സുനാമി ലോക് ഡൌണിനു ശേഷം ചിത്രീകരണം പൂര്‍ത്തിയാക്കിയ ആദ്യ സിനിമ

0
213

സുനാമി : ലോക് ഡൌണിനു ശേഷം ചിത്രീകരണം പൂര്‍ത്തിയാക്കിയ ആദ്യ സിനിമ

ലോക്  ഡൌണിനു ശേഷം ചിത്രീകരണം പൂര്‍ത്തിയാക്കിയ  സിനിമ  എന്ന   രീതിയില്‍  ശ്രദ്ധ നേടുകയാണ്   സുനാമി. ലാല്‍,  മകന്‍  ലാല്‍  ജൂനിയറും ചേര്‍ന്ന്    സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു  സുനാമി.  ലോക് ഡൌണ്‍   തുടങ്ങുന്നതിന്   മുന്‍പ്  മാര്‍ച്ച് 10 നായിരുന്നു ചിത്രീകരണം  അവസാനിപ്പിച്ചത്.  ബാലു  വര്‍ഗീസ്സ്,  അജു വര്‍ഗീസ്സ്, ലാല്‍,  മുകേഷ്, സുരേഷ്  കൃഷ്ണ  തുടങ്ങിയവരാണ്  ചിത്രത്തിലെ  പ്രധാന  താരങ്ങള്‍. പന്ത്രണ്ടു ദിവസം ബാക്കി നിൽക്കെയാണ് ലോക്ഡൗൺ കാരണം ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ് നിർത്തിവയ്‌ക്കേണ്ടി വന്നത്’. ഇരട്ടിയിലധികം പേർ വേണ്ടിടത്താണ് കേവലം 50 പേരെക്കൊണ്ട് ചിത്രം പൂർത്തിയാക്കിയതെന്ന് ലാൽ പറയുന്നു. ഈ ചിത്രത്തിനായി ഒപ്പം നിന്ന എല്ലാവർക്കും ലാൽ നന്ദി അറിയിക്കുന്നു.

ലാലിന്റെ കുറിപ്പ് വായിക്കാം:

അങ്ങനെ പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കും ഒടുവിൽ ഇന്ന് ഞങ്ങൾ സുനാമി എന്ന ഞങ്ങളുെടെ  സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുകയാണ്. 2020 ഫെബ്രുവരി അവസാനം തൃശൂരിൽ ഷൂട്ടിങ് ആരംഭിക്കുമ്പോൾ ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നത് മാർച്ച് അവസാനം വരെ നീണ്ട് നിൽക്കുന്ന വേണ്ടപ്പെട്ട കുറേപേർ ഒന്നിച്ചുള്ള ഒരു ആഘോഷം എന്നതായിരുന്നു.പക്ഷേ അപ്രതീക്ഷിതമായി വന്ന കൊറോണ വൈറസിന്റെ ആഘാതം ഈ ലോകത്തെ തന്നെ പ്രതിസന്ധിയുടെ ഇരുട്ടിലേയ്ക്കു തള്ളിവിട്ടപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കാനേ ഞങ്ങൾക്കും കഴിഞ്ഞുള്ളൂ. അങ്ങനെ ഷൂട്ടിങ് തീരാൻ 12 ദിവസം ബാക്കി നിൽക്കേ മാർച്ച് പകുതിയോടെ ഞങ്ങൾ സുനാമിയുടെ ചിത്രീകരണം നിർത്തിവച്ചു. പിന്നീട് നടന്നതും സംഭവിച്ചതുമെല്ലാം നമ്മൾ ഓരോരുത്തർക്കും അറിയാവുന്നതാണ്.  പക്ഷേ ഒന്നും എവിടെയും അവസാനിക്കുന്നതല്ലല്ലോ, അതും സിനിമ. തിരിച്ചടികൾക്കും പ്രതിസന്ധികൾക്കും ഇടയിൽ നിന്ന് പോരടിച്ചു  തന്നെയാണ് എന്നും സിനിമ വിജയക്കൊടി പാറിച്ചിട്ടുള്ളത്.  ആ ധൈര്യത്തിൽ നിന്നു കിട്ടിയ ചങ്കൂറ്റം കൊണ്ടുതന്നെയാണ് കോറോണ ഭീതി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ തന്നെ സർക്കാർ നിർദേശങ്ങൾ പാലിച്ചുകൊണ്ട് വീണ്ടും ഷൂട്ടിങ് പുനരാരംഭിക്കാൻ ഞങ്ങൾ തയ്യാറായതും.വാക്കുകളിൽ ഒതുക്കുന്നില്ല, എല്ലാവരോടും ഉള്ള കടപ്പാടും നന്ദിയും.  ആശയക്കുഴപ്പങ്ങളുടെയും ഭീതിയുടെയും നിഴലിൽ നിൽക്കുന്ന ഈ സമയത്ത് സ്വന്തം കുടുംബത്തെ വിട്ടു മാറിനിന്ന് വന്ന് ഈ സിനിമയ്ക്കു വേണ്ടി രാപ്പകലുകൾ അധ്വാനിച്ചതിന്, നൂറോ നൂറ്റിയൻപതോ പേർ ചേർന്ന് ചെയ്യേണ്ട ജോലികൾ വെറും അമ്പത് പേരായി ചേർന്ന്നിന്നു ചെയ്ത് തീർത്ത് ചരിത്രം സൃഷ്ടിച്ചതിന്. നന്ദി , നന്ദി, നന്ദി….

ലാല്‍  ഫേസ്ബുക്കില്‍  കുറിച്ചു.

ലാൽ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ലാലിന്റെ മരുമകൻ അലൻ ആന്റണിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here