വിവാഹം വീട്ടിൽ ; സദ്യ വർക്കല പോലീസ് സ്റ്റേഷനിൽ

0
446

വർക്കല: ഹോട്ട്‌സ്പോട്ടായി പ്രഖ്യാപിച്ച വർക്കലയിൽ വിവാഹദിനത്തിൽ വർക്കല സ്റ്റേഷനിലെ പോലീസുകാർക്ക് സദ്യയൊരുക്കി വധൂവരന്മാർ. വിവാഹവേഷത്തിലെത്തി പോലീസുകാർക്ക് സദ്യ വിളമ്പിയും അവർക്കൊപ്പം സദ്യ കഴിച്ചുമാണ് നവദമ്പതിമാർ പുതിയ ജീവിതത്തിലേക്കു കടന്നത്.
വർക്കല ന്യൂ സ്റ്റുഡിയോ ഉടമ വിജയ് വിലാസത്തിൽ വിജയപ്രകാശൻപിള്ളയുടെയും ജയകുമാരിയുടെയും മകൾ ആര്യയും വർക്കല വാച്ചർമുക്ക് ഉദയത്തിൽ ഉദയന്റെയും ജലജയുടെയും മകൻ വിവേകുമാണ് തിങ്കളാഴ്ച വിവാഹിതരായത്. കോവിഡ്-19 പശ്ചാത്തലത്തിൽ വീട്ടിൽ വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു ചടങ്ങുകൾ.
വിവാഹം കഴിഞ്ഞശേഷം വധൂവരന്മാർ അടുത്ത ബന്ധുക്കൾക്കൊപ്പം വർക്കല പോലീസ് സ്റ്റേഷനിലെത്തി.
കോവിഡ്-19മായി ബന്ധപ്പെട്ട് രാപകലില്ലാതെ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം വിവാഹസദ്യ കഴിക്കണമെന്ന വധൂവരന്മാരുടെ ആഗ്രഹമാണ് ഇവരെ സ്റ്റേഷനിൽ എത്തിച്ചത്.
ഇലയിട്ട് വധൂവരന്മാർ തന്നെ പോലീസുകാർക്ക് വിഭവസമൃദ്ധമായ സദ്യ വിളമ്പി. തുടർന്ന് പോലീസുകാർക്കൊപ്പം സദ്യ കഴിച്ചു. സ്റ്റേഷനിലെത്തിയ വധൂവരന്മാർക്കായി പോലീസ് ഉദ്യോഗസ്ഥർ കേക്ക് ഒരുക്കിയിരുന്നു.
എസ്.ഐ. അജിത് കുമാർ, പ്രൊബേഷണറി എസ്.ഐ. പ്രവീൺ, ജനമൈത്രി ബീറ്റ് ഓഫീസർ ജയപ്രസാദ്, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് മധുരം നുകർന്ന ശേഷമാണ് വധുവും വരനും മടങ്ങിയത്.
കോവിഡ്-19 കാലത്ത് ആഹാരത്തിനു ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്ന വർക്കല പോലീസിന്റെ പദ്ധതിയിലേക്ക് 100 പേർക്കുള്ള ഭക്ഷണവും വിവാഹത്തോടനുബന്ധിച്ച് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here