കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

0
71

തിരുവനന്തപുരം: കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ്. വീരളത്ത്മഠത്തിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളിന്റേയും മകനായി 1932 ജൂലൈ 9-നാണ് ജനനം. യഥാർത്ഥനാമം എസ്.സുകുമാരൻ പോറ്റിയെന്നാണ്.

1957-ൽ പൊലീസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 1987-ൽ വഴുതക്കാട് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് സിഐഡി വിഭാഗത്തിൽ നിന്ന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറായി വിരമിച്ചു. മനഃശാസ്ത്രം മാസികയിൽ 17 വർഷം വരച്ച ‘ഡോ.മനശാസ്ത്രി’ എന്ന കാർട്ടൂൺ കോളം പ്രസിദ്ധമാണ്. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകനാണ്. കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനും സെക്രട്ടറിയുമായിരുന്നു. നർമകൈരളിയുടെ സ്ഥാപകനാണ്. 1996-ൽ ഹാസ്യ സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.


കാർട്ടൂണിസ്റ്റ് സുകുമാറിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം

ഹാസസാഹിത്യരംഗത്തും കാർട്ടൂൺ രചനയുടെ രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനാണ് സുകുമാർ. നർമകൈരളി എന്ന പ്രസ്ഥാനത്തിന്റെ സാരഥിയായി നിരവധി വർഷങ്ങൾ അദ്ദേഹം നടത്തിയ സേവനം എടുത്തു പറയണം.

വിദ്വേഷത്തിന്റെ സ്പർശമില്ലാത്ത നർമമധുരമായ വിമർശനം സുകുമാറിനെ വ്യത്യസ്തനാക്കി. നിശിതമായ വിമർശനം കാർട്ടൂണിലൂടെ നടത്തുമ്പോഴും വ്യക്തിപരമായ കാലുഷ്യം അതിൽ കലരാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധ വെച്ചിരുന്നു.

ഹാസസാഹിത്യ രംഗത്ത് വിലപ്പെട്ട സംഭാവനകളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. കേരളത്തിന്റെ സാംസ്കാരിക രംഗത്തിന് കനത്ത നഷ്ടമാണ് സുകുമാറിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.


 

കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ നിര്യാണത്തില്‍ സ്പീക്കർ അനുശോചിച്ചു.

കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.

തന്റെ വരകളിലൂടെയും എഴുത്തിലൂടെയും മലയാളികളെ ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്ത പ്രതിഭയായിരുന്നു കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍.

സാധാരണക്കാരന് വളരെ പെട്ടന്ന് മനസ്സിലാക്കാവുന്ന തരം വരകളും, വരികളുമാണ് സുകുമാർ എപ്പോഴും രചിച്ചിരുന്നത്.

ഏറെക്കാലം നർമ്മ കൈരളി എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു
അദ്ദേഹം.

കുടുംബാംഗങ്ങളുടെ ദുഖത്തില്‍ സ്പീക്കറും പങ്ക് ചേർന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here