മാനവീയം വീഥി : മേയർക്ക് കലാ സാംസ്കാരിക പ്രവർത്തകരുടെ നിവേദനം

0
225

 

സ്മാർട്ട് സിറ്റി തിരുവനന്തപുരം, കേരളാ റോഡ് ഫണ്ട് ബോർഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മാനവീയം വീഥിയുടെ പുനർ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചിരിക്കുകയാണ്. വീഥിയുടെ ഇരുഭാഗങ്ങളിലേയും ചുമരുകളിലായി ലിംഗ കാല ദേശഭേദമെന്യേ കലാകാർ സൗജന്യമായി വരച്ച നിരവധി ചിത്രങ്ങളുണ്ട്. ചിത്രങ്ങൾ ഒരുവിധ കോട്ടവും വരാതെ അതുപോലെ തന്നെ നിലനിർത്താൻ ആവശ്യമായ ഇടപെടൽ ഉണ്ടാകണം. നിലവിലെ ചിത്രങ്ങൾക്കുമേൽ മഞ്ഞ നിറമുള്ള ചായമുപയോഗിച്ച് മാർക്കിങ് നടത്തിയിട്ടുണ്ട്. കലാകാരുടെ പ്രയത്നങ്ങളെ അവമതിയ്ക്കുന്ന അത്തരം നടപടികൾ ഒഴിവാക്കണം. ലളിതകലാ അക്കാദമി അവാർഡ് ജേതാവ് സുമേഷ് ബാല ക്യൂറേറ്റ് ചെയ്തതും വരച്ചതുമായ ചിത്രങ്ങളും ഈ വിധം വികലമാക്കപ്പെട്ടിട്ടുണ്ട്. ഇതേ ഇടത്തിലെ തുടർന്നുള്ള ചിത്ര രചന, ശിൽപ്പകലാ നിർമ്മാണങ്ങൾ എന്നിവകളെല്ലാം നിലവിൽ അത് നിർവ്വഹിച്ച കലാകാർക്ക് മുൻഗണന ലഭ്യമാകുന്ന നിലയിലും സർക്കാർ അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായും ക്രമീകരിക്കപ്പെടണം. പദ്ധതി രൂപരേഖ സ്മാർട്ട് സിറ്റി വെബ് സൈറ്റിലും മാനവീയം വീഥിയിലും പൊതുജനങ്ങൾക്ക് പ്രാപ്തമാകും വിധം പ്രസിദ്ധപ്പെടുത്തണം. പുനർനിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിയ്ക്കുകയും ബന്ധപ്പെട്ട ഘട്ടങ്ങൾ തൽസ്ഥിതി റിപ്പോർട്ടായി മാനവീയം വീഥിയിൽ നോട്ടീസ് ബോർഡ് സ്ഥാപിച്ച് പ്രദർശിപ്പിക്കുകയും വേണം. മാനവീയം വീഥി പുനർ നവീകരണവുമായി ബന്ധപ്പെട്ട് സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് 2018 ൽ നടത്തിയ ബഹുജന നിർദ്ദേശ അഭിപ്രായ സമാഹരണത്തിൽ മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറിയ്ക്ക് ലഭ്യമായ 600 ൽ പരം നിർദ്ദേശങ്ങൾ മേയർക്കും സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിനും കൈമാറിയിരുന്നു. ബന്ധപ്പെട്ട നിർദ്ദേശങ്ങളിൽ ഭൂരിപക്ഷവും രൂപരേഖയിൽ ഉൾപ്പെടുത്തിയ മേയർക്കും സ്മാർട്ട് സിറ്റി അധികൃതർക്കും മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് പ്രസിഡന്റ് വിനോദ് വൈശാഖി സെക്രട്ടറി കെ ജി സൂരജ് എന്നിവരുടെ നേതൃത്വത്തിലെ നിവേദക സംഘം നന്ദി അറിയിച്ചു. ആർട്ടിസ്റ്റ് സുമേഷ് ബാല, ബീന ആൽബർട്ട്, മനു മാധവൻ, ഏ ജി വിനീത്, അരുൺ ബാബു ബി എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here