്‍ നിന്നാണ് ഞാന്‍ മാനത്തെ വെള്ളിതെരിലെ കഥഉണ്ടാക്കുന്നത്‌. പഴയ നാടന്‍പാട്ടും താരാട്ടുപാട്ടുമൊക്കെ എടുത്തു ആധുനികരീതിയില്‍ മാറ്റം വരുത്തി സ്റ്റേജില്‍ അവതരിപ്പിക്കുന്ന മെര്‍ലിന്‍ എന്ന ഒരു ഗായികയുടെ ജീവിതമാണത്. അവളുടെ ജീവിതത്തെ അവള്‍ അറിയാതെ പിന്‍തുടരുന്ന ഒരു മനോരോഗിയുടെ ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. പക്ഷേ പ്രേക്ഷരുടെ ഇടയില്‍ കാര്യമായ രീതിയില്‍ ചലനം സൃഷ്ട്ടിക്കാന്‍ കഴിയാതെപോയൊരു ചിത്രമായിരുന്നു അത്.

മണിച്ചിത്രത്താഴിന് മുന്‍പും ശേഷവുമുള്ള താങ്കളുടെ സിനിമകളെ എങ്ങനെ വിലയിരുത്തുന്നു?

ഒരു സംവിധായകനെ സംബന്ധിചടത്തോളം ഏതു വിഷയവും അനായാസമായി കൈകാര്യം ചെയ്യാന്‍ തക്ക ഫ്ലെക്സിബിലിറ്റി ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. വ്യത്യസ്തവിഷയങ്ങളിലുള്ള സിനിമകള്‍ എടുത്തു ഫലിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.മൂന്നു പ്രണയചിത്രങ്ങളാണ് ഞാന്‍ മലയാളത്തില്‍ ചെയ്തിട്ടുള്ളത്. മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍, എന്നെന്നും കണ്ണേട്ടന്റെ,അനിയത്തിപ്രാവ് ഈ മൂന്നുചിത്രങ്ങളിലേയും പ്രമേയം വ്യത്യസ്ത അച്ചില്‍ വാര്‍ത്ത‍വയായിരുന്നു. മലയാളത്തില്‍ ആക്ഷന്‍ സിനിമകള്‍ എടുക്കാന്‍ താല്‍പ്പര്യമില്ലാത്തത്കൊണ്ട്തെലുങ്കില്‍ നാഗാര്‍ജുനയെ നായകനാക്കി കില്ലര്‍ എന്ന ചിത്രം ചെയ്തു.മണിച്ചിത്രത്താഴ് എടുത്ത സംവിധായകനാണ് ഹരികൃഷ്ണന്‍സ് എന്ന ചിത്രം എടുത്തതെന്ന് പറഞ്ഞാല്‍ അറിയാമെന്നുള്ളവര്‍ അല്ലാതെ ആരാണ് വിശ്വസിക്കുക.ഒരു സിനിമയുടെ എല്ലാ മേഖലകളും ഒന്നിനൊന്നു മികച്ചു നിന്ന ഒരു ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. പലരും എടുക്കരുതെന്ന് വീണ്ടും വീണ്ടും പറഞ്ഞപ്പോഴും എന്നാല്‍ ഞങ്ങള്‍ എടുത്തു കാണിച്ചുതരാം എന്ന് പറഞ്ഞു കൊണ്ട്എടുത്ത ചിത്രമാണത്. എല്ലാ ലൂപ് ഹോളുകളും അടച്ച ആ തിരക്കഥയില്‍ അത്രയ്ക്ക് ആത്മവിസ്വസമായിരുന്നു ഞങ്ങള്‍ക്ക്.

മണിച്ചിത്രത്താഴ് റിലീസ് ആയതിനു ശേഷം ആദ്യമായി ലഭിച്ച അഭിനന്ദനം ആരുടേതായിരുന്നു?

സത്യത്തില്‍ അതൊരു കോമഡിയാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് കോപ്പി ആയപ്പോള്‍തന്നെ ഞാന്‍ മദ്രാസില്‍ ഒരു പ്രിവ്യു സംഘടിപ്പിച്ചു. ഷോ കഴിഞ്ഞപ്പോള്‍ ആരും ഈ സിനിമ ഒരു സംഭവം ആണെന്നോ തീയേറ്ററില്‍ വന്‍ വിജയമാകുമെന്നോ പറഞ്ഞില്ല.തീയേറ്ററില്‍ ഈ സിനിമ എങ്ങനെ ജനം എടുക്കുമെന്ന് പറഞ്ഞാലേ എന്തെങ്കിലും ഈ സിനിമയെക്കുറിച്ച് പറയാന്‍ കഴിയുകയുള്ളൂ എന്നാണ് സിനിമ കണ്ട പലരും പറഞ്ഞത്.എന്നാല്‍ ഈ ചിത്രം സുപ്പര്‍ ഹിറ്റാകുമെന്ന് എനിക്ക് നൂറു ശതമാനം വിശ്വാസം ആയിരുന്നു.മണിച്ചിത്രത്താഴ് റിലീസായി മൂന്നു ദിവസം കഴിഞ്ഞിട്ടാണ് ഞാന്‍ ചെന്നൈയില്‍ നിന്ന് കേരളത്തില്‍ എത്തുന്നത്‌. ആ ആഴ്ച മണിച്ചിത്രത്താഴ് ഉള്‍പ്പെടെ അഞ്ചു ചിത്രങ്ങളാണ് മലയാളത്തില്‍ റിലീസായിരിക്കുന്നത്.മോഹന്‍ലാലിന്‍റെ കളിപ്പാട്ടം, ഗോളാന്തര വാര്‍ത്തകള്‍ പിന്നെ മറ്റേതോ രണ്ടുചിത്രങ്ങളും. ഞാന്‍ ഡിസ്ട്രിബ്യൂട്ടറെ വിളിച്ചു കാര്യം തിരക്കിയപ്പോള്‍ഏറ്റവും ഒന്നാം സ്ഥാനത്ത് കളിക്കുന്ന സിനിമ മോഹന്‍ലാലിന്റെ കളിപ്പാട്ടംആണ്. രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ മറ്റ് ചിത്രങ്ങള്‍ക്ക്. അഞ്ചാംസ്ഥാനത്താണ്‌ മണിച്ചിത്രത്താഴ്. കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ കഥയാകെ മാറി.എല്ലാ സെന്‍ററുകളിലും മികച്ച അഭിപ്രായം വന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍തിരുവനന്തപുരത്തെ റപ്രസെന്റെറ്റീവ് വിളിച്ചു പറഞ്ഞത് സാറേ ഇവിടുത്തെസ്ത്രീകളിലെല്ലാം നാഗവല്ലി കയറിയെന്നാണ്. ചിത്രം കണ്ടു കഴിഞ്ഞതിനു ശേഷം സംഗീത സംവിധായകന്‍ ഇളയരാജ പറഞ്ഞത് ഈ ചിത്രത്തിന് എന്തുകൊണ്ടാണ് എന്നെ ഫാസില്‍ വിളിക്കാത്തത് എന്നായിരുന്നു. എനിക്ക് ലഭിച്ച ആദ്യത്തെ അഭിനന്ദനവും അവാര്‍ഡുമൊക്കെ ഇളയരാജയുടെ ആ വാക്കുകളായിരുന്നു.
#manichithrathazhu #ilayaraja #A.R.Rahman #DirectorFazil #Interview #MalayalamCinema #MalayalamFilmNews #KeralaVartha #interview #exclusive #story

LEAVE A REPLY

Please enter your comment!
Please enter your name here