വികൃതി

0
506

വികൃതി — ചെറുകഥ

അനിതാ ദാസ്‌

രാവിലെ രാവുണ്ണിനായർ പത്രം വായിച്ചുകൊണ്ട് ഉമ്മറത്തിരിക്കുന്നു. സമീപം ഭാര്യ ഗോമതിയമ്മയും ഉണ്ട്. അവർ ചായ കുടിച്ചു കൊണ്ടിരിക്കുകയാണ്. രാവുണ്ണി നായർ തെല്ലുറക്കെ

“അമേരിക്കയിൽ രോഗികളുടെ എണ്ണം ഒരു
ലക്ഷം കഴിഞ്ഞു”. ഇത് കേട്ട് ഗോമതിയമ്മ നെടുവീർപ്പിടുന്നു.

“ദൈവമേ!! ഇങ്ങനെ പോയാൽ ഇതെവിടെ ചെന്നവസാനിക്കും ”
രാവുണ്ണി നായർ കണ്ണടക്കു മുകളിലൂടെ ഗോമതിയമ്മയെ ഒന്ന് നോക്കി. അപ്പോഴാണ് അവർ അത് ശ്രദ്ധിച്ചത് . മരുമകൾ രേഖ കൊണ്ടുകൊടുത്ത ചായ ഇതേ വരെ അയാൾ കുടിച്ചിട്ടില്ല.
“നിങ്ങൾ ആ ചായ എടുത്തു കുടിക്കു മനുഷ്യാ അത് ആറി തണുത്തിട്ടുണ്ടാവും”.
അയാൾ പത്രം മടക്കി ടീപോ യിലേക്കിട്ടിട്ട് ചായ ഗ്ലാസ്‌ കയ്യിലെടുത്തു.
“എടീ ഗിരീശൻ വിളിച്ചോ??
“ഇല്ല ! ഇന്ന് നാലാം ദിവസമാ. അവൻ വിളിച്ചിട്ട്. റൂമിൽ ഇരിപ്പാ എന്നാ അവള് പറഞ്ഞത്.
ഗോമതിയമ്മ പറഞ്ഞു.
“വേറെ ആരെയെങ്കിലും വിളിച്ചു ചോദിച്ചോ?? ” ആശങ്കയോടെ അയാൾ.. “ആഹ്.. എനിക്കൊന്നുമറിയില്ല.. മുറിക്കു പുറത്തിറങ്ങാതെ ഇരിക്കുന്നോൻ ഫോൺ ചാർജ് ചെയ്തിട്ടുണ്ടാവില്ല .. അതാ വിളിക്കാതെന്നാ അവളു പറയുന്നേ.. അവിടെ മുഴുവൻ കൊണോറ അല്ലിയോ”

ഗോമതിയമ്മ വലിയ കാര്യമായിട്ട് പറഞ്ഞു
“എടീ.. കൊണോറ അല്ല കൊറോണ ”
അയാൾ തിരുത്തി
“ആഹ്ഹ് ! എന്തു കുന്തം ആയാലും ലോകം മുടിഞ്ഞു….! നിങ്ങളറിഞ്ഞോ ? ”
ഗോമതിയമ്മ
“എന്ത് !? “രാവുണ്ണി നായർ ചോദിച്ചു
“ചെന്നാക്കലിലെ മാറിയമ്മേടെ മോൻ ഈ സൂക്കേട് വന്നു അമേരിക്കേല് കെടന്നു മരിച്ചൂന്നെ.. അവിടെ തന്നെ അടക്കി..
” അയ്യോ ! ഞാനറിഞ്ഞില്ല… കഷ്ടയല്ലോ !..നല്ലൊരു പയ്യനായിരുന്നു!” അയാൾ വ്യസനത്തോടെ പറഞ്ഞു

“എന്തു കഷ്ടം .. ആ മറിയാമ്മക്ക് എന്തു പത്രാസായിരുന്നു.. അവൾക്കിതു തന്നെ വേണം.. ഇനിയെങ്കിലും അവള് ഭൂമിയിൽ കൂടി നടക്കുവല്ലോ”
ഗോമതിയമ്മ ഗർവോടെ തലകുലുക്കി കൊണ്ട് പറഞ്ഞു.

രാവുണ്ണി നായർക്ക് ദേഷ്യം വന്നു. അയാൾ ശക്തിയോടെ ഗ്ലാസ്‌ ടീപ്പോയിൽ വച്ചു.
“ഛെ ! നീയിത് എന്തു വർത്തമാനമാ ഈ പറയുന്നത്?? നമ്മുടെ മോനും വിദേശത്താണെന്നോർക്കണം. മൂന്ന് ദിവസമായി അവൻ വിളിച്ചിട്ടെന്നും മറക്കരുത് ”
ഗോമതിയമ്മക്ക് രാവുണ്ണി നായരുടെ ആ വർത്തമാനം തീരെ പിടിച്ചില്ല.
“പിന്നെയ് … അവനൊന്നും വരത്തില്ല. അവൻ എന്റെ മോനാ. ഞാൻ അവനുവേണ്ടിയാ അമ്പലോം പൂജേം ആയിട്ടു നടക്കുന്നെ. ആ മറിയാമ്മേ പ്പോലെ അഹങ്കരിച്ചല്ല ഞാൻ നടക്കുന്നെ.. ”
ഈ സമയം ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ഇരുവരും ആ ഭാഗത്തേക്ക്‌ നോക്കി. ശിവൻ രാവുണ്ണിനായരുടെ അനിന്തരവൻ.
“ശിവനാണല്ലോ എന്താ പതിവില്ലാതെ..” അയാൾ ആത്മഗതം പറഞ്ഞു
ശിവനെ കണ്ട നീരസത്താൽ ഗോമതിയമ്മ ശബ്ദം താഴ്തി പറഞ്ഞു
“കാശു കടം ചോദിക്കാനായിരിക്കും. അല്ലാതെ ഇങ്ങോട്ട് വരുന്നത് വേറെ എന്തിനാ.. ”
അവരുടെ വാക്കുകൾ വക വയ്ക്കാതെ ശിവനെ ഉമ്മറത്തേക്ക് ക്ഷണിച്ചു

“അമ്മാവാ ഇങ്ങോട്ട് വന്നേ ഒരു കാര്യം പറയട്ടെ”
. അല്പം മാറി നിന്നുകൊണ്ട് ശിവൻ പറഞ്ഞു. രാവുണ്ണി വെളിയിലേക്കിറങ്ങി ചെന്നു ഇരിപ്പിടത്തിൽ നിന്നും ഗോമതിയമ്മ എഴുന്നേൽക്കുന്നതുകണ്ട രാവുണ്ണി നായർ അവരോട്
“നീ രേഖയോട് പറഞ്ഞ് ഒരു ചായ എടുക്ക് “

ശിവനെനോക്കി കപട സ്നേഹം നടിച്ചു കൊണ്ട് ഗോമതിയമ്മ
“ഓഹ് ! അവൻ ചായ ഒക്കെ കുടിച്ചിട്ടായിരിക്കും ഇറങ്ങിയത് അല്ലിയോ മോനെ.. ”
അതെ അമ്മായി.. ” ശിവൻ അലസമായി “പറഞ്ഞു.
ഈ സമയം ഉമ്മറത്തെ ശബ്ദം കേട്ട് പുറത്തു വന്ന രേഖ ശിവനെ കണ്ടു.
“ശിവേട്ടനായിരുന്നോ.. ഞാൻ ചായ എടുക്കാം..”
“മം ശരി രേഖെ ”
ശിവൻ പറഞ്ഞു
..അവൾഅകത്തേക്ക് പോയി
ശിവൻ രാവുണ്ണി നായരേ ചേർത്ത് നിർത്തി എന്തോ രഹസ്യമായി പറയുന്നത് കണ്ട് ഗോമതിയമ്മ ചെവി വട്ടം പിടിച്ചു ഒന്നും വ്യക്തമായി കേൾക്കാൻ പറ്റുന്നില്ല. കാശു കടം ചോദിക്കുക തന്നെ അതാ ഇത്ര രഹസ്യം അവർ ഉറപ്പിച്ചു
എന്നാൽ രാവുണ്ണിനായർ നെഞ്ചത്തു കൈവച്ചു വിലപിച്ചു
“ദൈവമേ! നീ ഞങ്ങളോടീ ചതി ചെയ്തല്ലോ…”
അയാൾ തളർന്നു തിണ്ണയിൽ ഇരുന്നു. ഗോമതിയമ്മക്ക് എന്തോ പന്തികേട് തോന്നി അവർ എഴുന്നേറ്റു പുറത്തേക്കു നടന്നു.

“മോനെ നീയിതെങ്ങനെ അറിഞ്ഞു ”
തളർന്ന സ്വരത്തിൽ ശിവനോട് അയാൾ ചോദിച്ചു.
“എന്നോട് തലത്തിലെ ഗോപിയേട്ടനാണ് പറഞ്ഞത്.മൂന്നു ദിവസമായി അവൻ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരുന്നു. ഇന്നലെ രാത്രി ഹാർട്ടറ്റാക് ഉണ്ടായി. അപ്പോൾ തന്നെ…. ”
“എന്റെ പൊന്നുമോനെ.”
. രാവുണ്ണി വിലപിച്ചു
എന്താ എന്താ ഉണ്ടായേ.”
. ഗോമതിയമ്മ “പരിഭ്രാന്തിയോടെ ചോദിച്ചു

“നമ്മുടെ മോൻ മരിച്ചു പോയെടി.. അവനു കൊറോണ ആയിരുന്നു.. ”
വിലപിച്ചു കൊണ്ട്‌ അയാൾ പറയവേ വാതിൽപ്പടിയിൽ ഒരു ചില്ലു ഗ്ലാസ്സുടയുന്ന ശബ്ദം കേട്ടു. ഒരു തേങ്ങലും. രേഖ അകത്തേക്ക് ഓടിപ്പോയി. ഗോമതിയമ്മ ബോധം കേട്ടു വീണു.

…………………………………………….

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here